വാഷിങടണ്‍: ഇറാന്‍ യുദ്ധത്തില്‍ അമേരിക്കയ്‌ക്കൊപ്പം നില്‍ക്കാത്ത ബ്രിട്ടെനെതിരെ കടുത്ത അവഹേളനവുമായി വീണ്ടും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. തങ്ങളുടെ കപ്പലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടന്റെ വിമാനവാഹിനി കപ്പലുകള്‍ വെറും കളിപ്പാട്ടം മാത്രമാണെന്നായിരുന്നു ട്രംപ് പറഞ്ഞത്. നാറ്റോ സഖ്യകക്ഷികളുടെ കഴിവുകളെ അവഹേളിക്കുന്ന തരത്തിലായിരുന്നു അറ്റ്‌ലാന്റിക്കിന്റെ മറുകരയിലുള്ള 'പ്രത്യേക പരിഗണനയുള്ള സുഹൃദ് രാജ്യത്തെ കുറിച്ച് ട്രംപ് പറഞ്ഞത്.

തങ്ങളുടെ വിമാനവാഹിനി കപ്പല്‍ അയയ്ക്കാമെന്ന് ബ്രിട്ടന്‍ വാഗ്ദാനം നല്‍കിയെന്നും, അത് മികച്ച വിമാനവാഹിനിക്കപ്പലല്ലെന്നുമായിരുന്നു വൈറ്റ്ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞത്. അമേരിക്കന്‍ വിമാനവാഹിനികളുമായി താരതമ്യം ചെയ്യുമ്പോള്‍ വെറും കളിപ്പാട്ടങ്ങള്‍ മാത്രമാണതെന്നും, യുദ്ധം അവസാനിക്കാന്‍ പോകുന്ന സമയത്ത് വിമാനവാഹിനി അയയ്ക്കാമെന്ന് പറഞ്ഞപ്പോള്‍ നന്ദിയോടെ താന്‍ അത് വേണ്ടെന്ന് പറഞ്ഞെന്നും ട്രംപ് പരിഹസിച്ചു.

സംഘര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ ഇറാനെ ലക്ഷ്യം വയ്ക്കാനായി യു കെ യു എസ് സംയുക്ത സൈനികാസ്ഥാനമായ് ഡിഗോഗാര്‍ഷ്യ ഉപയോഗിക്കാന്‍ അനുവദിക്കാത്തതില്‍ താന്‍ അസംതൃപ്തനാണെന്നും ട്രംപ് പത്രസമ്മേളനത്തില്‍ പറഞ്ഞു. അങ്ങനെയായിരുന്നെങ്കില്‍ ഇറാനെ ലക്ഷ്യം വെച്ച് ബി 2 ബോംബര്‍ ഉപയോഗിക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എച്ച് എം എസ് ക്യൂന്‍ എലിസബത്തോ അല്ലെങ്കില്‍ എച്ച് എം എസ് പ്രിന്‍സ് ഓഫ് വെയില്‍സോ മദ്ധ്യപൂര്‍വേഷ്യയിലെക്ക് അയയ്ക്കാന്‍ ബ്രിട്ടന്‍ സമ്മതിച്ചിട്ടുണ്ട് എന്ന ട്രംപിന്റെ അവകാശവാദം ഡൗണിംഗ് സ്ട്രീറ്റ് നിഷേധിച്ചതിനു പിറകെയാണ് ട്രംപിന്റെ പ്രതികരണം എത്തിയിരിക്കുന്നത്.

വില കുതിച്ചുയരുന്നു..ഇനി ജീവിതം ദുസ്സഹം

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഉല്പന്നങ്ങള്‍ക്ക് വില കുതിച്ചുയര്‍ന്നതോടെ ജീവിതം ദുസ്സഹമായിരിക്കുകയാണെന്ന് ബ്രിട്ടീഷ് ജനത പരാതിപ്പെടുന്നു. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വരും മാസങ്ങളില്‍ നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയോളമായി വര്‍ദ്ധിച്ചേക്കുമെന്ന ആശങ്ക ശക്തമാകുന്ന സാഹചര്യത്തിലാണിത്. പലവ്യഞ്ജ്‌നങ്ങളുടേയും മറ്റ് അവശ്യ സാധനങ്ങളുടെയും വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പലരും തങ്ങള്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ വിവരിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്‍റ്റ്.

ഇപ്പോള്‍ തന്നെ യു കെയിലെ ഭക്ഷ്യവസ്തുക്കളുടെ റീട്ടെയില്‍ വില കോവിഡ് പൂര്‍വ്വകാലത്തേക്കാള്‍ 38 ശതമാനം കൂടുതലാണ്. മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷം തുടരുകയാണെങ്കില്‍ ഇത് ഇനിയും വര്‍ദ്ധിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ വരും മാസങ്ങളില്‍ 8 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകും എന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രോസറി ഡിസ്ട്രിബ്യൂഷനിലെ വിദഗ്ധര്‍ പറയുന്നത്. വേനലാകുമ്പോഴേക്കും ഇത് ഇരട്ടിയോളമായി വര്‍ദ്ധിക്കുകയും ചെയ്യും. നിലവിലെ 3.6 ശതമാനം എന്ന നിലയില്‍ നിന്നും ഭക്ഷ്യപണപ്പെരുപ്പം 2026 ജൂണ്‍ ആകുമ്പോഴേക്കും 8 ശതമാനമായി വര്‍ദ്ധിക്കും എന്നാണ് ഏറ്റവും പുതിയ പ്രവചനം.