ഇ പിയുടെ ആത്മകഥാ രചനാ വിവാദം: ആഭ്യന്തര നടപടിയുമായി ഡിസി ബുക്‌സ്; കരാര്‍ നടപടിക്രമങ്ങളിലെ വീഴ്ചയ്ക്ക് പബ്ലിക്കേഷന്‍സ് മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍; ഔദ്യോഗിക കരാര്‍ ഉണ്ടാക്കിയില്ലെന്ന് രവി ഡിസിയുടെ മൊഴി
ഡിസി ബുക്‌സ് പബ്ലിക്കേഷന്‍സ് മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍
കോട്ടയം: ഇ പി ജയരാജന്റെ ആത്മകഥാ രചനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ രവി ഡിസിയുടെ മൊഴി എടുത്തതിന് പിന്നാലെ ഡി.സി ബുക്സ് ആഭ്യന്തരതല നടപടി സ്വീകരിച്ചു. സംഭവത്തില്‍ പബ്ലിക്കേഷന്‍സ് വിഭാഗം മാനേജര്‍ എ.വി ശ്രീകുമാറിനെ ഡി.സി.ബുക്‌സ് സസ്പെന്‍ഡ് ചെയ്തു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്.
ഇ പി ജയരാജന്റെ ആത്മകഥാ രചനയ്ക്ക് അദ്ദേഹവുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് രവി ഡിസി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കരാര്‍ രേഖകള്‍ ഹാജരാക്കാന്‍ ഉടമ രവി ഡി.സിക്ക് കഴിഞ്ഞില്ല. പുസ്തകം വരുന്നു എന്ന ഫെയ്സ്ബുക്ക് പോസ്റ്റും 170-ല്‍ അധികം വരുന്ന പേജുകളുടെ പി.ഡി.എഫും എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ലെന്നും രവി, അന്വേഷണസംഘത്തോടു പറഞ്ഞു
കോട്ടയം ഡിവൈഎസ്പി കെജി അനീഷ് ആണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് രണ്ടു മണിക്കൂര്‍ നീണ്ടു. മുന്‍ നിശ്ചയിച്ച പ്രകാരം രവി ഡിസി ഡിവൈഎസ്പി ഓഫീസില്‍ ഹാജരാവുകയായിരുന്നു. പുസ്തക വിവാദത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ഇ പി ജയരാജനും ഡിസി ബുക്സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യമാണ് പ്രധാനമായും പൊലീസ് പരിശോധിച്ചത്. പുസ്തക വിവാദത്തില്‍ (ഡിസി ബുക്‌സ്) ഫെസിലിറ്റേറ്റര്‍ മാത്രമാണെന്നായിരുന്നു നേരത്തെ രവി ഡിസി പ്രതികരിച്ചിരുന്നത്. പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നുമായിരുന്നു രവി ഡിസി പറഞ്ഞിരുന്നത്.
ആത്മകഥ വിവാദത്തില്‍ ഇ പി ജയരാജന്റെ മൊഴിയും കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു.കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയിരുന്നത് ഡി സി ബുക്‌സിനെതിരെ ജയരാജന്‍ നിയമ നടപടി സ്വീകരിച്ചിരുന്നു. ആത്മകഥയില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രചരിപ്പിച്ചതിനെതിരെയായിരുന്നു ഇപി ജയരാജന്റെ നിയമനടപടി. ഇപി ജയരാജന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം.
ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ പുറത്തുവന്ന ആത്മകഥാ വിവാദം സിപിഎമ്മിനെയും സര്‍ക്കാറിനെയും വെട്ടിലാക്കിയിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമര്‍ശനം. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നാണ് അടുത്ത വിമര്‍ശനം. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിന്‍ വയ്യാവേലിയാകുമെന്നും പരാമര്‍ശമുണ്ടായിരുന്നു.