രണ്ടാം വാരത്തിലും മികച്ച പ്രതികരണം; ആസിഫ് അലി ചിത്രം 50 കോടി ക്ലബ്ബിലേക്ക് ?; രേഖാചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്ത്
കൊച്ചി: കൂമൻ, തലവൻ എന്നീ ഹിറ്റ് ചിത്രങ്ങളിലെ പൊലീസ് വേഷങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷം ആസിഫ് അലി വീണ്ടും പൊലീസ് വേഷത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ചിത്രമാണ് 'രേഖാചിത്രം'. റിലീസ് ദിവസം മുതൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോഫിൻ ടി ചാക്കോയാണ്. ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നതെന്നാണ് കളക്ഷൻ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. 40 കോടിയിലധികമാണ് സിനിമയുടെ ഇതുവരെയുള്ള ആഗോള കളക്ഷൻ. കൂടാതെ വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്.
കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ തുടങ്ങിയ ഇതര സംസ്ഥാന നഗരങ്ങളിലും മികച്ച ടിക്കറ്റ് വില്‍പ്പനയുണ്ട് ചിത്രത്തിന്. നിരവധി ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ അവിടങ്ങളിലും ലഭിക്കുന്നുമുണ്ട്. ആറ് ദിവസം കൊണ്ട് 34.3 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തിരുന്നു. രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ചിത്രം 203ൽ നിന്നും 230 തിയേറ്ററുകളിലേക്ക് എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട് എന്നതും വലിയ നേട്ടമാണ്.
ചിത്രത്തിൻ്റെ മേക്കിങ്ങിനും, കഥാപാത്രങ്ങളുടെ പ്രകടനത്തിനും വലിയ കൈയടിയാണ് ലഭിക്കുന്നത്. പുതുമയുള്ള രീതിക്കാണ് ചിത്രം കഥ പറയുന്നതെന്നതും രേഖാചിത്രത്തിന്റെ പോസിറ്റീവാണ്. ആസിഫ് അലിക്കൊപ്പം അനശ്വര രാജനും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കന്യാസ്ത്രീയായാണ് ചിത്രത്തിലെ നായികയായ അനശ്വര രാജന്‍ എത്തുന്നത്.
ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. അപ്പു പ്രഭാകർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദാണ്. മുജീബ് മജീദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.