കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് എംപിമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ്് തീരുമാനത്തില്‍ കടുത്ത അതൃപ്തിയില്‍ മുതിര്‍ന്ന നേതാവ് കെ സുധാകരന്‍. തന്റെ വഞ്ചിച്ചു എന്ന വികാരമാണ് കെ സുധാകരനുള്ളത്. കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റുമ്പോള്‍ നിയമസഭയിലേക്ക് സീറ്റ് നല്‍കാമെന്ന് ഹൈക്കമാന്‍ഡ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ വാഗ്ദാനം ലംഘിക്കപ്പെടുകയാണ്. ഇതില്‍ കടുത്ത അമര്‍ഷത്തിലാണ് സുധാകരന്‍. കെ സുധാകരന് സീറ്റ് നിഷേധിക്കുന്ന പക്ഷം പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടാകും. സുധാകരന് വേണ്ടി തെരുവില്‍ ഇറങ്ങാന്‍ തയ്യാറായി അണികളും രംഗത്തുണ്ട്.

നിയമസഭയില്‍ സീറ്റു നല്‍കാമെന്ന് മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഉറപ്പു നല്‍കിയതാണെന്നും രാഹുല്‍ ഗാന്ധിക്ക് ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടെന്നുമാണ് കെ സുധാകരന്‍ പക്ഷം വ്യക്തമാക്കുന്നത്. ഇപ്പോള്‍ ചതിക്കപ്പെട്ടു എന്ന വികാരമാണ് സുധാകരനുള്ളത്. കടുത്ത അതൃപ്തിയിലുള്ള സുധാകരന്റെ തീരുമാനം എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ സുധാകരന്‍ കേരളത്തിലേക്ക് മടങ്ങി. സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സുധാകരന്റെ പ്രതിഷേധം. എംപിമാര്‍ മത്സരിക്കണോ വേണ്ടയോ എന്നതുള്‍പ്പെടെ വിവിധ കാര്യങ്ങളില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുകയാണ്.

കെ സുധാകരന് പ്രതിഷേധം ഒന്നുമില്ലെന്നും സുധാകരന്‍ മടങ്ങിയത് നാട്ടില്‍ പരിപാടി ഉള്ളതുകൊണ്ടാണെന്നും കെപിസിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. സുധാകരനുമായി ഇന്നലെ കൂടികാഴ്ച്ച നടത്തിയിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. വിഡി സതീശന്‍, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

കണ്ണൂരില്‍ മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരനെ പിന്തുണച്ച് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കെ സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണെന്നും ഒതുക്കാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നുമാണ് പോസ്റ്ററില്‍ പറയുന്നത്. കെപിസിസി ഓഫീസിന് മുന്നിലാണ് സുധാകരന്‍ അനുകൂലികളുടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സുധാകരനെ മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

നേരത്തെയും കെ സുധാകരനെ പിന്തുണച്ച് കണ്ണൂര്‍ നഗരത്തില്‍ വ്യാപക ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'കെ സുധാകരന്‍ തുടരും' എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടത്. കെ സുധാകരന്റെ നിയമസഭ സ്ഥാനാര്‍ത്ഥിത്വത്തിലെ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് സുധാകരന്‍ രംഗത്തെത്തിയിരുന്നു. കണ്ണൂരില്‍ മത്സരിക്കാന്‍ കഴിയും എന്ന പ്രതീക്ഷ 110 ശതമാനം ഉണ്ടെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. സീറ്റ് ലഭിച്ചില്ലെങ്കില്‍ സുധാകരന്‍ എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.

കെ സുധാകരന്‍ അടക്കമുള്ള എംപിമാരുമായി ഇന്നും ആശയവിനിമയം നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ്, സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ അതൃപ്തി പ്രകടിപ്പിച്ച്, പാര്‍ലമെന്റ് സമ്മേളനത്തിലും പങ്കെടുക്കാതെ സുധാകരന്‍ നാട്ടിലേക്ക് മടങ്ങിയത്. അസമില്‍ ഗൗരവ് ഗോഗോയ് എംപി നിയമസഭയിലേക്ക് മത്സരിക്കുന്നതാണ്, കേരളത്തില്‍ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച എംപിമാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അസമിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഗോഗോയിയെ മത്സരിപ്പിക്കുന്നതെന്നും, കേരളത്തില്‍ അത്തരം പ്രത്യേക സാഹചര്യം ഇല്ലെന്നും ഹൈക്കമാന്‍ഡ് ചൂണ്ടിക്കാട്ടുന്നു. അതേസമയം കെ സുധാകരന് അതൃപ്തി ഇല്ലെന്നും, പിണങ്ങിപ്പോയതല്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. മണ്ഡലത്തില്‍ പരിപാടി ഉള്ളതുകൊണ്ടാണ് സുധാകരന്‍ നാട്ടില്‍ പോയതെന്നും സണ്ണി ജോസഫ് പറയുന്നു.

അതേസമയം മറ്റു ജില്ലകളിലും സീറ്റുചര്‍ച്ചകള്‍ തുടരകയാണ്. തിരുവനന്തപുരം ജില്ലയില്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും ഒന്നിലധികം പേരുകള്‍ പരിഗണനയിലുണ്ട്. പത്തനംതിട്ട ജില്ലയില്‍ ആറന്മുള, കോന്നി, അടൂര്‍ അടക്കമുളള മണ്ഡലങ്ങളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. തൃശൂര്‍ ജില്ലയില്‍ വലിയ പ്രതിസന്ധി നിലനില്‍ക്കുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. എറണാകുളത്തും മലബാറിലെ മണ്ഡലങ്ങളിലും തര്‍ക്കമുണ്ട്. തിങ്കളാഴ്ചയാകും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുക. 70 ശതമാനം മണ്ഡലങ്ങളിലും തിങ്കളാഴ്ച സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് നീക്കം. സിപിഐ വിട്ട് ഒറ്റയ്ക്ക് മത്സരിക്കും എന്ന് പ്രഖ്യാപിച്ച നാട്ടിക എംഎല്‍എ സിസി മുകുന്ദന്‍ ദില്ലിയില്‍ എത്തി. കെ സി വേണുഗോപാലുമായി മുകുന്ദന്‍ കൂടിക്കാഴ്ച നടത്തിയേക്കും. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സ്ഥിരമായി തോല്‍ക്കുന്നവരെ ഒഴിവാക്കാനാണ് തീരുമാനം.

സ്‌ക്രീനിംഗ് കമ്മിറ്റി ഈ ഘട്ടത്തില്‍ മാനദണ്ഡം കര്‍ശനമാക്കും. തിരുവനന്തപുരത്തേതടക്കം മണ്ഡലങ്ങളിലെ ചില നേതാക്കള്‍ ഒഴിവായേക്കും. അതേസമയം, സിസി മുകുന്ദനുമായി സഹകരിക്കുന്നതില്‍ എതിര്‍പ്പ് ശക്തമാണ്. മുകുന്ദനുമായി സഹകരിക്കുന്നതില്‍ പ്രാദേശിക നേതൃത്വത്തിനാണ് എതിര്‍പ്പ്. അതിനാല്‍ തന്നെ സിസി മുകുന്ദന് 'കൈ' കൊടുത്തേക്കില്ലെന്നാണ് വിവരം. അതേസമയം, കോണ്‍ഗ്രസിനോട് സഹകരിക്കാന്‍ മുകുന്ദന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.