ആലപ്പുഴ: 'പി.എം. ശ്രീ' പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കടുത്ത നിലപാടുമായി സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മില്‍ ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷവും സിപിഐ തങ്ങളുടെ നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്ന് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍, ബുധനാഴ്ച ചേരാനിരിക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കും. സമവായ നിര്‍ദ്ദശം അംഗീകരിക്കില്ല.

ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സിപിഐയുടെ മന്ത്രിമാര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. കെ. രാജനും ജി.ആര്‍.അനിലും പി. പ്രസാദുമാണ് മുഖ്യമന്ത്രിയുമായി ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ സംസാരിച്ചത്. മുഖ്യമന്ത്രിയും ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു.നവംബര്‍ നാലിന് ചേരുന്ന സിപിഐ യോഗത്തില്‍ തുടര്‍ നടപടി ചര്‍ച്ച ചെയ്യും. അതേസമയം, ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തേക്ക് വന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും പാര്‍ട്ടിയുടെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കരുതെന്നുമാണ് സിപിഐ എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്ന പൊതുവികാരം. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ശക്തമായ അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന ഒരു തീരുമാനവും ഒഴിവാക്കണമെന്ന വികാരവും ചിലര്‍ പങ്കുവെച്ചെങ്കിലും, നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി നിലപാട് കടുപ്പിക്കാനായിരുന്നു തീരുമാനം.

മുഖ്യമന്ത്രിയെ കാണുന്നതിന് മുന്‍പ്, ചര്‍ച്ചയെ പോസിറ്റീവായി കാണുന്നു എന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍, കൂടിക്കാഴ്ചകള്‍ക്ക് ശേഷം, പുന്നപ്ര-വയലാര്‍ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ നിന്ന് പുറപ്പെട്ടു. ബിനോയ് വിശ്വവും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്

എല്‍ഡിഎഫ് വിളിക്കണമെന്ന് സിപിഐ

പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ തങ്ങളുടെ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിയും സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗവും ശക്തമായി വ്യക്തമാക്കി. പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉടന്‍ എല്‍.ഡി.എഫ്. യോഗം വിളിക്കണമെന്നതാണ് സി.പി.ഐയുടെ പ്രധാന ആവശ്യം. പദ്ധതിയില്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് മുന്നണിയെ ഇരുട്ടില്‍ നിര്‍ത്തിയെന്ന സി.പി.ഐയുടെ മുന്‍ വിമര്‍ശനങ്ങള്‍ക്ക് ഇതുവരെ രേഖാമൂലമുള്ള മറുപടി ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, എല്‍.ഡി.എഫ്. വേദികളില്‍ വിശദമായ ചര്‍ച്ച അനിവാര്യമാണെന്ന് പാര്‍ട്ടി നിലപാടെടുക്കും.

ഏതെങ്കിലും തരത്തിലുള്ള മെല്ലെപ്പോക്കുകളോ ഉപസമിതി ചര്‍ച്ചകളോ അംഗീകരിക്കേണ്ടതില്ലെന്ന് സി.പി.ഐ നിലപാടെടുത്തു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സ്വീകരിക്കേണ്ട കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ബിനോയ് വിശ്വത്തെ എക്‌സിക്യൂട്ടീവ് ചുമതലപ്പെടുത്തിയിരുന്നു.