മോസ്‌കോ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ മൊസാദ് വധിച്ചതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വളാദിമിര്‍ പുടിന് ഉറക്കം നഷ്ടപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ ഹാക്ക് ചെയ്തും കൃത്യമായി നിരീക്ഷണങ്ങള്‍ നടത്തിയുമാണ് അമേരിക്കയുടെ സഹായത്തോടെ ആയത്തുള്ള അലി ഖമേനിയെ മൊസാദ് വധിച്ചത്. ഇത് നടന്നത് ഇറാനിലാണെങ്കിലും ഈ നീക്കം തനിക്ക് നേരെ ഉണ്ടാകുമോ എന്ന് ഉണ്ടാകുമോ എന്ന് ഭയം പുടിനെ പിടികൂടിയിരിക്കുകയാണ്. ഇതിനെത്തുടര്‍ന്ന് വ്‌ളാഡിമിര്‍ പുടിന്‍ റഷ്യയിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്.

ഇന്റര്‍നെറ്റില്ലാതെ പൊറുതിമുട്ടി

മോസ്‌കോയിലും മറ്റ് പ്രധാന നഗരങ്ങളിലും ഇന്റര്‍നെറ്റ് തടസം നേരിടുന്നുണ്ട്. ഓഫീസ് ജീവനക്കാര്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ക്കായി ബുദ്ധിമുട്ടുന്നു, കൗമാരക്കാര്‍ക്ക് നിരന്തരം വിപിഎന്‍ (VPN) മാറ്റേണ്ടി വരുന്നു, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഓണ്‍ലൈന്‍ മാപ്പുകള്‍ ഇല്ലാതെ വഴി കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ഒരാഴ്ചയായി മോസ്‌കോയുടെ മധ്യഭാഗങ്ങളിലും സെന്റ് പീറ്റേഴ്സ്ബര്‍ഗിലും മറ്റും ദിവസവും മൊബൈല്‍ ഇന്റര്‍നെറ്റ് പൂര്‍ണ്ണമായും നിലയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ദേശീയ സുരക്ഷയ്‌ക്കെന്ന് വാദം

എന്നാല്‍ അധികൃതര്‍ വിചിത്രമായ വിശദീകരണമാണ് നല്‍കുന്നത്. ചില വിദേശ കമ്പനികള്‍ റഷ്യന്‍ നിയമങ്ങള്‍ പാലിക്കാന്‍ വിസമ്മതിക്കുന്നതും, യുക്രേനിയന്‍ ഡ്രോണുകളില്‍ നിന്നുള്ള ഭീഷണി നേരിടുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗവുമായിട്ടാണ് ഈ നടപടിയെന്നാണ് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചത്. ഡ്രോണുകള്‍ ദിശ കണ്ടെത്താന്‍ സെല്ലുലാര്‍ നെറ്റ്വര്‍ക്കുകളെ ഉപയോഗിക്കാറുണ്ട്. അതിനാല്‍ ടെലഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമാണെന്നാണ് റഷ്യന്‍ അധികൃതരുടെ വാദം.

ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ വധത്തിന് പിന്നാലെയുണ്ടായ ശക്തമായ സുരക്ഷാ ആശങ്കകള്‍ക്കിടയിലാണ് ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത്. മൊസാദ് ടെഹ്റാനിലെ സിസിടിവി സംവിധാനങ്ങള്‍ ഹാക്ക് ചെയ്തതായും അതുവഴി ഇറാന്റെ നേതൃത്വത്തിലുള്ളവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. എന്നാല്‍ റഷ്യയുടെ നിരീക്ഷണ സംവിധാനങ്ങള്‍ വളരെ ശക്തമാണ്.

പുറത്തിറങ്ങാതെ പുടിന്‍

അതിനാല്‍ തന്നെ അതും സമാനമായ രീതിയില്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടാകാം എന്ന് ക്രെംലിന്‍ ഭയപ്പെടുന്നു. ശത്രുക്കളെ ആശയക്കുഴപ്പത്തിലാക്കാന്‍ പുടിന്‍ ക്രെംലിനിലെ തന്റെ പൊതു പരിപാടികള്‍ നിര്‍ത്തിവെക്കുകയോ കാര്യമായി പരിമിതപ്പെടുത്തുകയോ ചെയ്തതായുള്ള വിവരങ്ങളുമുണ്ട്.

എന്നിരുന്നാലും, ഉക്രെയ്ന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തിനുള്ളിലെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുക എന്ന ദുരൂഹമായ നീക്കമാണെന്ന് വി ദ ഗ്ദര്‍ അഭിപ്രായപ്പെടുന്നു. പുതിയ നിയമങ്ങള്‍ പ്രകാരം സുരക്ഷാ ഏജന്‍സികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് വിച്ഛേദിക്കാനും ആളുകളെ തടങ്കലില്‍ വെക്കാനുള്ള അധികാരം വിപുലീകരിക്കാനും സാധിക്കും. ഇതിനോടകം തന്നെ 400-ലധികം വിപിഎന്നുകള്‍ റഷ്യ നിരോധിച്ചു കഴിഞ്ഞു. പ്രാദേശിക നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ടെലിഗ്രാം (Telegram) മന്ദഗതിയിലാക്കുകയും വാട്ട്സ്ആപ്പ് പൂര്‍ണ്ണമായും നിരോധിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ടെലഗ്രാമില്‍ ചാരസംഘടനകള്‍ നുഴഞ്ഞുകയറിയെന്ന് റഷ്യ

ടെലഗ്രാമില്‍ യുക്രെയ്നിന്റെയും നാറ്റോയുടെയും ചാരസംഘടനകള്‍ നുഴഞ്ഞുകയറിയതായി റഷ്യന്‍ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നുണ്ടെങ്കിലും കമ്പനി ഇത് നിഷേധിച്ചു. 'സ്വകാര്യതയ്ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനുമുള്ള റഷ്യക്കാരുടെ അവകാശത്തെ അടിച്ചമര്‍ത്താന്‍ അധികാരികള്‍ ഓരോ ദിവസവും പുതിയ ഒഴികഴിവുകള്‍ കണ്ടെത്തുകയാണ്,' ടെലിഗ്രാം സ്ഥാപകന്‍ പാവല്‍ ദുറോവ് പറഞ്ഞു. 'സ്വന്തം ജനതയെ ഭയപ്പെടുന്ന ഒരു ഭരണകൂടത്തിന്റെ ദയനീയ കാഴ്ചയാണിത്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ചൈനയിലെയും ഇറാനിലെയും ഇത്തരം നിരോധന മാതൃകകള്‍ പഠിച്ച റഷ്യ, മൊബൈല്‍-ഫിക്‌സഡ് ഇന്റര്‍നെറ്റുകള്‍ വലിയ തോതില്‍ തടയാനും ആശയവിനിമയങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനുമുള്ള ശേഷി വികസിപ്പിച്ചെടുത്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭയം വരുത്തുന്ന വിന

നിലവിലെ യുദ്ധം മാത്രമല്ല, പഴയകാലത്തെ അസ്ഥിരതകളെക്കുറിച്ചുള്ള ക്രെംലിന്റെ ഭയവുമാണ് ഈ നീക്കത്തിന് പിന്നിലെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. 1989-ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സോവിയറ്റ് പിന്‍വാങ്ങല്‍ വലിയ സാമൂഹിക പ്രക്ഷോഭങ്ങള്‍ക്ക് കാരണമാവുകയും അത് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയിലേക്ക് നയിച്ച ഘടകങ്ങളില്‍ ഒന്നായി മാറുകയും ചെയ്തിരുന്നു.

രാജ്യത്തിന്റെ സ്ഥിരത ഉറപ്പാക്കാന്‍ ഈ നടപടികളെല്ലാം നിയമപരവും അത്യാവശ്യവുമാണെന്നാണ് ക്രെംലിന്റെ നിലപാട്. ഇതൊരു അടിച്ചമര്‍ത്തലാണെന്ന വാദം പുടിനോട് അടുത്ത ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ഐക്യം നിലനിര്‍ത്താന്‍ ഇത്തരം നടപടികള്‍ അത്യന്താപേക്ഷിതമാണെന്ന് അവര്‍ അവകാശപ്പെടുന്നു. എന്നിരുന്നാലും റഷ്യയിലെ യുവതലമുറ

ഈ നിയന്ത്രണങ്ങളെ മറികടക്കാനുള്ള വഴികള്‍ ഇതിനോടകം തന്നെ കണ്ടെത്തിക്കഴിഞ്ഞു. അത് പക്ഷേ രാഷ്ട്രീയ കാരണങ്ങളാലല്ല, മറിച്ച് ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ വേണ്ടിയാണ് അവര്‍ വിപിഎന്നുകള്‍ മാറി മാറി ഉപയോഗിക്കുന്നത്.

അതേസമയം, 'മാക്‌സ്' എന്ന സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഡ് മെസ്സഞ്ചര്‍ ആപ്പ് ഉപയോഗിക്കാന്‍ റഷ്യന്‍ ജനതയെ നിര്‍ബന്ധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സ്‌കൂളുകളിലെയും സര്‍വ്വകലാശാലകളിലെയും രക്ഷാകര്‍തൃ-വിദ്യാര്‍ത്ഥി ചാറ്റ് ഗ്രൂപ്പുകള്‍ക്കായി ഈ ആപ്പ് തന്നെ ഉപയോഗിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.