- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയത്തുള്ള അലി ഖമേനിയുടെ മകന്‍ മൊജ്തബ ഖമേനി ഇറാനിലെ പുതിയ പരമോന്നത നേതാവ്; പിന്‍ഗാമിയെ തിരഞ്ഞെടുത്തത് 88 അംഗ പണ്ഡിതസഭ; മൊജ്തബ ഐആര്‍ജിസി ഹബീബ് ബറ്റാലിയന്റെ ഭാഗമായി പ്രവര്‍ത്തിച്ച നേതാവ്; ലോകത്തില്‍ പലയിടത്തും ബിനാമി പേരില്‍ സ്വത്തുക്കള്‍; പിന്‍ഗാമി ആരായാലും വേട്ടയാടുമെന്ന് ഇസ്രായേല്‍
ആയത്തുള്ള അലി ഖമേനിയുടെ മകന്‍ മൊജ്തബ ഖമേനി ഇറാനിലെ പുതിയ പരമോന്നത നേതാവ്

ടെഹ്റാന്‍: ഇസ്രായേല്‍-അമേരിക്കന്‍ ഭീഷണി വകവെക്കാതം ഇറാന്‍ പുതിയ ഭരണത്തലവനെ തിരഞ്ഞെടുത്തു മുന്നോട്ട്. ആയത്തുള്ള അലി ഖമേനിയുടെ പിന്‍ഗാമിയായി മൊജ്തബ ഖമേനിയെ ഇറാനിലെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു. ആയത്തുള്ള ഖമേനിയുടെ രണ്ടാമത്തെ മകനാണ് മൊജ്തബ. പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള 88 അംഗ സമിതിയാണ് അദ്ദേഹത്തെ ആയത്തുള്ള അലി ഖമനേയിയുടെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്. ടെഹ്റാന്‍ സമയം അര്‍ധരാത്രിയോടെയാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇസ്രായേലിന്റെ വധഭീഷണി നിലനില്‍ക്കേയാണ് പുതിയ തീരുമാനം നന്നിരിക്കുന്നത്.
ഈ പ്രഖ്യാപനത്തോടെ രാജ്യത്തെ എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം കൈകൊള്ളുന്നതിനുള്ള അധികാരമാണ് മൊജ്തബയ്ക്ക് ലഭിച്ചിരിക്കുന്നത്. പരമോന്നത നേതാവ് എന്ന പദവി ഇറാനിലെ ഏറ്റവും ഉയര്‍ന്ന രാഷ്ട്രീയ, മതപരമായ അധികാരമാണ്. എല്ലാ രാഷ്ട്രീയ കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കുന്നത് പരമോന്നത നേതാവാണ്. പുതിയ നേതാവിനെ സംബന്ധിച്ച തീരുമാനം വിദഗ്ധ സമിതി എടുത്തിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ആയത്തുള്ള അലി ഖമനേയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് 56-കാരനായ മൊജ്തബ ഖമനേയി. 17-ാം വയസില്‍ ഇറാന്‍ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറില്‍ (ഐആര്‍ജിസി) ചേര്‍ന്ന മൊജ്തബ ഇറാന്‍-ഇറാഖ് യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. ഐആര്‍ജിസി ഹബീബ് ബറ്റാലിയന്റെ ഭാഗമായിരുന്നു മൊജ്തബ. ഇറാന്‍ ഭരണകൂടത്തിലെ പലരും മോജ്തബയെ അദ്ദേഹത്തിന്റെ പിതാവിന്റെ പിന്‍ഗാമിയായി പ്രതീക്ഷിച്ചിരുന്നു.
ഖമേനിയുടെ പിന്‍ഗാമി ആരാണെങ്കിലും അവരെ വേട്ടയാടുമെന്നായിരുന്നു ഇസ്രയേല്‍ മുഴക്കിയിട്ടുള്ള ഭീഷണി. അതുപോലെ തന്നെ ഇറാനിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ തനിക്ക് ഒരു പങ്കുണ്ടാകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ആയത്തുള്ള അലി ഖമനേയിയുടെ മകനായ മൊജ്തബ ഖമനേയി അസ്വീകാര്യനാണെന്നും അദ്ദേഹം ദുര്‍ബലനാണെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
ഇറാനിയന്‍ ഭരണഘടന പ്രകാരം, രാജ്യത്തിന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാന്‍ അധികാരമുള്ളത് 88 അംഗ വിദഗ്ദ്ധ സമിതിക്കാണ്. ഈ സമിതിയിലെ എല്ലാവരെയും വേട്ടയാടുമെന്നും ഇസ്രയേല്‍ സൈന്യത്തിന്റെ ഭീഷണിയുണ്ട്. 'പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാവര്‍ക്കും ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു, നിങ്ങളെയും ലക്ഷ്യം വയ്ക്കാന്‍ ഞങ്ങള്‍ മടിക്കില്ല. ഇതൊരു മുന്നറിയിപ്പാണ്!' ഇസ്രയേല്‍ സൈന്യം ഞായറാഴ്ച പേര്‍ഷ്യന്‍ ഭാഷയില്‍ എക്‌സില്‍ കുറിച്ചു.
ആരാണ് മൊജ്തബ?
ആയത്തുല്ല അലി ഖമേനിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് മൊജ്തബ ഖമനയി. 17-ാം വയസ്സില്‍ ഇറാന്‍ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോറില്‍ (ഐആര്‍ജിസി) ചേര്‍ന്ന മുജ്തബ, ഇറാന്‍- ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തു. ഐആര്‍ജിസിയുടെ ഹബീബ് ബറ്റാലിയന്റെ ഭാഗമായിരുന്നു മുജ്തബ. തീവ്ര ഇസ്ലാമിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഈ ബറ്റാലിയനിലെ അംഗങ്ങളാണ് പിന്നീട് ഇറാന്റെ സുപ്രധാന സുരക്ഷാ, ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ളത്.
സൈനികസേവനത്തിനു ശേഷം 1999 ല്‍ ഇറാന്റെ പ്രമുഖ മതപണ്ഡിതന്മാരെ രൂപപ്പെടുത്തിയെടുക്കുന്ന ഖൂമിലെ ഷിയാ സെമിനാരിയില്‍ മുജ്തബ മതപഠനത്തിന് ചേര്‍ന്നു. അലി ഖമേനിയുടെ അടുത്ത സുഹൃത്ത് അയത്തുള്ള മുഹമ്മദ് തഖി മെസ്ബാ യസ്ദിയായിരുന്നു ഗുരു. ഖൂമിലെ പഠനത്തിനുശേഷമാണ് ഇറാന്റെ ഏറ്റവും സുപ്രധാന അധികാരകേന്ദ്രമായ ഖമനയിയുടെ ഓഫിസിന്റെ ചുമതലയില്‍ മുജ്തബ എത്തുന്നത്.
രണ്ടായിരത്തോടെ മൊജ്തബ പരോക്ഷമായി രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങി. 2005ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മഹമൂദ് അഹ്‌മദി നെജാദിന് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ മൊജ്താബ ഇടപെട്ടിരുന്നതായി പിന്നീട് വെളിപ്പെടുത്തലുകളുണ്ടായി. 2009ല്‍ അഹ്‌മദി നെജാദിന് തുടര്‍ഭരണം സമ്മാനിച്ച തിരഞ്ഞെടുപ്പില്‍ ക്രമക്കേടാരോപിച്ച് രാജ്യവ്യാപകമായി നടന്ന ഗ്രീന്‍ മൂവ്‌മെന്റ് എന്നറിയപ്പെട്ട പ്രക്ഷോഭത്തെയും 2022ല്‍ മഹ്‌സ അമിനിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഹിജാബ് പ്രക്ഷോഭത്തെയും അടിച്ചമര്‍ത്തുന്നതിലും മൊജ്തബ പങ്കുണ്ടെന്ന് കരുതപ്പെടുന്നു.
അതേസമയം ടെഹ്‌റാന്‍ മുതല്‍ ഫ്രാങ്ക്ഫര്‍ട്ട് വരെയും നീളുന്ന ഒരു വലിയ സാമ്പത്തിക ശൃംഖലയാണ് മോജ്തബയ്ക്ക് പിന്നിലുള്ളതെന്ന് റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ലണ്ടനിലെ അതിസമ്പന്നര്‍ താമസിക്കുന്ന 'ബില്യണയര്‍ റോ'യിലെ കൊട്ടാരസദൃശമായ വീടുകള്‍, യൂറോപ്പിലെ വമ്പന്‍ ഹോട്ടലുകള്‍, ദുബായിലെ ആഡംബര വില്ലകള്‍ - ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകന്‍ മോജ്തബ ഖമേനിക്ക് വിദേശരാജ്യങ്ങളില്‍ കോടികളുടെ ആസ്തിയുണ്ടെന്ന് ബ്ലൂംബെര്‍ഗ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
പേര് വെളിപ്പെടുത്താത്ത ഷെല്‍ കമ്പനികള്‍ വഴിയാണ് ഈ നിക്ഷേപങ്ങളെല്ലാം നടത്തിയിരിക്കുന്നത്. ടെഹ്‌റാന്‍ മുതല്‍ ദുബായ് വരെയും ഫ്രാങ്ക്ഫര്‍ട്ട് വരെയും നീളുന്ന ഒരു വലിയ സാമ്പത്തിക ശൃംഖലയാണ് മോജ്തബയ്ക്ക് പിന്നിലുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഔദ്യോഗിക രേഖകളില്‍ മോജ്തബയുടെ പേര് എവിടെയും കാണാനില്ലെങ്കിലും, കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി നടന്ന വമ്പന്‍ ഇടപാടുകള്‍ക്ക് പിന്നില്‍ ഇദ്ദേഹമാണെന്ന് പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു. 2019-ല്‍ അമേരിക്ക ഇദ്ദേഹത്തിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ഇറാനിലെ എണ്ണ വില്പനയിലൂടെ ലഭിക്കുന്ന പണം യുകെ, സ്വിറ്റ്സര്‍ലന്‍ഡ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകള്‍ വഴിയാണ് നിക്ഷേപങ്ങള്‍ക്കായി ഉപയോഗിച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലണ്ടനിലെ ഒരു വസ്തു മാത്രം 2014-ല്‍ 33.7 ദശലക്ഷം യൂറോയ്ക്കാണ് വാങ്ങിയത്. ഈ ആസ്തികളെല്ലാം അലി അന്‍സാരി എന്ന ഇറാനിയന്‍ ബിസിനസുകാരനുമായി ബന്ധപ്പെട്ടതാണ്. അഴിമതിക്കാരനായ ബാങ്കര്‍ എന്ന് വിശേഷിപ്പിച്ച് അലി അന്‍സാരിക്കെതിരെ കഴിഞ്ഞ വര്‍ഷം യുകെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇറാന്റെ വിപ്ലവ ഗാര്‍ഡിന് സാമ്പത്തിക സഹായം നല്‍കുന്നത് അന്‍സാരിയാണെന്നാണ് ആരോപണം. എന്നാല്‍ മോജ്തബ ഖമേനിയുമായി തനിക്ക് വ്യക്തിപരമോ സാമ്പത്തികമോ ആയ യാതൊരു ബന്ധവുമില്ലെന്ന് അന്‍സാരി പ്രതികരിച്ചു.
അതേസമയം ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ ഖമേനിനിയെയും കുടുംബത്തെയും അതീവ ലളിതമായി ജീവിക്കുന്നവരായാണ് ചിത്രീകരിക്കുന്നത്. ഇസ്ലാം മതവിശ്വാസത്തിന്റെയും വിപ്ലവ മൂല്യങ്ങളുടെയും ഭാഗമായി പാവപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്നവരാണെന്ന പ്രതിച്ഛായയാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ പുറത്തുവരുന്ന ഈ വാര്‍ത്തകള്‍ ഇറാന്റെ ഔദ്യോഗിക നിലപാടുകള്‍ക്ക് വിരുദ്ധമാണ്. വിദേശത്തുള്ള ഈ ആഡംബര സൗകര്യങ്ങള്‍ കുടുംബം ഉപയോഗിക്കുന്നതിന് നേരിട്ടുള്ള തെളിവുകളില്ലെങ്കിലും, രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഈ വന്‍ സമ്പത്ത് ഭരണകൂടത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.


