അടിച്ച് കേറി മാര്‍ക്കോ; ചിത്രം 115 കോടിയിലേക്ക്; എ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം 100 കോടിയിലധികം കളക്ഷന്‍ നേടുന്ന ചരിത്ര നേട്ടവും മാര്‍ക്കോയിക്ക് സ്വന്തം; സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

Update: 2025-01-21 11:49 GMT

ഉണ്ണി മുകുന്ദനെ നായകനാക്കി ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തി വന്‍ വിജയം സ്വന്തമാക്കിയ ചിത്രം മാര്‍ക്കോ 115 കോടിയിലേക്ക് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇപ്പോഴും 450 ലേറെ സ്‌ക്രീനില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ഇപ്പോള്‍ ആഗോളതലത്തില്‍ 115 കോടി ബിസിനസ് നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പുതിയ അപ്‌ഡേറ്റിന്റെ ചിത്രമാണ് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് താരം സന്തോഷം പങ്കുവെച്ചത്. അതേസമയം മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു എ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം 100 കോടിയിലധികം കളക്ഷന്‍ നേടി എന്ന ഖ്യാതിയും മാര്‍ക്കോയ്ക്ക് സ്വന്തമായിട്ടുണ്ട്. നിലവില്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം വീണ്ടും ഒരു നാഴികകല്ല് പിന്നിട്ടിരിക്കുകയാണ്. മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലോടെ എത്തിയ മാര്‍ക്കോ ബോക്‌സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു.

Full View

ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഹനീഷ് അദേനിയാണ്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച മാര്‍ക്കോയുടെ തിരക്കഥ ഒരുക്കിയതും ഹനീഫ് അദേനിയാണ്. ഡിസംബര്‍ 20നാണ് മാര്‍ക്കോ റിലീസ് ചെയ്തത്. ആദ്യ ഷോ മുതല്‍ മികച്ച പ്രകടനം നേടിയ ചിത്രം ബോളിവുഡില്‍ അടക്കം ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. 'ബാഹുബലി'ക്ക് ശേഷം കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമെന്ന നേട്ടവും മാര്‍ക്കോ നേടിയിട്ടുണ്ട്. ഏപ്രിലിലാണ് സിനിമയുടെ കൊറിയന്‍ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയില്‍ പ്രദര്‍ശനത്തിനെത്തുക.

Similar News