- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധിയും ശ്രീനാരയണ ഗുരുവും കണ്ടു മുട്ടി കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തില്‍ സുധാകരനും ദിവാകരനും യുഡിഎഫിനൊപ്പം എത്തുമോ? കോണ്‍ഗ്രസ് വേദിയിലേക്ക് രണ്ടു മുന്‍ ഇടത് മന്ത്രിമാരെത്തുന്ന രാഷ്ട്രീയ കൗതുകത്തിന് സത്യന്‍ സ്മാരകം വേദിയാകും; മൊഴിയും വഴിയും-ആശയ സാഗര സംഗമത്തിന് പ്രസക്തി കൂടുമ്പോള്‍
തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരന്‍ കെപിസിസി പരിപാടിയില്‍ പങ്കെടുക്കും. മഹാത്മാഗാന്ധി-ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തിലാണ് സുധാകരന്‍ പങ്കെടുക്കുക. ബുധനാഴ്ച തിരുവനന്തപുരത്തെ സത്യന്‍ സ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. വി.എം.സുധീരനാണ് ചടങ്ങിന് അധ്യക്ഷത വഹിക്കുക. ഏറെ രാഷ്ട്രീയ പ്രാധാന്യം ഈ ചടങ്ങിനുണ്ട്. കെപിസിസിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഈ പരിപാടിയിലേക്ക് സുധാകരന്‍ എത്തുന്നത്. സിപിഎം വേദികളില്‍ പോലും ഇപ്പോള്‍ സുധാകരന്‍ സജീവമല്ലെന്നിരിക്കെ കെപിസിസിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് വലിയ ചര്‍ച്ചയായിട്ടുണ്ട്. സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി ദിവാകരനും ചടങ്ങിനെത്തും. സുധാകരനും ദിവാകരനും ഇടതു നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്നവരാണ്.
ആലപ്പുഴ ജില്ലയിലെ സാധാരണക്കാരുടെ മനസ്സറിയുന്ന നേതാവാണ് ജി സുധാകരന്‍. എന്നാല്‍, പ്രായത്തിന്റെ പേരു പറഞ്ഞ് അദ്ദേഹത്തെ മൂലക്കിരുത്തിയിരിക്കയാണ് സിപിഎം. മത്സരിക്കാന്‍ അവസരം പോലും നല്‍കാതെ തഴിഞ്ഞിരിക്കയാണ് നേതൃത്വം. പിണറായി വിജയന്റെ അടക്കം ഗുഡ്ബുക്കില്‍ നിന്നും പുറത്തുപോയ ജി സുധാകരന്റെ അനിഷ്ടം മനസ്സിലാക്കി അദ്ദേഹത്തെ അടര്‍ത്തിയെടുക്കാന്‍ ശ്രമങ്ങളുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തുണ്ടെന്നതാണ് വസ്തുത. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ അദ്ദേഹത്തെ വീട്ടിലെത്തിയ കണ്ടപ്പോല്‍ മുതല്‍ തുടങ്ങിയ അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ബിജെപിയും അദ്ദേഹത്തിന് വേണ്ടി ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. നീതിമാനായ മന്ത്രിയെന്ന് സുധാകരനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തുവന്നിരുന്നു. മന്ത്രിസ്ഥാനത്തിരുന്നപ്പോള്‍ നീതി പൂര്‍വമായി ഇടപെട്ടയാളാണ് സുധാകരനെന്നും അദ്ദേഹത്തിനു കെ.സി വേണുഗോപാലുമായി വ്യക്തിപരമായി ബന്ധമുണ്ടെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞിരുന്നു. ജി.സുധാകരനെ അടുപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കം മറികടക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം ശ്രമം നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല. ഇതിനിടെയാണ് കെപിസിസി വേദിയില്‍ സുധാകരന്‍ ഇറങ്ങുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ഒരു സീറ്റില്‍ സുധാകരന്‍ മത്സരിക്കുമെന്നും സൂചനയുണ്ട്.
സിപിഎം സമ്മേളനത്തില്‍ സുധാകരന്‍ പങ്കെടുത്തിരുന്നില്ല. അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍ വിളിച്ചില്ല. ജില്ലാ സമ്മേളനത്തില്‍ പോയില്ല. കൊല്ലത്തും സുധാകരന്‍ ഇല്ലാതെയാണ് സമ്മേളനം നടത്തിയത്. ഇതിനിടെ സഖാക്കളെ വിമര്‍ശിച്ച് കവിതയും എഴുതി. സുധാകരന്‍ സാധാരണ അംഗം ആയതിനാലാണ് അമ്പലപ്പുഴ ഏരിയ സമ്മേളനത്തില്‍ പങ്കെടുക്കിപ്പിക്കാതിരുന്നതെന്നും ബുദ്ധിമുട്ടിക്കാതിരിക്കാനാണ് പൊതുസമ്മേളനത്തില്‍ ക്ഷണിക്കാതിരുന്നതെന്നുമായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാട്. എന്നാല്‍ ഒരു മുതിര്‍ന്ന അംഗത്തെ ഇങ്ങനെ വിശേഷിപ്പിക്കരുതെന്നും അവര്‍ക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കണമെന്നുമാണ് ആ ഘട്ടത്തില്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ എം.വി ഗോവിന്ദന്‍ നേരിട്ട് വിളിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഒരു സമ്മേളനത്തിനും സുധാകരന്‍ പോയില്ല. ഇതോടെ സിപിഎമ്മും സുധാകരനെ പൂര്‍ണ്ണമായും തഴഞ്ഞുവെന്ന് തെളിയുകയും ചെയ്തു.
ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ കണ്ടതിന്റെ ശതാബ്ദി ആഘോഷ പരിപാടിയിലാണ് ജി സുധാകരന്‍ പങ്കെടുക്കുന്നത്. നാളെ തിരുവനന്തപുരത്താണ് ചടങ്ങ്. യുഗപുരുഷന്മാരുടെ സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും മൊഴിയും വഴിയും-ആശയ സാഗര സംഗമം എന്ന പേരില്‍ സെമിനാറും ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും. സിപിഎം നടപടികളിലെ അത്യപ്തിക്കിടെയാണ് ജി സുധാകരന്‍ കെപിസിസിയുടെ ക്ഷണം സ്വീകരിക്കുന്നത്. നേരത്തെ ആലപ്പുഴയില്‍ ലീഗിന്റെ പരിപാടിയിലും സുധാകരന്‍ പങ്കെടുത്തിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നേരത്തെ സുധാകരനെ വീട്ടിലെത്തി കണ്ടിരുന്നു. സിപിഐയില്‍ ഒറ്റപ്പെട്ട ദിവാകരനും കോണ്‍ഗ്രസ് വേദിയില്‍ എത്തുന്നു. ഇവരുടെ ഈ പരിപാടിയിലെ പ്രസംഗം എല്ലാ അര്‍ത്ഥത്തിലും ശ്രദ്ധേയമായി മാറും. തങ്ങളുടെ രാഷ്ട്രീയ നിലപാട് അവര്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
സിപിഎമ്മിന്റെ പ്രായപരിധി മാനദണ്ഡത്തില്‍ ചിലര്‍ക്കു പ്രത്യേക ഇളവ് നല്‍കിയതില്‍ വിമര്‍ശനവുമായി ജി.സുധാകരന്‍ ഇന്നും വാര്‍ത്തകളില്‍ നിറയുന്നുണ്ട്. പ്രായം മറച്ചു പലരും സിപിഎം നേതൃത്വത്തില്‍ തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.'' 75 വയസ്സാകുമ്പോള്‍ ഒഴിയണമെന്നാണു മാനദണ്ഡം. 75 വയസ്സ് ഏതു ദിവസം ആകുന്നോ അന്ന് ഒഴിയണം. രണ്ടോ മൂന്നോ മാസം കഴിഞ്ഞാല്‍ 75 വയസ്സാകുന്നുവരുണ്ടല്ലോ. പ്രായപരിധി കഴിഞ്ഞാലും അവര്‍ക്ക് 3 വര്‍ഷം കൂടി തുടരാം''. താന്‍ 75 വയസ്സു ആകുന്നതിനു മുന്‍പേ സ്വയം ഒഴിഞ്ഞുകൊടുത്ത ആളാണെന്നും സുധാകരന്‍ പറഞ്ഞു. സമ്മേളനം നടക്കുന്ന സമയത്ത് 75 വയസ്സായില്ലെന്ന കാരണത്താല്‍ ഇ.പി.ജയരാജന്‍, ടി.പി.രാമകൃഷ്ണന്‍ എന്നിവരെ സിപിഎം സംസ്ഥാന സമിതിയില്‍ നിലനിര്‍ത്തിയിരുന്നു. ഇ.പി.ജയരാജനു മേയിലും ടി.പി.രാമകൃഷ്ണനു ജൂണിലുമാണ് 75 വയസ്സ് പൂര്‍ത്തിയാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനു കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ തന്നെ പ്രായപരിധി നിബന്ധനയില്‍ ഇളവ് ലഭിച്ചിരുന്നു.