- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തില്‍ ശത്രുക്കള്‍, തമിഴ്നാട്ടില്‍ ചങ്ങാതിമാര്‍! സ്റ്റാലിന്റെ കൈപിടിച്ച് എസ്ഡിപിഐ ഡിഎംകെ സഖ്യത്തില്‍; കോണ്‍ഗ്രസിനും സിപിഎമ്മിനും സിപിഐക്കും മുസ്ലിം ലീഗിനും മിണ്ടാട്ടമില്ല; മത്സരിക്കുന്നത് ഉദയസൂര്യന്‍ ചിഹ്നത്തില്‍
സ്റ്റാലിന്റെ കൈപിടിച്ച് എസ്ഡിപിഐ ഡിഎംകെ സഖ്യത്തില്‍

ചെന്നൈ: കേരളത്തില്‍ എസ്.ഡി.പി.ഐ പിന്തുണയെച്ചൊല്ലി എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ശക്തമായ വാഗ്വാദം തുടരുമ്പോള്‍, അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ അവര്‍ ഡി.എം.കെ നയിക്കുന്ന ഭരണമുന്നണിയുടെ ഭാഗമാകുന്നു. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികള്‍ അണിനിരക്കുന്ന ഡി.എം.കെ സഖ്യത്തില്‍ എസ്.ഡി.പി.ഐക്ക് ഒരു സീറ്റ് അനുവദിച്ചുകൊണ്ടുള്ള കരാറില്‍ പാര്‍ട്ടി അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ഒപ്പുവെച്ചു.
മുന്നണി ധാരണപ്രകാരം ഡി.എം.കെയുടെ ഔദ്യോഗിക ചിഹ്നമായ 'ഉദയസൂര്യന്‍' അടയാളത്തിലായിരിക്കും എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി ജനവിധി തേടുക. മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു സീറ്റാണ് എസ്.ഡി.പി.ഐക്ക് ലഭിച്ചത്. വി.എം.എസ്. മുഹമ്മദ് മുബാരക്കിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെയ്‌ക്കൊപ്പമായിരുന്നു.
തമീമുന്‍ അന്‍സാരിയുടെ മനിതനേയ ജനനായക കക്ഷി, നടന്‍ കരുണാസിന്റെ മുക്കുളത്തൂര്‍ പുലപ്പടൈ എന്നിവര്‍ക്കും ഓരോ സീറ്റുകള്‍ വീതം അനുവദിച്ചിട്ടുണ്ട്. ഇവരും ഡി.എം.കെയുടെ ചിഹ്നത്തില്‍ തന്നെയാകും മത്സരിക്കുക.
കേരളത്തില്‍ എസ്.ഡി.പി.ഐയെ അകറ്റിനിര്‍ത്താന്‍ പ്രധാന പാര്‍ട്ടികള്‍ മത്സരിക്കുമ്പോള്‍, തമിഴ്നാട്ടില്‍ അതേ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന സഖ്യത്തില്‍ തന്നെ അവര്‍ ഭാഗമാകുന്നു എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.ഡി.കെ, എ.എം.എം.കെ എന്നിവര്‍ക്കൊപ്പം മൂന്നാം മുന്നണിയായി മത്സരിച്ച ശേഷമാണ് എസ്.ഡി.പി.ഐ ഇപ്പോള്‍ ഡി.എം.കെ പാളയത്തിലെത്തുന്നത്.


