പഴയ വീഞ്ഞ് പുതിയ കുപ്പി! ചെങ്ങോട്ടുമലയില്‍ ജനങ്ങള്‍ സമരം ചെയ്ത് ഓടിച്ച ഡെല്‍റ്റ കമ്പനി വീണ്ടും പുതിയ രൂപത്തിലും ഭാവത്തിലും; അമ്യൂസ്‌മെന്റ് പാര്‍ക്കും വെല്‍നസ് ഹബ്ബും വിദ്യാഭ്യാസ പാര്‍ക്കുമായി മന്ത്രി പി രാജീവ് പ്രഖ്യാപിച്ച 'ടൂറിസം പദ്ധതി' തട്ടിപ്പെന്ന് ആരോപണം; രണ്ടാഴ്ച മുമ്പ് 10 ലക്ഷത്തിന് തുടങ്ങിയ കമ്പനി 870 കോടി നിക്ഷേപിക്കുമെന്ന് വ്യാജവാഗ്ദാനം; ചെങ്ങോട്ടുമല മുടിക്കാന്‍ പുതിയ തട്ടിപ്പ്

ചെങ്ങോട്ടുമല മുടിക്കാന്‍ പുതിയ തട്ടിപ്പ്

Update: 2025-10-17 14:15 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുമലയില്‍ 870 കോടി രൂപയുടെ ബൃഹദ് ടൂറിസം-വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപിച്ച വ്യവസായ മന്ത്രി പി. രാജീവിനെതിരെ ഗുരുതര ആരോപണങ്ങള്‍. മുന്‍പ് ജനകീയ സമരം കാരണം ഉപേക്ഷിച്ച ക്വാറി പദ്ധതി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, വളഞ്ഞ വഴിയിലൂടെ പുനഃസ്ഥാപിക്കാനുള്ള 'തട്ടിപ്പാണിതെ'ന്നാണ് വിമര്‍ശനം.

മന്ത്രി രാജീവ് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ച യൂണിബൗണ്ട് കാറ്റലിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ നിക്ഷേപമാണ് വിവാദമായത്. ബാലുശ്ശേരിയിലെ കോട്ടൂര്‍ വില്ലേജില്‍ 96 ഏക്കറിലായിട്ടാണ് അമ്യൂസ്‌മെന്റ് പാര്‍ക്ക്, വെല്‍നസ് ഹബ്ബ്, ദേശീയ സര്‍വ്വകലാശാലയുടെ സ്‌പോണ്‍സേര്‍ഡ് വിദ്യാഭ്യാസ പാര്‍ക്ക് എന്നിവ ഉള്‍പ്പെടുന്ന പദ്ധതി വിഭാവനം ചെയ്യുന്നത്. കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ ഭരിക്കുന്ന സിപിഎം ഭരണസമിതി പോലും മന്ത്രിയുടെ പോസ്റ്റ് കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ്.

പി രാജീവിന്റെ രണ്ടുദിവസം മുന്വുളള ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു

'കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ 870 കോടി രൂപയുടെ നിക്ഷേപത്തിന് യൂണിബൗണ്ട് കാറ്റലിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് നടപടികളാരംഭിച്ചിരിക്കുകയാണ്. ടൂറിസം, വിദ്യാഭ്യാസ മേഖലകളില്‍ വ്യത്യസ്ത പദ്ധതികളിലായി 870 കോടി രൂപ നിക്ഷേപിക്കുന്ന ബൃഹദ് പദ്ധതിയുടെ വിശദറിപ്പോര്‍ട്ടും ഏകജാലക അനുമതിക്കുള്ള അപേക്ഷയും സര്‍ക്കാരിന് സമര്‍പ്പിച്ചുകഴിഞ്ഞു. പദ്ധതിക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അമ്യൂസ്‌മെന്റ് പാര്‍ക്ക്, ദേശീയ സര്‍വ്വകലാശാലകളുടെ സ്‌പോര്‍ട്ട്‌സ് ഇന്റഗ്രേറ്റഡ് വിദ്യാഭ്യാസ പാര്‍ക്ക്, വെല്‍നസ് ഹബ്ബ് എന്നിവ ഉള്‍പ്പെടുന്ന പദ്ധതിയാണ് ബാലുശ്ശേരി കോട്ടൂര്‍ വില്ലേജിലെ 96 ഏക്കറിലായി വിഭാവനം ചെയ്യുന്നത്. ടൂറിസം, വിദ്യാഭ്യാസം, വെല്‍നസ് മേഖലകളിലായി വിവിധ സ്ഥാപനങ്ങള്‍ പദ്ധതിയിലൂടെ യാഥാര്‍ഥ്യമാകും. 2000 തൊഴിലവസരങ്ങള്‍ പ്രത്യക്ഷമായും അതിലധികം തൊഴിലുകള്‍ പരോക്ഷമായും ഇതിലൂടെ സൃഷ്ടിക്കപ്പെടും. സംസ്ഥാന സര്‍ക്കാരിന്റെ ഇ.എസ്.ജി നയത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.'


Full View

870 കോടിയുടെ നിക്ഷേപം കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ പഞ്ചായത്തില്‍ വരുന്നു എന്നാണ് മന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍, ഇത് തട്ടിപ്പാണെന്നാണ് ആക്ഷേപം. ഈ പദ്ധതി ജനകീയ പ്രക്ഷോഭത്തിലൂടെ നിര്‍ത്തിവയ്പ്പിച്ചത് പിന്‍വാതിലിലൂടെ സര്‍ക്കാര്‍ കൊണ്ടുവരികയാണെന്നാണ് ആക്ഷേപം. പഴയ പദ്ധതിയുടെ നടത്തിപ്പുകാര്‍ തന്നെ വീണ്ടും തട്ടിപ്പുമായി ജനതയെ ഇല്ലാതാക്കാന്‍ വരുന്നതിന്റെ സൂചനയാണ്. പദ്ധതിയില്‍ വാഗ്ദാനം ചെയ്യുന്നത് പോലെ അമ്യൂസ്‌മെന്റ് പാര്‍ക്കോ, വിദ്യാഭ്യാസ പാര്‍ക്കോ 2000 തൊഴിലവസരങ്ങളോ വരാന്‍ പോകുന്നില്ല. ക്വാറി നിര്‍മ്മാണം മാത്രമാണ് ലക്ഷ്യം.


Full View

മന്ത്രിയുടെ പ്രഖ്യാപനത്തില്‍ ദുരൂഹതകള്‍

മന്ത്രിയുടെ പ്രഖ്യാപനത്തില്‍ നിരവധി ദുരൂഹതകളുണ്ടെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു. പദ്ധതി നടപ്പാക്കുമെന്ന് പറയുന്ന യൂണിബൗണ്ട് കാറ്റലിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സെപ്റ്റംബര്‍ 25-ന് മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. നിയമപരമായി ഒരു മാസം പോലും പൂര്‍ത്തിയാകാത്ത കമ്പനിയാണിത്. 'കടലാസ് കമ്പനി' യുടെ ആസ്തി-ബാധ്യതകള്‍ വ്യക്തമാക്കാതിരിക്കെ പദ്ധതിയെ കുറിച്ച് ദുരൂഹതകള്‍ ഉയര്‍ന്നിരിക്കുകയാണ്.

പെയ്ഡ് അപ് ക്യാപിറ്റല്‍ വെറും 10 ലക്ഷം രൂപ

870 കോടി രൂപയുടെ പ്രോജക്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ച കമ്പനിയുടെ പെയ്ഡ് അപ് ക്യാപ്പിറ്റല്‍ വെറും 10 ലക്ഷം രൂപ മാത്രമാണ്. ഇത്രയും കുറഞ്ഞ മൂലധനമുള്ള ഒരു 'കടലാസ് കമ്പനി' ഇത്ര വലിയ നിക്ഷേപം നടത്തുമെന്നത് വിശ്വസനീയമല്ലെന്നും, ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണെന്നും ആരോപണമുയര്‍ന്നിരിക്കുകയാണ്.

ചെങ്ങോട്ടുമല ക്വാറി നീക്കത്തിന്റെ തുടര്‍ച്ച

ആറ് വര്‍ഷം മുന്‍പ് ചെങ്ങോട്ടുമലയില്‍ വലിയ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഉപേക്ഷിച്ച ക്വാറി നീക്കത്തിന്റെ തുടര്‍ച്ചയാണിതെന്നാണ് പ്രാദേശിക ജനകീയ സമരസമിതിയുടെ പ്രധാന ആരോപണം. നേരത്തെ മഞ്ഞള്‍ കൃഷിക്കായി ഭൂമി വാങ്ങിക്കൂട്ടി ഡെല്‍റ്റ കമ്പനി ക്വാറി തുടങ്ങാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അതിതീവ്ര പരിസ്ഥിതി ലോല പ്രദേശമായതിനാല്‍ കളക്ടര്‍ അടക്കമുള്ളവര്‍ അനുമതി നിഷേധിക്കുകയും ജനകീയ സമരം ശക്തമാവുകയും ചെയ്തതോടെ പദ്ധതി മരവിപ്പിച്ചു.

ഈ പുതിയ കമ്പനിയുടെ ഡയറക്ടര്‍മാര്‍ക്കും ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കും പഴയ ഡെല്‍റ്റ കമ്പനിയുമായി നേരിട്ട് ബന്ധമുണ്ടെന്നും, ടൂറിസം പദ്ധതിയുടെ മറവില്‍ വീണ്ടും ക്വാറി പ്രവര്‍ത്തിപ്പിക്കാനാണ് ശ്രമമെന്നും സമരസമിതി പറയുന്നു. മന്ത്രിയുടെ പോസ്റ്റിന് താഴെ തന്നെ ഇതുമായി ബന്ധപ്പെട്ട കമന്റുകള്‍ വരുന്നുണ്ട്.

ഒരു കമന്റ് ഇങ്ങനെ:

അല്ല സഖാവേ ഇത് ആറു വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന ഡെല്‍റ്റ കമ്പനിയുടെ ഡയറക്ടര്‍ തന്നെയാണല്ലോ ഇതിന്റെ ഡയറക്ടറും ഇത് എങ്ങനെ ശരിയാകും അന്ന് അവിടുത്തെ ജനങ്ങള്‍ സമരം നടത്തി സ്റ്റേ ചെയ്ത പദ്ധതി അല്ലായിരുന്നോ ഇത്. പഴയ വീഞ്ഞ് പുതിയ കുപ്പി

അതാണ് വാസ്തവം. ഉദ്ദേശം ഇതിന്റെ മറവില്‍ ക്വാറി തുടങ്ങാന്‍ ആണ്. മന്ത്രി അതിനു കൂട്ട് നില്‍ക്കുന്നു

പഞ്ചായത്തും സമരസമിതിയും പ്രതിഷേധത്തില്‍

സി.പി.എം. ഭരിക്കുന്ന കോട്ടൂര്‍ പഞ്ചായത്ത് ഭരണസമിതി പോലും മന്ത്രിയുടെ പ്രഖ്യാപനം ഞെട്ടലോടെയാണ് കേട്ടത്. പഞ്ചായത്തിനെ അറിയിക്കാതെയാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്നും, ജീവന്‍ കൊടുത്തും ക്വാറി നീക്കം തടയുമെന്നും പഞ്ചായത്ത് ഭാരവാഹികള്‍ വ്യക്തമാക്കി. ജനകീയ സമരസമിതി വീണ്ടും പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് അവരുടെ തീരുമാനം.

ചെങ്ങോട്ടുമലയിലെ ക്വാറി വിരുദ്ധ സമരം കാരണം മുമ്പ് സര്‍ക്കാര്‍ ഉത്തരവുകള്‍ പോലും തള്ളി പഞ്ചായത്ത് ഭരണം പ്രതിഷേധിച്ചിരുന്നു.

ചെങ്ങോട്ടുമല സമരം

2018 ല്‍, ബാലുശ്ശേരിക്കടുത്ത് കോട്ടൂര്‍ പഞ്ചായത്തിലെ ചെങ്ങോട്ടുമല അതിവേഗം ഇല്ലാതാകുന്ന പദ്ധതിയുമായാണ് പത്തനംതിട്ട ആസ്ഥാനമായ ഡെല്‍റ്റ ഗ്രൂപ്പ് രംഗത്തെത്തിയത്. നൂറേക്കറിലധികം വരുന്ന ഈ പ്രദേശം സ്വന്തമാക്കി കരിങ്കല്‍ ഖനനത്തിനുള്ള വഴിയൊരുക്കിയതോടെയാണ് മലയുടെ നാശത്തിന് തുടക്കമായത്. ആദിവാസികളും സാധാരണക്കാരും ഉള്‍പ്പെടെയുള്ള നിരവധി കുടുംബങ്ങള്‍ക്ക് ഭൂമി വില്‍ക്കേണ്ടി വന്നിരുന്നു.

തുടക്കത്തില്‍ മഞ്ഞള്‍ കൃഷിയും വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ യൂണിറ്റും തുടങ്ങുമെന്നായിരുന്നു നാട്ടുകാരെ വിശ്വസിപ്പിച്ചത്. എന്നാല്‍ പിന്നീട് കരിങ്കല്‍ ക്വാറിക്ക് അനുമതി തേടിയതോടെയാണ് യഥാര്‍ത്ഥ ലക്ഷ്യം പുറത്തുവന്നത്. ഈ വിവരം വിവരാവകാശ നിയമത്തിലൂടെ പുറത്തുകൊണ്ടുവന്നത് RMP, SUCI പാര്‍ട്ടികളും പരിസ്ഥിതി സ്‌നേഹികളായ നാട്ടുകാരുമാണ്. ഇതിനെത്തുടര്‍ന്ന് ചെങ്ങോട്ടു മല സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ ഡെല്‍റ്റ ഗ്രൂപ്പിനെതിരെ ശക്തമായ പ്രതിഷേധങ്ങളും സമരങ്ങളും നടന്നു.

വന്‍കിട വ്യവസായികള്‍ സാധാരണയായി ഉപയോഗിക്കുന്ന തന്ത്രങ്ങളാണ് ഇവിടെയും പയറ്റിയത്. സാധാരണക്കാരെ തൊഴില്‍ നല്‍കി കമ്പനിയുടെ ഭാഗമാക്കുകയും പ്രദേശവാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുകയും ചെയ്തു. മലയില്‍ ഒരു ക്രഷര്‍ യൂണിറ്റിനു പുറമെ സ്‌കൂള്‍, ആശുപത്രി, വീട് എന്നിവ അടങ്ങിയ ഒരു ടൗണ്‍ഷിപ്പ് സ്ഥാപിക്കുമെന്നായിരുന്നു കമ്പനിയുടെ പ്രചാരണം. 'എല്ലാം നാട്ടുകാരുടെ വികസനത്തിനും നന്മയ്ക്കും വേണ്ടിയുള്ളതാണെന്നും, കുറച്ചു സ്ഥലത്ത് കരിങ്കല്‍ ക്വാറി തുടങ്ങി ജില്ലയിലെ മെറ്റല്‍ ക്ഷാമം പരിഹരിക്കാമെന്നുമാണ് കമ്പനിയുടെ വാഗ്ദാനം..

അതീവ പരിസ്ഥിതി ദുര്‍ബലമേഖലയായ ചെങ്ങോട്ടുമലയില്‍ ഉരുള്‍പൊട്ടലുകള്‍ പതിവാണെന്നിരിക്കെ, ഈ ഖനനം കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് വലിയ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഉപേക്ഷിച്ച പദ്ധതിയാണ് ഇപ്പോള്‍ പുതിയ വേഷമീടിച്ച് അവതരിപ്പിക്കുന്നത്.


Tags:    

Similar News