കടകംപള്ളിയിലെ വലിയ ഉദയേശ്വരം ക്ഷേത്രത്തില്‍ അടക്കം ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സറായി; കടകംപള്ളിയും പോറ്റിയും തമ്മിലുണ്ടായിരുന്നത് അടുത്ത ബന്ധം; ഹൈക്കോടതിയില്‍ ഇനി നല്‍കുന്ന റിപ്പോര്‍ട്ടില്‍ എല്ലാം എണ്ണി പറയാന്‍ എസ് പിമാര്‍; വമ്പന്‍ സ്രാവ് അകത്താകുമോ? പിണറായിയുടെ തീരുമാനം നിര്‍ണ്ണായകം
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ 'വമ്പന്‍ സ്രാവിനെ' അറസ്റ്റു ചെയ്യേണ്ടതുണ്ടെന്ന വിലയിരുത്തലില്‍ അന്വേഷണ സംഘം. ഇക്കാര്യം ക്രൈംബ്രാഞ്ച് മേധാവിയെ അറിയിച്ചതായാണ് സൂചന. അടുത്ത് തന്നെ ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലേക്ക് എത്തും. അന്ന് കൊടുക്കാനുള്ള വിശദ റിപ്പോര്‍ട്ടും അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. മുന്‍മന്ത്രി കടകംപള്ളിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തി.
കടകംപള്ളിയിലെ വിലയ ഉദയേശ്വരം ക്ഷേത്രത്തില്‍ അടക്കം ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സറായി. ഇതിനൊപ്പം ഏറ്റുമാനൂരിലെ സാക്ഷിയ്ക്ക് വീടു വച്ചു കൊടുത്തതും മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയിട്ടുണ്ട്. ഇതെല്ലാം ഹൈക്കോടതിയ്ക്ക് ഇനി നല്‍കുന്ന റിപ്പോര്‍ട്ടിലുണ്ടാകും. അതിനിടെ രണ്ട് ഐപിഎസുകാര്‍ അതിശക്തമായ സമ്മര്‍ദ്ദവുമായി രംഗത്തുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വേരുള്ള പലരും ഇടപെടല്‍ സജീവമാക്കുന്നു. മുഖ്യമന്ത്രിയുടെ അനുമതി കിട്ടിയാല്‍ വമ്പന്‍ സ്രാവിനെ അറസ്റ്റു ചെയ്യും. അത് കേരള രാഷ്ട്രീയത്തേയും പിടിച്ചു കുലുക്കും. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ കൊടുക്കുന്ന റിപ്പോര്‍ട്ടില്‍ അടക്കം വെള്ളം ചേര്‍ക്കാന്‍ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ എസ് പിമാരായ ശശിധരനും ബിനോയിയും ഉറച്ച നിലപാടിലാണ്.
കേവലം പ്രതികളിലൊതുങ്ങാതെ, ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നത രാഷ്ട്രീയ വ്യക്തിത്വത്തെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നു. മുഖ്യമന്ത്രിയുടെ പച്ചക്കൊടി ലഭിച്ചാല്‍ ഉടന്‍ നിര്‍ണ്ണായക നീക്കമുണ്ടാകും. മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള അടുത്ത ബന്ധം തെളിയിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കടകംപള്ളിയിലെ വലിയ ഉദയേശ്വരം ക്ഷേത്രത്തില്‍ പോറ്റി നടത്തിയ സാമ്പത്തിക ഇടപെടലുകള്‍ ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു.
ഏറ്റുമാനൂരിലെ സാക്ഷിക്ക് വീട് വെച്ചുനല്‍കിയത് മന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണെന്ന പോറ്റിയുടെ മൊഴി കേസിലെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. രണ്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ ഇടപെടാനും റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താനും സമ്മര്‍ദ്ദം ചെലുത്തുന്നതായി സൂചനയുണ്ട്. ഇത് പോലീസിനുള്ളിലെ ചേരിതിരിവിനും കാരണമായിട്ടുണ്ട്. കേസ് ഉടന്‍ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തും. അന്വേഷണ സംഘം തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്നാണ് വിവരം.
എസ്പിമാരായ ശശിധരനും ബിനോയിയും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ കൃത്യമായ തെളിവുകളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. തലസ്ഥാനത്തെയും കൊല്ലത്തെയും പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ അണിയറയില്‍ സജീവമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
