സുധാകരനേയും ഐഷാ പോറ്റിയേയും ടികെ ഗോവിന്ദനേയും അടര്‍ത്തിയെടുത്തത് രാഷ്ട്രീയ മുന്നേറ്റമായി; സിപിഎമ്മിനെ തളച്ച് 'കെസി' തന്ത്രം; വിമതര്‍ യുഡിഎഫിന്റെ പോര്‍ച്ചട്ടയണിഞ്ഞപ്പോള്‍ പതറി ഇടതുകോട്ടകള്‍; അധികാരം പിടിച്ചാല്‍ മുഖ്യമന്ത്രി ആര്? കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവം; 'ഡല്‍ഹിയില്‍ നിന്നുള്ള കെട്ടിയിറക്കല്‍' വാദം അംഗീകരിക്കില്ല; വേണുഗോപാലിനെ താക്കോല്‍ സ്ഥാനത്ത് എത്തിക്കാന്‍ നീക്കം സജീവം
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം സിപിഎമ്മിന്റെ അടിത്തറയിളക്കിയ നീക്കങ്ങളുമായാണ് ഇത്തവണ യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പതിറ്റാണ്ടുകളായി ചുവപ്പുകൊടി പിടിച്ച മുതിര്‍ന്ന നേതാക്കളെ യുഡിഎഫ് പാളയത്തിലെത്തിച്ച് പടക്കളത്തിലിറക്കിയ കെ.സി.വേണുഗോപാലിന്റെ നയതന്ത്രജ്ഞതയാണ് ഇത്തവണത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. ജി.സുധാകരന്‍, ഐഷാ പോറ്റി, ടി.കെ.ഗോവിന്ദന്‍ തുടങ്ങിയ അതികായന്മാരെ യുഡിഎഫ് പക്ഷത്തെത്തിച്ചതോടെ സിപിഎം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്.
യുഡിഎഫ് അധികാരം പിടിക്കുമെന്ന പ്രവചനങ്ങള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള രഹസ്യ ചര്‍ച്ചകളും സജീവമായിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനിന്ന്, സംസ്ഥാനത്തുടനീളം പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച കെ.സി.വേണുഗോപാലിന്റെ സ്വാധീനം പാര്‍ട്ടിയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡിന്റെ പൂര്‍ണ്ണ പിന്തുണയുള്ള കെസി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണമെന്ന വാദം ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ കെ.സി. വേണുഗോപാലിനെ കൂടാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കമുള്ള പ്രമുഖരുടെ പേരുകളും ചര്‍ച്ചകളില്‍ സജീവമാണ്.
സിപിഎമ്മില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് കേവലം വോട്ട് ബാങ്കിനെ മാത്രമല്ല, ആ പാര്‍ട്ടിയുടെ ധാര്‍മ്മികതയെക്കൂടിയാണ് ബാധിച്ചത്. വിമതരെ ഇറക്കി സിപിഎമ്മിനെ തളച്ച തന്ത്രം യുഡിഎഫിന് വലിയ മേല്‍ക്കൈ നല്‍കിയിട്ടുണ്ട്. ഈ പരീക്ഷണം വിജയിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ക്രെഡിറ്റ് കെ.സി.വേണുഗോപാലിലേക്ക് എത്തും. ഡല്‍ഹിയിലെ തിരക്കുകള്‍ക്കിടയിലും കേരളത്തില്‍ തമ്പടിച്ച് അദ്ദേഹം നടത്തിയ ഓരോ നീക്കവും ലക്ഷ്യം കണ്ടെന്നാണ് അണികളുടെ വിശ്വാസം. മെയ് 4-ന് ഫലം വരുമ്പോള്‍ കെസിയുടെ നയതന്ത്രങ്ങള്‍ യുഡിഎഫിനെ ഭരണക്കസേരയില്‍ എത്തിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
മുന്‍ സിപിഎം നേതാക്കളെ യുഡിഎഫിന്റെ പോര്‍ച്ചട്ടയണിയിച്ച് പടക്കളത്തിലിറക്കിയതിന്റെ ക്രെഡിറ്റ് മുഖ്യമായും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനാണെന്ന് ആ പക്ഷം പറയുന്നു. ഇത്തവണ താന്‍ മത്സരിക്കാതെ, സംസ്ഥാനത്തുടനീളം യുഡിഎഫിനായി തന്ത്രങ്ങള്‍ മെനയുന്നതിലാണ് കെസി ശ്രദ്ധ കേന്ദ്രീകരിച്ചത്. ജി.സുധാകരനെപ്പോലെയുള്ള ഒരു മുതിര്‍ന്ന നേതാവിനെ യുഡിഎഫ് സ്വതന്ത്രനാക്കി അമ്പലപ്പുഴയില്‍ മത്സരിപ്പിച്ചതിന് പിന്നില്‍ കെസിയുടെ വര്‍ഷങ്ങള്‍ നീണ്ട നയതന്ത്രങ്ങളുണ്ട്. ആലപ്പുഴയിലെ രാഷ്ട്രീയ സാഹചര്യം കൃത്യമായി അറിയാവുന്ന കെസി, സുധാകരനുമായുള്ള വ്യക്തിപരമായ അടുപ്പം രാഷ്ട്രീയ നേട്ടത്തിനായി വിജയകരമായി ഉപയോഗിച്ചു.
കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയെയും തളിപ്പറമ്പില്‍ ടി.കെ.ഗോവിന്ദനെയും കുഞ്ഞിക്കൃഷ്ണനെയും ഒപ്പം നിര്‍ത്തിയതോടെ സിപിഎമ്മിന്റെ ഉറച്ച കോട്ടകളില്‍ വിള്ളല്‍ വീണു. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തള്ളിപ്പറഞ്ഞപ്പോള്‍ ഈ നേതാക്കള്‍ക്ക് ആത്മധൈര്യം പകര്‍ന്ന് യുഡിഎഫ് വേദിയിലെത്തിച്ചത് കെസിയുടെ ഇടപെടലുകളാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം സിപിഎം പ്രതിരോധത്തിലായതും ഈ കൊഴിഞ്ഞുപോക്കിന് മറുപടി പറയാന്‍ വിയര്‍ത്തതുമാണ്. കണ്ണൂരിലെ സിപിഎം വിമതര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ സംസ്ഥാനത്തുടനീളം വലിയ രാഷ്ട്രീയ ചര്‍ച്ചയാക്കി മാറ്റാന്‍ കെസിക്കായി എന്ന് കെസി പക്ഷം പറയുന്നു.
കെസി പക്ഷം കാര്യങ്ങളെ വിലയിരുത്തുന്നത് പ്രത്യേക തരത്തിലാണ്. കേരള രാഷ്ട്രീയത്തിന് അത്ര പരിചയമില്ലാത്ത പുതിയൊരു പ്രതിഭാസത്തിന് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചുവെന്ന് അവര്‍ പറയുന്നു. സിപിഎമ്മില്‍ ഉന്നതസ്ഥാനങ്ങളിലിരുന്ന മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ യുഡിഎഫിന്റെ പാളയത്തിലെത്തുന്ന കൗതുകക്കാഴ്ചയായിരുന്നു അത്. ജി.സുധാകരന്‍, ഐഷാ പോറ്റി, പി.കെ.ശശി, ടി.കെ.ഗോവിന്ദന്‍, പി.വി.കുഞ്ഞിക്കൃഷ്ണന്‍, എ.സുരേഷ് കുമാര്‍, ബി.എന്‍.ഹക്സര്‍ തുടങ്ങി ആ പട്ടിക നീളുന്നു. അവരില്‍ പലരും യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുകയും ചെയ്തു. പ്രാദേശികമായി ഉയര്‍ന്ന സന്ദേഹങ്ങളെല്ലാം പരിഹരിച്ച് മുന്‍ സിപിഎം നേതാക്കളെ യുഡിഎഫിന്റെ പോര്‍ച്ചട്ടയണിയിച്ച് പടക്കളത്തിലിറക്കിയതിന്റെ ക്രെഡിറ്റ് മുഖ്യമായും ഒറ്റയൊരാള്‍ക്കാണ്-സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപിക്ക്. സംഘടനാരംഗത്തെ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയത്തില്‍ നിന്നുടലെടുത്ത നയചാതുരിയും പ്രായോഗികബുദ്ധിയുമാണ് ആ നീക്കത്തിന് കെസിയെ സഹായിച്ചത്. ജി.സുധാകരനെപ്പോലുള്ളവരെ യുഡിഎഫ് പാളയത്തിലെത്തിക്കാന്‍ കെ.സി.വേണുഗോപാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഗൂഢാലോചന തുടങ്ങിയിരുന്നുവെന്ന് സിപിഎം നേതൃത്വം ആരോപിക്കുന്ന സ്ഥിതി വരെയുണ്ടായി.
ഇത്തവണ പ്രചാരണ രംഗത്ത് സിപിഎം നേതാക്കള്‍ ഏറ്റവുമധികം വിയര്‍ത്തതും ഈ കൊഴിഞ്ഞുപോക്കിന് മറുപടി പറയാനായിരുന്നു. വ്യാജവാര്‍ത്തകളും വക്കീല്‍ നോട്ടീസുമായി കെസിയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും ഫലമുണ്ടായതുമില്ല. മൂന്ന് തവണ കൊട്ടാരക്കരയില്‍ നിന്നുള്ള സിപിഎം എംഎല്‍എയായിരുന്ന ഐഷാ പോറ്റി മൂന്നു പതിറ്റാണ്ടു കാലത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് ഈ വര്‍ഷമാദ്യം കോണ്‍ഗ്രസിന്റെ വേദിയിലെത്തിയപ്പോള്‍ ഷാളണിയിച്ച് സ്വീകരിച്ചത് കെ.സി.വേണുഗോപാലും എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ചേര്‍ന്നായിരുന്നു. മുന്‍മന്ത്രിയും സംസ്ഥാനത്ത് സിപിഎമ്മിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളുമായിരുന്ന ജി.സുധാകരന്‍ അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതിനു പിന്നിലും കെ.സി.വേണുഗോപാലിന്റെ കരുനീക്കങ്ങളുണ്ട്. ദീര്‍ഘകാലമായി ആലപ്പുഴയില്‍ നിന്നുള്ള എംപി എന്ന നിലയില്‍ ജി.സുധാകരനുമായി കെസിക്ക് ഏറെക്കാലത്തെ അടുപ്പമുണ്ട്. 2024 ഡിസംബറില്‍, ജി.സുധാകരനെ സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയതായി വാര്‍ത്തകള്‍ വന്ന സമയത്തു തന്നെ അദ്ദേഹത്തെ കെ.സി.വേണുഗോപാല്‍ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നു നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തു. ജി.സുധാകരനെ തങ്ങളുടെ പക്ഷത്തേക്ക് ആകര്‍ഷിക്കാന്‍ ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ബിജെപി ചരടുവലി നടത്തുന്ന സമയവുമായിരുന്നു അത്.
തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ജി.സുധാകരന്‍ സിപിഎം വിട്ടപ്പോള്‍ തിരക്കിട്ട് പ്രതികരിക്കാതെ, കാത്തിരുന്ന് കാണുക എന്ന നിലപാടാണ് കെസി സ്വീകരിച്ചത്. ജി.സുധാകരന്റെ വ്യക്തിപരമായ രാഷ്ട്രീയ സത്യസന്ധതയോടുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ടായിരുന്നു കെസിയുടെ പ്രതികരണങ്ങള്‍. പിന്നീട് യുഡിഎഫ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിയായതോടെ ജി.സുധാകരന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തതും കെസി തന്നെ. ജി.സുധാകരനു വേണ്ടി ഇത്തവണ ഏറ്റവും കൂടുതല്‍ പ്രചാരണം നടത്തിയ പ്രമുഖ നേതാവും കെ.സി.വേണുഗോപാല്‍ തന്നെയായിരിക്കും. സ്വന്തം നാടായ കണ്ണൂരില്‍, സിപിഎമ്മിന്റെ ചരിത്രത്തില്‍ ഇന്നേ വരെയില്ലാത്ത പൊട്ടിത്തെറികളുണ്ടായപ്പോള്‍ ആ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാക്കി ഒരുക്കിയെടുത്തതും കെസിയുടെ നയതന്ത്രജ്ഞതയായിരുന്നു. സിപിഎമ്മില്‍ നിന്നു പുറത്തു വന്ന ടി.കെ.ഗോവിന്ദനെയും പി.വി.കുഞ്ഞിക്കൃഷ്ണനെയും യുഡിഎഫ് സ്ഥാനാര്‍ഥികളാക്കാന്‍ അവസരത്തിനൊത്തുയര്‍ന്ന് കരുനീക്കിയതും കെസി തന്നെ. സിപിഎമ്മില്‍ നിന്ന് കടുത്ത ഭീഷണി നേരിട്ട സമയത്ത് ടി.കെ.ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനും കെസി പകര്‍ന്നു നല്‍കിയ ആത്മധൈര്യവും വളരെ വലുതായിരുന്നു.
പാര്‍ട്ടി വിട്ടു പോയവരുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനാണ് ഇത്തവണ തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ സിപിഎം നേതാക്കള്‍ ഏറ്റവുമധികം സമയവും ഊര്‍ജ്ജവും ചിലവഴിക്കേണ്ടി വന്നത്. പ്രത്യേകിച്ച് കണ്ണൂരില്‍ ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനും പാര്‍ട്ടി നേതൃത്വത്തിനെതിരെ നിരത്തിയ കുറ്റപത്രങ്ങള്‍ സംസ്ഥാനത്തുടനീളം ചര്‍ച്ചയായി. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങല്‍ും പ്രചാരണത്തിനിറങ്ങിയ കെ.സി.വേണുഗോപാല്‍ എല്ലായിടത്തും അവ ചര്‍ച്ചാ വിഷയമാക്കി സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കുകയും ചെയ്തുവെന്ന് കെസി വിഭാഗം പറയുന്നു.
