- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കേരളം' എന്ന പേരുമാറ്റത്തില്‍ കൈകോര്‍ക്കാം; പിണറായിയുടെ കത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി; 'കേരളം' നമ്മുടെ വേരുകളുടെ പേര്; ബിജെപിയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി; കത്ത് പങ്കുവച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍
പിണറായിയുടെ കത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി;

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് ഔദ്യോഗികമായി പുനഃസ്ഥാപിക്കാനുള്ള നിയമസഭാ പ്രമേയത്തിന് പിന്തുണ നല്‍കിയതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്ത് പങ്കുവെച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് രാജീവ് ചന്ദ്രശേഖര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
'കേരളം' എന്ന പേര് നമ്മുടെ ചരിത്രത്തെയും ഭാഷയെയും വേരുകളെയും പ്രതിഫലിപ്പിക്കുന്നതാണെന്നും, ആ പേര് പുനഃസ്ഥാപിക്കുന്നത് നമ്മുടെ പൈതൃകത്തോടുള്ള ആദരവിന്റെ അടയാളം കൂടിയാണെന്നും അദ്ദേഹം കുറിച്ചു. ഈ വിഷയത്തില്‍ നിയമസഭ പാസാക്കിയ പ്രമേയത്തിന് രാജീവ് ചന്ദ്രശേഖര്‍ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് നന്ദി അറിയിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന് കത്തയച്ചത്.
കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും വിശ്വാസവും സംരക്ഷിക്കുന്നതിനായാണ് ബിജെപിയും എന്‍ഡിഎയും എക്കാലവും നിലകൊണ്ടിട്ടുള്ളതെന്നും രാജീവ് ചന്ദ്രശേഖര്‍ തന്റെ പോസ്റ്റില്‍ വ്യക്തമാക്കി. നിര്‍ഭാഗ്യവശാല്‍, ഈ മൂല്യങ്ങളെയും വിശ്വാസങ്ങളെയും നിരാകരിക്കുന്ന നിലപാടാണ് സംസ്ഥാനത്തെ പല രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
വികസിത കേരളം, സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം എന്നിവ തങ്ങളെ സംബന്ധിച്ചിടത്തോളം വെറും മുദ്രാവാക്യങ്ങള്‍ മാത്രമല്ല, ഒരു ദൗത്യം കൂടിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിനും മലയാളി സമൂഹത്തിനും നന്മ വരുത്തുന്ന എല്ലാ കാര്യങ്ങള്‍ക്കും എന്നും തന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. സംസ്ഥാനത്തിന്റെ പേര് മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ ബിജെപിയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചുള്ള മുഖ്യമന്ത്രിയുടെ കത്തും അതിനോടുള്ള രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണവും ശ്രദ്ധേയമാകുകയാണ്.
പോസ്റ്റിന്റെ പൂര്‍ണരൂപം
മുഖ്യമന്ത്രി പിണറായി വിജയന്‍ ജി, താങ്കളുടെ കത്തിന് നന്ദി. 'കേരളം' എന്ന പേര് നമ്മുടെ ചരിത്രത്തെയും ഭാഷയെയും വേരുകളെയും പ്രതിഫലിപ്പിക്കുന്നതാണ്. ആ പേര് പുനഃസ്ഥാപിക്കുക എന്നത് നമ്മുടെ പൈതൃകത്തോടുള്ള ആദരവിന്റെ അടയാളം കൂടിയാണ്. കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും വിശ്വാസവും സംരക്ഷിക്കുന്നതിനായാണ് ബിജെപി/എന്‍ഡിഎ എക്കാലവും നിലകൊണ്ടിട്ടുള്ളത്.
എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍, ഈ മൂല്യങ്ങളെയും വിശ്വാസങ്ങളെയും നിരാകരിക്കുന്ന നിലപാടാണ് സംസ്ഥാനത്തെ പല രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിച്ചിട്ടുള്ളത്.ഞങ്ങളെ സംബന്ധിച്ചിടത്തോളം വികസിത കേരളം, സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം എന്നിവ വെറും മുദ്രാവാക്യങ്ങള്‍ മാത്രമല്ല; അത് ഞങ്ങളുടെ ദൗത്യം കൂടിയാണ്. കേരളത്തിനും മലയാളി സമൂഹത്തിനും നന്മ വരുത്തുന്ന എല്ലാ കാര്യങ്ങള്‍ക്കും എന്നും എന്റെ പിന്തുണയുണ്ടാകും.


