ആലപ്പുഴ കളര്‍കോട് വാഹനാപകടം: ഒരു മെഡിക്കല്‍ വിദ്യാര്‍ഥി കൂടി മരിച്ചു; മരണമടഞ്ഞത് പള്ളിച്ചിറ സ്വദേശി ആല്‍വിന്‍ ജോര്‍ജ്; കാറപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം ആറായി

ആലപ്പുഴ കളര്‍കോട് വാഹനാപകടം: ഒരു മെഡിക്കല്‍ വിദ്യാര്‍ഥി കൂടി മരിച്ചു

Update: 2024-12-05 12:38 GMT

ആലപ്പുഴ: ആലപ്പുഴ കളര്‍കോടുണ്ടായ കാറപകടത്തില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് ( 20) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് ആല്‍വിന്‍.

തലച്ചോറ്, ശ്വാസകോശം, വൃക്ക, ഇടതു തുടയെല്ല്, മുട്ടെല്ല് തുടങ്ങിയ അവയവങ്ങളില്‍ ക്ഷതമേറ്റ ആല്‍വിന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോളിട്രോമാ കാറ്റഗറിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതോടെ കളര്‍കോട് കാറപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

അപകടം നടന്ന ദിവസംതന്നെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. നിലവില്‍ നാല് വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. ചേര്‍ത്തല സ്വദേശി കൃഷ്ണദേവ്, കൊല്ലം പോരുവഴി ആനന്ദ് മനു, എറണാകുളം സ്വദേശി ഗൗരീശങ്കര്‍, കൊല്ലം ചവറ പന്മന സ്വദേശി മുഹസ്സിന്‍ മുഹമ്മദ് എന്നിവരാണ് ചികിത്സയിലുള്ളത്. ആനന്ദ് മനുവിന് തുടയെല്ലിനു പൊട്ടലും തലച്ചോറിനും തലയോട്ടിക്കും ക്ഷതവുമുണ്ട്. കൃഷ്ണദേവിന് തിങ്കളാഴ്ച രാത്രി തന്നെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. പുതുക്കുറിച്ചി സ്വദേശി ഷൈന്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു.

കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ദാരുണമായ വാഹനാപകടം ഉണ്ടായത്. രണ്ട് മാസം മുമ്പാണ് അഞ്ച് പേരും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് ചേര്‍ന്നത്. കാറില്‍ 11 പേരുണ്ടായിരുന്നു ഉണ്ടായിരുന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു യുവാക്കള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്ത് എടുത്തത്.

Tags:    

Similar News