ഇവിടെ ഒരു സിനിമ പരാജയപ്പെട്ടാല്‍ കുറ്റം മുഴുവന്‍ അതില്‍ അഭിനയിച്ച നടന്റെ തോളിലാണ്; ഏറെ പ്രതീക്ഷയോടെ ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബാനെന്ന് മോഹന്‍ലാല്‍
ഇവിടെ ഒരു സിനിമ പരാജയപ്പെട്ടാല്‍ കുറ്റം മുഴുവന്‍ അതില്‍ അഭിനയിച്ച നടന്റെ തോളിലാണ്
കൊച്ചി: ലിജോ-മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കണ്ട ചിത്രമാണ് മലൈക്കോട്ടെ വാലിബന്‍. ലിജോ ജോസ് പെല്ലശ്ശേരി സംവിധാനം ചെയ്ത ചിത്രം ജനുവരി 25 ആണ് തിയറ്ററുകളിലെത്തിയത്. എന്നാല്‍ ചിത്രത്തിന് ബോക്‌സോഫീസില്‍ വിജയിക്കാനായില്ല.
ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് പറയുകയാണ് മോഹന്‍ലാല്‍. ഏറെ പ്രതീക്ഷയോടെ ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബനെന്നും ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയിച്ചില്ലെന്നും നടന്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പുതിയ സംവിധായര്‍ക്കൊപ്പം സിനിമ ചെയ്യുന്നത് തനിക്ക് വലിയ വെല്ലുവിളിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
'പുതിയ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യുന്നത് എനിക്ക് വലിയ വെല്ലുവിളിയാണ്. ഞാന്‍ വലിയ പ്രതീക്ഷയോടെ ഒരു ചിത്രം ചെയ്തിരുന്നു, മലൈക്കോട്ടൈ വാലിബന്‍.വളരെ മികച്ച സിനിമയാണത്, പക്ഷേ തിയറ്ററുകളില്‍ സിനിമ പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല. എനിക്കും എന്റെ ആരാധകര്‍ക്കും കുടുംബത്തിനുമെല്ലാം അത് വിഷമമുണ്ടാക്കി. വളരെ ശ്രദ്ധയോടെയാണ് ഞാന്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. ഇവിടെ ഒരു സിനിമ പരാജയപ്പെട്ടാല്‍ അതിന്റെ കുറ്റം മുഴുവന്‍ അതില്‍ അഭിനയിച്ച നടന്റെ തോളിലാണ്. ശരിയല്ലേ'- മോഹന്‍ലാല്‍ പറഞ്ഞു.
ക്രിസ്തുമസ് റിലീസായിട്ടാണ് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് തിയറ്ററുകളിലെത്തുന്നത്.ഒരു ഫാന്റസി ഡ്രാമയായി ഒരുങ്ങുന്ന സിനിമ വമ്പന്‍ ബഡ്ജറ്റില്‍ ത്രീഡിയിലാണ് ഒരുങ്ങുന്നത്.തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമ ചിത്രമായ 'തുടരും, പൃഥ്വിരാജിന്റെ എമ്പുരാന്‍ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍.