'അജിത് സാറിനോടും അദ്ദേഹത്തിന്റെ ആരാധകരോടും ടീമിനോടും എല്ലാവരോടും ഉള്ള സ്‌നേഹം; ഡ്രാഗണ്‍ ചിത്രം റിലീസ് തിയതി മാറ്റി; ചിത്രം ഫെബ്രുവരി 21-ന്
'ഓ മൈ കടവുളേ' എന്ന റൊമാന്റിക് കോമഡി സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് അശ്വത് മാരിമുത്തു. അശോക് സെല്‍വന്‍ നായകനായി എത്തിയ ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടുകയും ബോക്‌സ് ഓഫീസില്‍ വലിയ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഓ മൈ കടവുളേക്ക് ശേഷം അശ്വത് ഒരുക്കുന്ന സിനിമയാണ് ഡ്രാഗണ്‍. നടനും സംവിധായകനുമായ പ്രദീപ് രംഗനാഥന്‍ ആണ് സിനിമയില്‍ നായകനായി എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് നീട്ടിയതായുള്ള വാര്‍ത്തകളാണ് വരുന്നത്.
ഫെബ്രുവരി 14 ല്‍ നിന്ന് ഫെബ്രുവരി 21 ലേക്കാണ് സിനിമയുടെ റിലീസ് നീട്ടിയിരിക്കുന്നത്. അശ്വത് മാരിമുത്തു തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'അജിത് സാറിനോടും അദ്ദേഹത്തിന്റെ ആരാധകരോടും ടീമിനോടും എല്ലാ സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി, ഫെബ്രുവരി 21-ലേക്ക് ഞങ്ങളുടെ സിനിമയുടെ റിലീസ് നീട്ടുന്നു,' എന്ന് അദ്ദേഹം കുറിച്ചു.
റൊമാന്റിക് കോമഡി ജോണറില്‍ ആണ് സിനിമയെത്തുന്നത് എന്നാണ് ഇതുവരെ വന്ന സിനിമയുടെ പ്രൊമോയില്‍ നിന്ന് മനസിലാകുന്നത്. സിനിമയിലേതായി പുറത്തുവന്ന ഗാനങ്ങള്‍ക്കെല്ലാം നല്ല റെസ്‌പോണ്‍സ് ആണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. കയതു ലോഹര്‍, അനുപമ പരമേശ്വരന്‍, ഗൗതം വാസുദേവ് മേനോന്‍, ജോര്‍ജ് മരിയന്‍, കെ എസ് രവികുമാര്‍ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എന്റര്‍ടൈയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന സിനിമയാണിത്.