'നിങ്ങളുടെ ഉള്ളിലെ കുട്ടിക്ക് എത്ര വയസ്സായി..'; തന്ത വൈബുമായി ടൊവിനോ തോമസ്; മുഹ്സിൻ പെരാരി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്
കൊച്ചി: സുഡാനി ഫ്രം നൈജീരിയ, വൈറസ്, തല്ലുമാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ മുഹ്സിൻ പെരാരി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'തന്ത വൈബ്'. ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'നിങ്ങളുടെ ഉള്ളിലെ കുട്ടിക്ക് എത്ര വയസ്സായി' എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്.
ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോയാണ്. സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് വിഷ്ണു വിജയ് ആണ്. ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. കെഎല്‍ 10 എന്ന സിനിമയ്ക്ക് ശേഷം മുഹ്സിൻ സംവിധാനത്തിലെത്തുന്ന ചിത്രമാണിത്.
ഐഡന്റിറ്റിയാണ് ടൊവിനോ തോമസിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.തൃഷ കൃഷ്‌ണയായിരുന്നു ചിത്രത്തിലെ നായിക.സമ്മിശ്ര പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഒ.ടി.ടി സ്ട്രീമിങ്ങിനായി ഒരുങ്ങുകയാണ് ചിത്രം. ബിഗ് ബഡ്ജറ്റ് ചിത്രമായ എൽ2: എമ്പുരാനാണ് ടോവിനോയുടെ വരാനിരിക്കുന്ന ഏറ്റവും വലിയ പ്രൊജക്റ്റ്. ജതിൻ രാംദാസെന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇഷ്‌ക് ഫെയിം അനുർജ് മനോഹറിൻ്റെ പൊളിറ്റിക്കൽ ഡ്രാമയായ നരിവേട്ടയും റിലീസിന് ഒരുങ്ങുകയാണ്. നവാഗതയായ ശിൽപ അലക്‌സാണ്ടറിൻ്റെ അവറാൻ, സൈജു ശ്രീധരൻ്റെ മുൻപേ എന്നിവയാണ് താരത്തിൻ്റെ അണിയറയിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.