തിരിച്ച് വരവിനൊരുങ്ങി ജനപ്രിയ നായകൻ; ദിലീപ് ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാലും ?; ആരാധകർക്ക് ആകാംഷ നൽകി നവാഗതനായ ധനഞ്ജയ് ശങ്കർ ഒരുക്കുന്ന 'ഭ ഭ ബ'
കൊച്ചി: തുടർ പരാജയങ്ങൾക്ക് ശേഷം വലിയൊരു തിരിച്ച് വരവിനൊരുങ്ങുകയാണ് മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ്. വലിയ പ്രതീക്ഷയോടെ ഒരുങ്ങുന്ന താരത്തിന്റെ അടുത്ത ചിത്രമാണ് 'ഭ ഭ ബ'. ചിത്രത്തിന്റെ പ്രഖ്യാപനം എത്തിയത് മുതൽ ആകാംഷയിലാണ് ആരാധകർ. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. ഫാഹിം സഫർ നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റുകൾ പുറത്ത് വരികയാണ്. 'ഭ ഭ ബ' യിൽ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ട്. ട്വൻ്റി 20, ക്രിസ്ത്യൻ ബ്രദേഴ്സ്, ചൈന ടൗൺ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. വിനീത് ശ്രീനിവാസൻ, വൈശാഖ് തുടങ്ങിയ ഹിറ്റ് സംവിധായകരുടെ അസ്സോസിയേറ്റ് കൂടിയായിരുന്നു ചിത്രത്തിന്റെ സംവിധായകനായ ധനഞ്ജയ് ശങ്കർ.
വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ബാലു വർഗീസ്, ശരണ്യ പൊൻവണ്ണൻ, സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, അശോകൻ, മണിയൻപിള്ള രാജു, തമിഴ് നടന്മാരായ റെഡിൻ കിംഗ്സ്ലി, സാൻഡി എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അർമോ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ രഞ്ജൻ എബ്രഹാമാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാനാണ്.
അതേസമയം, വലിയ ഹൈപ്പോടെ തീയേറ്ററുകളിൽ എത്തിയ മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെ 'മലൈകോട്ടൈ വാലിബൻ' വൻ പരാജയമായിരുന്നു. എന്നാൽ മലൈകോട്ടൈ വാലിബന് ശേഷം മോഹൻലാലിന്റേതായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'തുടരും' എന്ന ചിത്രം. വലിയൊരിടവേളക്ക് ശേഷം മോഹൻലാലിനൊപ്പം ശോഭനയും ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
രജപുത്ര ഫിലിംസാണ് മോഹൻലാല്‍ ചിത്രമായ 'തുടരും' നിര്‍മിക്കുന്നത്. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഷണ്‍മുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ ആര്‍ സുനിലിന്റെ കഥയ്ക്ക് സുനിലും തരുണ്‍മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര ആര്‍ട്ട് ഫെസ്റ്റിവലുകളില്‍ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച കെ ആര്‍ സുനില്‍ എഴുത്തുകാരന്‍ കൂടിയാണ്.