കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ എല്ലാവര്‍ക്കും എതിരെ വിമര്‍ശനം വരാറുണ്ടെന്നും അതാണ് രീതിയെന്നുമാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്നലെ പറഞ്ഞത്. കണ്ണൂരുകാര്‍ക്ക് പാര്‍ട്ടിയില്‍ എല്ലാ സ്ഥാനങ്ങളും പതിച്ചുകൊടുക്കുന്നുവെന്നും ചില പ്രതിനിധികള്‍ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയായാലും, പാര്‍ട്ടി സെക്രട്ടറി ആയാലും വിമര്‍ശനം വരുമെന്നായിരുന്നു എം വി ഗോവിന്ദന്റെ ന്യായീകരണം. എന്നാല്‍, ശനിയാഴ്ചയും പാര്‍ട്ടി സെക്രട്ടറിക്ക് എതിരെ തന്നെയായിരുന്നു രൂക്ഷ വിമര്‍ശനം. ജില്ലാ സമ്മേളനങ്ങളില്‍ പൊലീസിനും ആഭ്യന്തര വകുപ്പിനും എതിരെ ശബ്ദം ഉയര്‍ത്തിയവര്‍ പോലും സംസ്ഥാന സമ്മേളനത്തില്‍ പിണറായിയെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയില്ല.

സമ്മേളനത്തിലെ പൊതു ചര്‍ച്ചയിലാണ് എം വി ഗോവിന്ദന് എതിരെ വിമര്‍ശനം ഉയര്‍ന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം മുതല്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയര്‍ന്ന എല്ലാ വിവാദങ്ങളും ചര്‍ച്ചയില്‍ സൂക്ഷ്മമായി പരിശോധിച്ചു. പാര്‍ട്ടി സെക്രട്ടറിക്ക് നിലപാടുകളില്‍ വ്യക്തതയില്ല. ഒരേ കാര്യത്തില്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പല അഭിപ്രായങ്ങള്‍ പറയുന്നത് അണികളില്‍ പോലും ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നായിരുന്നു വിമര്‍ശനം.വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്ന കാര്യത്തില്‍ എംവി ഗോവിന്ദനും ജാഗ്രത കാണിക്കണമെന്ന് പ്രതിനിധികള്‍ പറഞ്ഞു.

മെറിറ്റും മൂല്യങ്ങളും ആവര്‍ത്തിക്കുന്ന പാര്‍ട്ടി സെക്രട്ടറി പദവികള്‍ വരുമ്പോള്‍ കാണിക്കുന്ന കണ്ണൂര്‍ പക്ഷപാതിത്വം വരെ പ്രതിനിധികള്‍ വിമര്‍ശിക്കുകയുണ്ടായി. വിമര്‍ശനങ്ങള്‍ക്ക് പാര്‍ട്ടി സെക്രട്ടറിയും മറുപടി നല്‍കിയിരുന്നു. ഒന്നും വ്യക്തിപരമായി കാണുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഘടനാ സംവിധാനത്തിന് അപ്പുറത്ത് മുഖ്യമന്ത്രിക്ക് പാര്‍ട്ടിയിലുള്ള മേല്‍ക്കൈയാണ് പൊതു ചര്‍ച്ചയിലുടനീളം പ്രതിഫലിച്ചത്. ആസൂത്രിതമെന്ന് പോലും തോന്നും വിധം ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പാര്‍ട്ടി സെക്രട്ടറിയുടെ മറുപടിക്കും വലിയ പ്രസക്തിയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ കാരണമന്വേഷിച്ചപ്പോള്‍ തിരുത്താന്‍ ഏറെയുണ്ടെന്നായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

സമ്മേളന നടത്തിപ്പില്‍ ഉടനീളം ചര്‍ച്ചകളുടെ ഗതി നിയന്ത്രിച്ചത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണ സംവിധാനമാണ്. വിമര്‍ശനത്തിന്റെയും വിഭാഗീയതയുടേയും നിഴല്‍ എങ്കിലും പ്രതീക്ഷിക്കുന്ന ജില്ലാ സമ്മേളനങ്ങളിലെല്ലാം മുഖ്യമന്ത്രി നേരിട്ടെത്തി മുഴുവന്‍ സമയവും ചെലവഴിച്ചിരുന്നു. തെറ്റുതിരുത്തല്‍ ഊന്നി പറഞ്ഞ് സംസ്ഥാന സമ്മേളനത്തിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോള്‍ എംവി ഗോവിന്ദന് നേരേയായി സര്‍വ്വരുടെയും അമ്പുകള്‍.