- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ണാദുരൈയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ തീവണ്ടി ബോഗികള്‍ക്ക് മുകളിരുന്നു യാത്ര ചെയ്തു മരണപ്പെട്ടവര്‍ നിരവധി; എംജിആര്‍, ജയലളിത തുടങ്ങിയവരുടെ ശവസംസ്‌കാര നേരത്തും ഈ മാതിരി മരണാചാരങ്ങള്‍ ഉണ്ടായി; ഇത്രയധികം പേര്‍ ആദ്യം; താരപ്രേമത്തിന്റെ അപകടകരമായ അനന്തരഫലങ്ങളെന്ന് ജോയ് മാത്യു
താരപ്രേമത്തിന്റെ അപകടകരമായ അനന്തരഫലങ്ങളെന്ന് ജോയ് മാത്യു
കരൂര്‍: തമിഴക വെട്രി കഴകം (TVK) നേതാവും നടനുമായ വിജയ് സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തില്‍ കുട്ടികളടക്കം നിരവധി പേര്‍ മരിച്ച സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി നടന്‍ ജോയ് മാത്യു ഒരു നടനെ കാണാന്‍ വേണ്ടി മാത്രമാണ് ഇത്രയധികം ജീവനുകള്‍ പൊലിഞ്ഞതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. എന്തിനു വേണ്ടിയാണ് മനുഷ്യരിങ്ങനെ ബലിയാകുന്നത് എന്ന ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തുന്നത്.
വിജയ് എന്ന നടനെ കാണാനായി തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലുണ്ടായ അപകടത്തില്‍ നാല്പതോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ പത്തിലധികം കുട്ടികളാണെന്നത് ഏറെ വേദനാജനകമാണെന്ന് ജോയ് മാത്യു ചൂണ്ടിക്കാട്ടി. അനീതിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്കോ, യുദ്ധവിരുദ്ധ പ്രചാരണങ്ങള്‍ക്കോ, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനോ, തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ, അഴിമതിക്കെതിരെയോ, ഭരണമാറ്റത്തിനോ വേണ്ടിയുള്ള ഒരു നീക്കമായിരുന്നില്ല ഈ സമ്മേളനമെന്നും, മറിച്ച് കേവലം ഒരു താരത്തെ കാണാന്‍ വേണ്ടി മാത്രമാണ് ഇത്രയധികം മനുഷ്യര്‍ ജീവന്‍ ബലിയര്‍പ്പിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.
മാധ്യമങ്ങളും ആരാധകരും സൃഷ്ടിച്ചെടുക്കുന്ന അതിമാനുഷിക പരിവേഷം കാരണം താരങ്ങള്‍ തങ്ങളെപ്പോലെ സാധാരണ മനുഷ്യരാണെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ലെന്നും ജോയ് മാത്യു പറഞ്ഞു. തമിഴ്‌നാട്ടില്‍ ഇത്തരം ദുരന്തങ്ങള്‍ മുന്‍പും സംഭവിച്ചിട്ടുണ്ടെന്നും, അണ്ണാദുരൈയുടെ സംസ്‌കാര ചടങ്ങില്‍ തീവണ്ടിയുടെ മുകളില്‍ യാത്ര ചെയ്ത് മരിച്ചവരും, എം.ജി.ആര്‍, ജയലളിത തുടങ്ങിയവരുടെ മരണാനന്തര ചടങ്ങുകളിലും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍, ഒരു താരത്തെ കാണാന്‍ മാത്രം വന്ന് തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം ഇത്രയധികം പേര്‍ മരിക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാര മോഹങ്ങളുടെ പ്രദര്‍ശനങ്ങളില്‍ നിരപരാധികളായ കുഞ്ഞുങ്ങളും അവിവേകികളായ മനുഷ്യരും അതിവൈകാരികതയുടെ ഇരകളാകുന്നതിനെയും അദ്ദേഹം വേദനയോടെ രേഖപ്പെടുത്തി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ജോയ് മാത്യു അനുശോചനം രേഖപ്പെടുത്തി. താരപ്രേമത്തിന്റെ അപകടകരമായ അനന്തരഫലങ്ങളാണ് ഈ ദുരന്തം അടിവരയിട്ട് കാണിക്കുന്നതെന്ന് അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നു.
ജോയ് മാത്യുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
താരാരാധനയുടെ ബലിമൃഗങ്ങള്‍
-
വിജയ് എന്ന തമിഴ് താരത്തെ കാണാന്‍ ,കേള്‍ക്കാന്‍ തടിച്ചുകൂടിയവരില്‍ നാല്പതോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് .അതില്‍ പത്തിലധികം പേരും കുട്ടികള്‍ .
എന്തൊരു ദുരന്തം !
എന്തിനു വേണ്ടിയാണ് മനുഷ്യരിങ്ങനെ ബലിയാകുന്നത് ?
അനീതിക്കെതിരെയുള്ള ഒരു പ്രക്ഷോഭത്തിന്റെ ഭാഗമായാണോ ? അല്ല.
യുദ്ധവിരുദ്ധ മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന പ്രകടനമാണോ ? അല്ല.
ദാരിദ്ര്യനിര്‍മാര്‍ജനത്തിനോ തൊഴിലില്ലായ്മ പരിഹരിക്കാനോ
അഴിമതിക്കെതിരെയോ ഇനി ഭരണമാറ്റത്തിന് വേണ്ടി തന്നെയോ ആണോ ?അല്ല .
എല്ലാം വിജയ് എന്ന താരത്തെ കാണാന്‍;കേള്‍ക്കാന്‍.
താരം എന്നത് മറ്റെല്ലാ മനുഷ്യരെയും പോലെ തിന്നുകയും തൂറുകയും ചെയ്യുന്ന ഒരു മനുഷ്യനാണെന്നും അമാനുഷ കഴിവുകളൊന്നും തന്നെയില്ലാത്ത സദാ മനുഷ്യനാണെന്നും
മാധ്യമങ്ങളും ആരാധക വങ്കന്മാരും മിത്തിക്കല്‍ പരിവേഷത്തില്‍ സൃഷ്ടിച്ചെടുക്കുന്ന
ഒന്നാണെന്നും എന്നാണ് ഇവര്‍ മനസ്സിലാക്കുക ?
തമിഴ് നാടിനെ സംബന്ധിച്ചു ഇത്തരം ബലികള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.
മുഖ്യമന്ത്രി അണ്ണാദുരൈയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ തീവണ്ടി ബോഗികള്‍ക്ക് മുകളിരുന്നു യാത്ര ചെയ്തു മരണപ്പെട്ടവര്‍ നിരവധി. എംജിആര്‍,ജയലളിത
തുടങ്ങിയവരുടെ ശവസംസ്‌കാര നേരത്തും ഈ മാതിരി മരണാചാരങ്ങള്‍ ഉണ്ടായിരുന്നു .
എന്നാല്‍ ഒരു താരത്തെക്കാണാനും കേള്‍ക്കാനും വന്ന് തിക്കുതിരക്കുകളില്‍പ്പെട്ടു കുട്ടികളടക്കം ഇത്രയധികം പേര്‍ ബലിയാടുകളാകുന്നത് ആദ്യം.
അധികാരത്തിനു വേണ്ടിയുള്ള ആള്‍ക്കൂട്ട പ്രദര്‍ശനത്തില്‍ അതി വൈകാരികതയുടെ ഇരകളാകുന്നത് നിഷ്‌കളങ്കരായ കുഞ്ഞുങ്ങളും ബോധമില്ലാത്ത മനുഷ്യരും .
മരിച്ചവരുടെ കുടുംബങ്ങളോട്
അനുശോചനം രേഖപ്പെടുത്തുന്നു