പൊങ്കലാഘോഷിക്കാന്‍ രജനിയുടെ ജയിലര്‍ 2; രണ്ട് പ്രെമോ ടീസറുകള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്; ഇന്ത്യയില്‍ 15 നഗരങ്ങളില്‍; കേരളത്തില്‍ 2 തിയേറ്ററുകളില്‍ മാത്രം: ആരാധകര്‍ ആവേശത്തില്‍
രജനികാന്ത് ആരാധകര്‍ ആഘോഷമാക്കിയ വിജയമായിരുന്നു 2023 ല്‍ പുറത്തിറങ്ങിയ ജയിലര്‍ സിനിമയുടേത്. ബീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ജയിലര്‍. സിനിമയ്ക്കൊരു രണ്ടാം ഭാഗം ഒരുങ്ങുന്നെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ നിര്‍മാതാക്കളായ സണ്‍പിച്ചേഴ്സ് കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു പോസിറ്ററില്‍ നിന്ന് ജയിലര്‍ 2 വിന്റെ വരവ് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍.
സണ്‍ പിക്ചേഴ്സിന്റെ അടുത്ത സൂപ്പര്‍ സാഗയുടെ അനൗണ്‍സ്മെന്റ് ടീസര്‍ നാളെ വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാക്കളുടെ പോസ്റ്റ്. ഇതോടെയാണ് ഇത് ജയിലര്‍ 2 വിന്റെ അപ്‌ഡേറ്റ് ആണെന്ന് സോഷ്യല്‍ മീഡിയ ഉറപ്പിച്ചത്. നാലു മിനിറ്റും മൂന്ന് സെക്കന്റും ദൈര്‍ഘ്യമുള്ള സിനിമയുടെ ടീസറിന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒന്നല്ല രണ്ട് ടീസറുകളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പ്രൊമോ ഇന്ന് വൈകിട്ട് ആറ് മണിക്ക് എത്തും. സണ്‍ ടിവിയുടെ യുട്യൂബ് ചാനലുകളിലെ ഓണ്‍ലൈന്‍ റിലീസിനൊപ്പം തെരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിലും പ്രൊമോയുടെ പ്രദര്‍ശനമുണ്ട്. നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് പുറത്തുവിട്ട ലിസ്റ്റ് അനുസരിച്ച് രാജ്യത്തെ 15 നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിലാണ് പ്രൊമോയുടെ റിലീസ് ഉള്ളത്. കേരളത്തില്‍ തിരുവനന്തപുരത്തും പാലക്കാടുമായി രണ്ട് തിയറ്ററുകളിലാണ് പ്രൊമോ പ്രദര്‍ശിപ്പിക്കുക. തിരുവനന്തപുരം ഏരീസ് പ്ലെക്‌സ് ഓഡി 1 ലും പാലക്കാട് അരോമയിലും. അരോമയില്‍ മുപ്പതും ഏരീസില്‍ അന്‍പതുമാണ് പ്രൊമോയ്ക്കുള്ള ടിക്കറ്റ് നിരക്ക്.
ജയിലറില്‍ വിനായകന്‍, രമ്യ കൃഷ്ണന്‍, വസന്ത്, സുനില്‍, തമന്ന, വി ടി വി ഗണേഷ് എന്നിവര്‍ക്കൊപ്പം മോഹന്‍ലാലും കന്നഡ നടന്‍ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളില്‍ എത്തിയിരുന്നു. വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന വില്ലന്‍ വേഷത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആയിരുന്നു ചിത്രം നിര്‍മിച്ചത്. വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആര്‍ നിര്‍മല്‍ ആയിരുന്നു.
അനിരുദ്ധ് ആയിരുന്നു സിനിമയ്ക്കായി സംഗീതസംവിധാനം നിര്‍വഹിച്ചത്. സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിംഗ് കഴിഞ്ഞാലുടന്‍ താരം ജയിലര്‍ 2 വില്‍ ജോയിന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.