- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി വെറും 48 മണിക്കൂര്‍ മാത്രം! ഹോര്‍മുസ് തുറന്ന് കാല്ക്കല് വീണില്ലെങ്കില്‍ ഇറാനെ നരകമാക്കുമെന്ന് ട്രംപിന്റെ ഭീഷണി; ദൈവത്തിന് സ്തുതി പറഞ്ഞുള്ള ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ 'അമളി'യും; എണ്ണ പിടിച്ചെടുത്ത് കോടികള്‍ കൊയ്യുമെന്ന പ്രഖ്യാപനം കൂസാതെ ഇറാന്; യുദ്ധം പരിധി വിട്ടെന്ന് ഭൂരിഭാഗം അമേരിക്കക്കാരും; കുതിച്ചുയരുന്ന പെട്രോള്‍ വില ട്രംപിന്റെ കസേര തെറിപ്പിക്കുമോ?
ഹോര്‍മുസ് തുറന്ന് കാല്ക്കല് വീണില്ലെങ്കില്‍ ഇറാനെ നരകമാക്കുമെന്ന് ട്രംപിന്റെ ഭീഷണി

വാഷിംഗ്ടണ്‍/ടെഹ്റാന്‍: ലോകത്തിന്റെ എണ്ണനാഡി എന്നറിയപ്പെടുന്ന ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള പോര് ഏറ്റവും വഷളാകുന്നു. ഇറാന് നല്‍കിയ സമയം അവസാനിക്കാന്‍ ഇനി വെറും 48 മണിക്കൂര്‍ മാത്രമെന്ന് പ്രഖ്യാപിച്ച ഡൊണാള്‍ഡ് ട്രംപ്, തന്റെ 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമിലൂടെ ഭീഷണി മുഴക്കി. അതേസമയം, ട്രംപിന്റെ ഭീഷണിയില്‍ അക്ഷരത്തെറ്റ് വരുത്തിയത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് വഴിമാറിയിരിക്കുകയാണ്. എന്നാല്‍ ഈ അക്ഷരത്തെറ്റിനേക്കാള്‍ ഭയാനകമാണ് ട്രംപിന്റെ ഉള്ളിലിരുപ്പ്.
'എണ്ണ പിടിച്ചെടുക്കാം, വലിയ ലാഭമുണ്ടാക്കാം' എന്ന ട്രംപിന്റെ തുറന്നുപറച്ചില്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഇറാന്റെ മിസൈല്‍ ശേഷി തകര്‍ത്തുവെന്ന ട്രംപിന്റെ വാദത്തെ വെല്ലുവിളിച്ചുകൊണ്ട് അമേരിക്കയുടെ അത്യാധുനിക എഫ്-15ഇ വിമാനം ഇറാന്‍ വെടിവെച്ചിടുന്നത്. പൈലറ്റിനായുള്ള തെരച്ചില്‍ തുടരുന്നതിനിടയിലും യുദ്ധത്തിന്റെ കനലുകള്‍ ആളിപ്പടരുകയാണ്.
ഫ്രഞ്ച് കപ്പലിന് കടന്നുപോകാന്‍ അനുമതി നല്‍കിയ ഇറാന്റെ നയതന്ത്ര നീക്കം നാറ്റോ സഖ്യകക്ഷികള്‍ക്കിടയില്‍ വിള്ളലുണ്ടാക്കുമോ എന്ന ചോദ്യവും ഉയര്‍ന്നു. അമേരിക്കയില്‍ ഗാലണിന് 4 ഡോളര്‍ കടന്ന പെട്രോള്‍ വില ട്രംപിന്റെ കസേര തെറിപ്പിക്കുമോ? യുദ്ധം പരിധി വിട്ടെന്ന് റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ പോലും ചിന്തിച്ചു തുടങ്ങുമ്പോഴും 'സര്‍വ്വനാശം' വിതയ്ക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.
ട്രംപിന്റെ ഭീഷണി
'ഒത്തുതീര്‍പ്പിന് തയ്യാറാകാനോ ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കാനോ ഇറാന് ഞാന്‍ പത്ത് ദിവസം സമയം നല്‍കിയത് ഓര്‍ക്കുക. സമയം അതിക്രമിച്ചിരിക്കുന്നു - അവര്‍ക്കുമേല്‍ സര്‍വ്വ നാശവും പെയ്തിറങ്ങാന്‍ (sic) ഇനി 48 മണിക്കൂര്‍ മാത്രം ബാക്കി. ദൈവത്തിന് സ്തുതി!', ശനിയാഴ്ച രാവിലെ തന്റെ 'ട്രൂത്ത് സോഷ്യല്‍' (Truth Social) വെബ്‌സൈറ്റില്‍ ട്രംപ് കുറിച്ചു.
മഴ പെയ്യുക എന്നര്‍ത്ഥം വരുന്ന 'Rain' എന്ന വാക്കിന് പകരം ഭരണം എന്നര്‍ത്ഥം വരുന്ന 'Reign' എന്നാണ് ട്രംപ് തന്റെ പോസ്റ്റില്‍ ഉപയോഗിച്ചത്. ആഗോള എണ്ണ വ്യാപാരത്തില്‍ നിര്‍ണ്ണായകമായ ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലി സംഘര്‍ഷം മുറുകുന്നതിനിടയിലാണ് ട്രംപിന്റെ ഈ ഭീഷണി. ഇടുങ്ങിയ ഈ ജലപാത തുറന്നുകൊടുക്കുന്നതിനായി ട്രംപ് ആദ്യം നിശ്ചയിച്ചിരുന്ന സമയപരിധി മാര്‍ച്ച് അവസാന വാരമായിരുന്നു. എന്നാല്‍ ഇറാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇത് ഏപ്രില്‍ 6 രാത്രി 8 മണി (ET) വരെ നീട്ടി നല്‍കുകയായിരുന്നു.
ഈ സമയപരിധിക്കുള്ളില്‍ പരിഹാരമായില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് മേല്‍ വീണ്ടും ബോംബാക്രമണം നടത്താന്‍ താന്‍ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം ഇത് നിയമവിരുദ്ധമാണ്. 'നമുക്ക് കൂടുതല്‍ സമയം ലഭിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാനും, അവിടുത്തെ എണ്ണ പിടിച്ചെടുത്ത് വലിയ ലാഭമുണ്ടാക്കാനും സാധിക്കും' എന്ന് വെള്ളിയാഴ്ച അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
ഹോര്‍മുസ് ഒരുകീറാമുട്ടി പ്രശ്‌നം
ഫെബ്രുവരി 28-ന് ഇറാനില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ഹോര്‍മുസ് കടലിടുക്ക് തര്‍ക്കവിഷയമായി തുടരുകയാണ്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. ഇതിനിടയില്‍, അമേരിക്കന്‍-ഇസ്രായേല്‍ യുദ്ധനീക്കങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ട് കടലിടുക്കിന്റെ നിയന്ത്രണം തങ്ങള്‍ക്കാണെന്ന് ഇറാന്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാകിസ്ഥാന്‍ തുടങ്ങിയ തങ്ങളുമായി 'സൗഹൃദമുള്ള' രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്ക് മാത്രമാണ് ഇതുവരെ ഇറാന്‍ ഈ പാതയിലൂടെ പ്രവേശന അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ വെള്ളിയാഴ്ച ഒരു ഫ്രഞ്ച് കപ്പല്‍ ഈ കടലിടുക്ക് കടന്നതോടെ, യുദ്ധം തുടങ്ങിയ ശേഷം ഇറാന്‍ അനുമതി നല്‍കുന്ന ആദ്യ പാശ്ചാത്യ രാജ്യമായി ഫ്രാന്‍സ് മാറി.
പശ്ചിമേഷ്യയില്‍ ട്രംപ് നടത്തുന്ന യുദ്ധാഹ്വാനങ്ങളെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വിമര്‍ശിച്ചതിനും, കടലിടുക്ക് തുറക്കുന്ന കാര്യത്തില്‍ ഗൗരവമായ നിലപാട് എടുക്കാന്‍ ട്രംപിനോട് ആവശ്യപ്പെട്ടതിനും പിന്നാലെയാണിത്. ഫ്രഞ്ച് അധികൃതര്‍ ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, യാത്രയ്ക്കിടെ തങ്ങള്‍ ഇറാന് വിരുദ്ധരല്ലെന്ന സൂചന (non-hostile status) കപ്പല്‍ നല്‍കിയിരുന്നു.
അമേരിക്കയിലും ലോകമെമ്പാടും പെട്രോള്‍ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഹോര്‍മുസ് കടലിടുക്ക് എങ്ങനെയെങ്കിലും തുറപ്പിക്കാന്‍ ട്രംപ് തിടുക്കം കാണിക്കുന്നത്. ട്രിപ്പിള്‍ എ (AAA) നല്‍കുന്ന വിവരങ്ങള്‍ പ്രകാരം അമേരിക്കയില്‍ ഗാലണിന് ശരാശരി 4.10 ഡോളറാണ് ഇപ്പോഴത്തെ വില. യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഇത് 3 ഡോളറില്‍ താഴെയായിരുന്നു; അതായത് ഏകദേശം 37 ശതമാനത്തിന്റെ വര്‍ദ്ധനവ്.
യുദ്ധം പരിധി വിട്ടെന്ന് ഭൂരിഭാഗം അമേരിക്കക്കാരും
അസോസിയേറ്റഡ് പ്രസ്സും നോര്‍ക്ക് (NORC) സെന്റര്‍ ഫോര്‍ പബ്ലിക് അഫയേഴ്സ് റിസര്‍ച്ചും നടത്തിയ സര്‍വേ പ്രകാരം ഭൂരിഭാഗം അമേരിക്കക്കാരും ഇറാനിലെ യുദ്ധം പരിധി വിട്ടുപോയതായി കരുതുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വോട്ടര്‍മാര്‍ പോലും പശ്ചിമേഷ്യയിലെ ഈ പുതിയ സൈനിക നീക്കത്തില്‍ അതൃപ്തരാണെന്ന് മറ്റ് ചില പോളുകളും സൂചിപ്പിക്കുന്നു. പുതിയ യുദ്ധങ്ങള്‍ തുടങ്ങില്ലെന്ന ട്രംപിന്റെ വാഗ്ദാനം വിശ്വസിച്ചാണ് പല ഗോപ് (GOP) വോട്ടര്‍മാരും അദ്ദേഹത്തിന് രണ്ടാമതൊരു അവസരം നല്‍കിയത്. ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത ട്രംപ് തന്റെ അവകാശവാദങ്ങള്‍ ആവര്‍ത്തിക്കുകയുണ്ടായി.
ഇറാന്റെ മിസൈല്‍ വിക്ഷേപണ ശേഷി അമേരിക്ക ഗണ്യമായി തകര്‍ത്തുവെന്ന തന്റെ അവകാശവാദങ്ങള്‍ ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് ആവര്‍ത്തിച്ചു. 'അവരുടെ നാവികസേന ഇല്ലാതായി, വ്യോമസേന തകര്‍ന്നു. അവരുടെ മിസൈലുകള്‍ ഏതാണ്ട് തീരാറായിരിക്കുന്നു അല്ലെങ്കില്‍ പരാജയപ്പെട്ടിരിക്കുന്നു. ഈ നടപടികളിലൂടെ ഇറാന്റെ സൈനിക ശക്തി തകരുകയും ഭീകര ഗ്രൂപ്പുകളെ സഹായിക്കാനുള്ള അവരുടെ ശേഷി ഇല്ലാതാകുകയും ചെയ്യും. അവര്‍ക്ക് ആണവബോംബ് നിര്‍മ്മിക്കാനുള്ള സാഹചര്യം ഇതോടെ ഇല്ലാതാകും,' ട്രംപ് പറഞ്ഞു.
എന്നാല്‍ ഇറാന്റെ ആയുധശേഖരം തകര്‍ന്നു എന്ന ട്രംപിന്റെ അവകാശവാദത്തിന് വിരുദ്ധമായി, ഇറാന്റെ മിസൈലുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇപ്പോഴും സുരക്ഷിതമാണെന്ന് യുഎസ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് (Reuters) പറഞ്ഞു. അമേരിക്കയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാറായി എന്ന് ട്രംപ് പ്രസംഗിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇറാനില്‍ വെച്ച് ഒരു അമേരിക്കന്‍ യുദ്ധവിമാനം വെടിവെച്ചിടുന്നത്.
രണ്ട് പേര്‍ അടങ്ങുന്ന എഫ്-15ഇ (F-15E) യുദ്ധവിമാനമാണ് തകര്‍ക്കപ്പെട്ടത്. ഇരുവരും വിമാനത്തില്‍ നിന്ന് പാരച്യൂട്ട് വഴി പുറത്തേക്ക് ചാടിയെങ്കിലും ഒരാളെ മാത്രമാണ് ജീവനോടെ കണ്ടെത്താനായത്. മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നല്‍കുന്ന കണക്കുകള്‍ പ്രകാരം യുദ്ധത്തില്‍ ഇതുവരെ 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും 300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇറാന്റെ പിടിയില്‍ ഇതുവരെ അമേരിക്കന്‍ സൈനികരാരും ബന്ദികളായിട്ടില്ല. ഇറാന്‍ ആരോഗ്യ ഉപമന്ത്രിയുടെ കണക്കനുസരിച്ച്, ഇസ്രായേലും അമേരിക്കയും നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇറാനില്‍ ഇതുവരെ 1,900-ലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.


