ന്യുയോര്‍ക്ക്; ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ സൈന്യത്തെ ഉപയോഗിക്കുമെന്ന് ട്രംപ് ഭരണകൂടം. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെയാണ് ട്രംപ് ഇപ്പോള്‍ ഡെന്മാര്‍ക്കിന്റെ ഭാഗമായ ഗ്രീന്‍ലാന്‍ഡിലേക്ക് തിരിഞ്ഞിരിക്കുന്നത്. നാറ്റോ സഖ്യകക്ഷിയായ ഡെന്മാര്‍ക്കുമായുള്ള അമേരിക്കയുടെ ബന്ധം വഷളാക്കാന്‍ ഈ പ്രസ്താവന കാരണമായിട്ടുണ്ട്.

ലോകരാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ട്രംപിന്റെ അടുത്ത പടയൊരുക്കം. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി ദിവസങ്ങള്‍ക്കകം തന്നെ തന്റെ അടുത്ത ലക്ഷ്യം ഗ്രീന്‍ലാന്‍ഡ് ആണെന്ന് ട്രംപ് പ്രഖ്യാപിച്ചത്. വെറുതെ ഒരു ആഗ്രഹം പ്രകടിപ്പിക്കുകയല്ല, മറിച്ച് ഡെന്മാര്‍ക്കിന്റെ നിയന്ത്രണത്തിലുള്ള ഈ ദ്വീപ് പിടിച്ചെടുക്കാന്‍ അമേരിക്കന്‍ സൈന്യത്തെ ഉപയോഗിക്കുമെന്ന പരസ്യമായ ഭീഷണിയാണ് വൈറ്റ് ഹൗസ് മുഴക്കിയിരിക്കുന്നത്. ഇതോടെ നാറ്റോ സഖ്യകക്ഷികള്‍ക്കിടയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അമേരിക്കയെ നാറ്റോ ചെറുക്കാന്‍ എത്തിയാല്‍ അതൊരു ലോക മഹായുദ്ധമായി മാറുകയും ചെയ്യും. യൂറോപ്പിലെ രാജ്യങ്ങളാണ് നാറ്റോയിലുള്ളത്. ഈ സാഹചര്യമുണ്ടായാല്‍ യുറോപ്പും അമേരിക്കയും തമ്മിലെ യുദ്ധമായി അതു മാറും.

ഗ്രീന്‍ലാന്‍ഡ് വിലയ്ക്ക് വാങ്ങാനോ അല്ലെങ്കില്‍ അവിടുത്തെ സുരക്ഷാ ചുമതല പൂര്‍ണ്ണമായും ഏറ്റെടുക്കാനോ ആണ് ട്രംപും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും പദ്ധതിയിടുന്നത്. ഇതിനായി അമേരിക്കന്‍ സൈന്യത്തെ ഉപയോഗിക്കുന്നത് എപ്പോഴും തങ്ങളുടെ പരിഗണനയിലുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതോടെ ആശങ്ക വര്‍ധിച്ചു. വെനസ്വേലയിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നാല്‍, ഏകദേശം രണ്ട് മാസത്തിനുള്ളില്‍ ഗ്രീന്‍ലാന്‍ഡിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ട്രംപ് സൂചിപ്പിച്ചു.

ആര്‍ട്ടിക് മേഖലയില്‍ ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും ഉണ്ടാകുന്ന ഭീഷണികളെ നേരിടാന്‍ ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ നിയന്ത്രണത്തില്‍ വരേണ്ടത് അത്യാവശ്യമാണെന്നാണ് ട്രംപിന്റെ വാദം. കൂടാതെ, മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും നിര്‍മ്മിക്കാന്‍ ആവശ്യമായ അപൂര്‍വ ലോഹങ്ങളുടെ വലിയ ശേഖരം ഗ്രീന്‍ലാന്‍ഡിലുണ്ട്. ഇതും അമേരിക്കയുടെ താല്പര്യത്തിന് കാരണമാണ്. ചൈനയുടെ ആധിപത്യം കുറയ്ക്കാന്‍ ഈ വിഭവങ്ങള്‍ അമേരിക്കയ്ക്ക് ആവശ്യമാണ്.

എന്നാല്‍ ഈ നീക്കത്തിനെതിരെ ഡെന്മാര്‍ക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ശക്തമായി രംഗത്തെത്തി. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ബലപ്രയോഗം നടത്തിയാല്‍ അത് നാറ്റോ സൈനിക സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളും ഡെന്മാര്‍ക്കിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡ് അവിടുത്തെ ജനങ്ങളുടേതാണെന്നും അത് വില്‍ക്കാനുള്ളതല്ലെന്നും അവര്‍ വ്യക്തമാക്കി.

ഇതിനിടെ, വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റെ ഭാര്യ ഗ്രീന്‍ലാന്‍ഡിന്റെ ഭൂപടത്തില്‍ അമേരിക്കന്‍ പതാക പുതപ്പിച്ച ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് വലിയ വിവാദമായി. 'ഉടന്‍ തന്നെ' എന്ന അടിക്കുറിപ്പോടെയായിരുന്നു ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഗ്രീന്‍ലാന്‍ഡിന്റെ കാര്യത്തില്‍ ആരും അമേരിക്കയോട് യുദ്ധത്തിന് വരില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനായ സ്റ്റീഫന്‍ മില്ലറും പറയുകയുണ്ടായി. മഡുറോയെ പിടികൂടിയതിന് പിന്നാലെ അമേരിക്കയുടെ ആത്മവിശ്വാസം വര്‍ധിച്ചതായാണ് ഈ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്.

യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണെന്നും അത് പിടിച്ചടക്കുമെന്നും ആവര്‍ത്തിക്കുകയാണ് ട്രംപ്. ധാതുക്കള്‍ക്കും എണ്ണയ്ക്കും മറ്റെല്ലാത്തിനും വേണ്ടിയുള്ള ധാരാളം സ്ഥലങ്ങള്‍ തങ്ങള്‍ക്കുണ്ട്. ലോകത്തിലെ ഏത് രാജ്യത്തെക്കാളും കൂടുതല്‍ എണ്ണ തങ്ങളുടെ പക്കലുണ്ട്. എന്നാല്‍ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണ്. ഗ്രീന്‍ലാന്‍ഡിന് ചുറ്റും റഷ്യന്‍, ചൈനീസ് കപ്പലുകളാണുള്ളത്. ഇതിനാല്‍ യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണ്. കൊളംബിയയില്‍ സൈനിക നടപടി സ്വീകരിക്കാന്‍ മടിക്കില്ലെന്നും ട്രംപ് ഭീഷണി മുഴക്കി.

യുഎസിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തില്‍ കൊളംബിയന്‍ പ്രസിഡന്റും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ട്രംപ് ആരോപിച്ചു.ക്യൂബ പരാജയപ്പെട്ട രാജ്യമാണെന്നും വെനസ്വേലന്‍ എണ്ണ കിട്ടാതാകുന്നതോടെ ക്യൂബ തകരുമെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ ഭീഷണിക്ക് കടുത്ത ഭാഷയില്‍ ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ്-ഫ്രെഡറിക് നീല്‍സണ്‍ മറുപടി നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റുകളല്ല തങ്ങളുടെ ഭാവി നിശ്ചയിക്കുന്നത്. ഇനിമേല്‍ ഇത്തരം ഭീഷണികളോ മോഹങ്ങളോ പാടില്ലെന്നും നീല്‍സണ്‍ ട്രംപിന് സമൂഹമാധ്യമത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടണ്ട്.