വാഷിങ്ടണ്‍: ഇറാനെതിരെ യുദ്ധപ്രഖ്യാപനവുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന കടുത്ത പ്രഖ്യാപനവുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്കിടെ രാജ്യത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ ഈ നീക്കം.

തങ്ങളുടെ തീരുമാനത്തില്‍ മാറ്റമില്ലെന്നും ഇത് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഇറാനുമായി ബിസിനസ് ബന്ധമുള്ളവര്‍ക്ക് ഇനി അമേരിക്കയുമായി ഇടപഴകണമെങ്കില്‍ വലിയ വില നല്‍കേണ്ടി വരും. ചൈന, യുഎഇ, തുര്‍ക്കി, ഇറാഖ് തുടങ്ങിയ രാജ്യങ്ങളാണ് ഇറാന്റെ പ്രധാന വ്യാപാര പങ്കാളികള്‍.

ട്രംപിന്റെ പുതിയ ഉത്തരവ് ഈ രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും. 'ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യവും യുഎസുമായി നടത്തുന്ന ബിസിനസിന് 25 ശതമാനം അധിക നികുതി നല്‍കണം' എന്നാണ് ട്രംപിന്റെ കര്‍ശന നിലപാട്. സാമ്പത്തിക ഉപരോധത്തിന് പുറമെ ഇറാനെതിരെ സൈനിക നീക്കത്തിനും അമേരിക്ക തയ്യാറെടുക്കുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇറാനില്‍ വ്യോമാക്രമണത്തിന് യുഎസ് ഒരുങ്ങുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സൂചന നല്‍കി.

ഇതിനിടെ സ്റ്റീവ് വിറ്റ്‌കോഫ് വഴി നയതന്ത്ര ചര്‍ച്ചകള്‍ക്കും അമേരിക്ക ഒരു വഴി തുറന്നിട്ടിട്ടുണ്ട്. വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റായി' തന്നെത്തന്നെ പ്രഖ്യാപിച്ച ട്രംപ്, ഇറാനെതിരെയും സമാനമായ രീതിയില്‍ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോവുകയാണ്. ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മൂന്നാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെയാണ് ഇറാന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്ന ഈ കടുത്ത നീക്കം.

ഇറാനില്‍ സൈനിക നടപടിക്ക് മടിക്കില്ലെന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ സാമ്പത്തിക പ്രഹരം. എന്നാല്‍, തങ്ങള്‍ യുദ്ധത്തിനും തയ്യാറാണെന്നും എന്നാല്‍ ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ചര്‍ച്ചകള്‍ പരസ്പര ബഹുമാനത്തോടെ ആയിരിക്കണമെന്ന കര്‍ശന നിലപാടിലാണ് ഇറാന്‍ ഭരണകൂടം. ട്രംപിന്റെ പ്രസ്താവനകള്‍ രാജ്യത്തെ കലാപകാരികളെ വഴിതെറ്റിക്കുന്നുവെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. ഇതിനിടെ പ്രക്ഷോഭത്തില്‍ നൂറിലേറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇറാനില്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

പ്രതിസന്ധികള്‍ക്കിടയിലും ശക്തി തെളിയിക്കാന്‍ ടെഹ്‌റാനില്‍ ലക്ഷങ്ങള്‍ അണിനിരന്ന ഭരണകൂട അനുകൂല റാലിയും നടന്നു. പത്ത് ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത റാലിയില്‍ ഷാ വംശജനായ റിസ പഹ്ലവിക്കെതിരെയും അമേരിക്കക്കെതിരെയും കടുത്ത പ്രതിഷേധം ഉയര്‍ന്നു. വിദേശരാജ്യങ്ങളിലും ഇറാന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കത്തുകയാണ്. ലണ്ടനിലെ ഇറാന്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ പതാക കത്തിച്ചു.