'ഇറാഖിനെ നശിപ്പിച്ച മനുഷ്യന്‍; ഇസ്ലാമിക വിരോധി, തീവ്ര കത്തോലിക്കാ വിശ്വാസി'; ഫലസ്തീന്റെ ഭരണം ഫലസ്തീനികള്‍ക്ക് മാത്രമെന്ന് ഹമാസ്; അടുത്തൂണ്‍ പറ്റിയ ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിക്ക് എന്താണ് ഫലസ്തീനില്‍ കാര്യം? ഹമാസ് എന്തിനാണ് ടോണി ബ്ലെയറിനെ ഭയക്കുന്നത്?

ഹമാസ് എന്തിനാണ് ടോണി ബ്ലെയറിനെ ഭയക്കുന്നത്?

Update: 2025-10-04 09:36 GMT

മൗണ്ടന്‍ ബാറ്റണ്‍ പ്ലാന്‍, കിംസിഞ്ചര്‍ പ്ലാന്‍.... ലോകത്തിലെ സങ്കീര്‍ണ്ണമായ പല പ്രശ്നങ്ങളും അവസാനിപ്പിക്കാന്‍ പല പ്രമുഖര്‍ക്കും ചില ചരിത്ര ദൗത്യങ്ങള്‍ ഉണ്ടാവാറുണ്ട്. അതുപോലെ ഒരു ചരിത്രദൗത്യമാണ് മൂന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെയും കാത്തിരിക്കുന്നത്. ചോര ഒരുപാട് ചിന്തപ്പെട്ട, ലോകത്തിലെ ഇന്നുള്ള ഏറ്റവും വലിയ പ്രതിസന്ധിയായി വിലയിരുത്തപ്പെട്ട, നുറ്റാണ്ടുകളായി പരിഹാരമില്ലാത്ത ഫലസ്തീന്‍ പ്രശ്ന പരിഹാരത്തിന് ഒരു ബ്ലെയര്‍ പ്ലാനിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. ഗസ്സയില്‍ കഴിഞ്ഞ രണ്ട വര്‍ഷമായി തുടരുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച നിര്‍ദ്ദേശമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാവുന്നത്. ഗസ്സയുദ്ധം തീര്‍ക്കുക ലക്ഷ്യമിട്ട് താന്‍ മുന്നോട്ടുവെച്ച 20 ഇന സമാധാനപദ്ധതി അമേരിക്കന്‍ സമയം ഞായറാഴ്ച വൈകീട്ട് ആറിനുമുന്‍പ് അംഗീകരിക്കണമെന്നായിരുന്നു ഹമാസിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. അല്ലെങ്കില്‍ ഗുരുതരപ്രത്യാഘാതം ഉണ്ടാകുമെന്ന് ട്രംപ് ഭീഷണി മുഴക്കി. കാലങ്ങളായി പശ്ചിമേഷ്യയിലെ ക്രൂരവും അക്രമാസക്തവുമായ ഒരു ഭീഷണിയാണ് ഹമാസ് എന്നും ബന്ദികളെ മുഴുവന്‍ മോചിപ്പിക്കൂ, മൃതദേഹങ്ങള്‍ വിട്ടുനല്‍കൂ എന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്.

ഇതോടെയാണ് ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് സമ്മതിച്ച് ഹമാസ് രംഗത്തെത്തിയത്. ഈ പ്രഖ്യാപനത്തിന് പിന്നാലെ ഗസ്സയിലെ ബോംബാക്രമണം ഇസ്രയേല്‍ ഉടന്‍ നിര്‍ത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഹമാസ് പുറത്തിറക്കിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍, ശാശ്വതമായ ഒരു സമാധാനത്തിന് അവര്‍ തയ്യാറാണെന്ന് താന്‍ വിശ്വസിക്കുന്നതായും ബന്ദികളെ സുരക്ഷിതമായും വേഗത്തിലും പുറത്തെത്തിക്കുന്നതിനായി ഇസ്രയേല്‍ ഗാസയിലെ ബോംബാക്രമണം ഉടന്‍ നിര്‍ത്തണം എന്നും ട്രംപ് പറഞ്ഞു. ഹമാസിന്റെ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍, എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള ട്രംപിന്റെ പദ്ധതിയുടെ ആദ്യ ഘട്ടം ഉടന്‍ നടപ്പാക്കാന്‍ ഇസ്രയേല്‍ തയ്യാറെടുക്കുകയാണെന്ന് ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു. ''പ്രസിഡന്റ് ട്രംപിന്റെ കാഴ്ചപ്പാടുമായി യോജിക്കുന്നതും ഇസ്രയേല്‍ മുന്നോട്ടുവെച്ച തത്വങ്ങള്‍ക്ക് അനുസൃതവുമായ രീതിയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് പ്രസിഡന്റുമായും അദ്ദേഹത്തിന്റെ ടീമുമായും ഞങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കുന്നത് തുടരും''- നെതന്യാഹു അറിയിച്ചു. സമാധാന കരാര്‍ ചര്‍ച്ച ചെയ്യുന്നതിന് സഹായിച്ച ഖത്തര്‍, തുര്‍ക്കി, സൗദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്ക് ട്രംപ് നന്ദി പറഞ്ഞു.


 



ഇതോടെ വര്‍ഷങ്ങള്‍ക്കുശേഷം പശ്ചിമേഷ്യയില്‍ സമാധാനം വരികയാണന്ന ഒരു തോന്നല്‍ എല്ലായിടത്തുമുണ്ടായി. പക്ഷേ ഇപ്പോള്‍ അത് ഒരു വ്യക്തിയില്‍ തട്ടി തകരാന്‍ പോവുകയാണ്. ഗസ്സയിലെ ഇടക്കാല സര്‍ക്കാറിന്റെ തലപ്പത്തത് എത്തും എന്ന് കരുതുന്ന ടോണി ബ്ലെയറിനെ അംഗീകരിക്കില്ല എന്നാണ് ഹമാസ് ഇപ്പോള്‍ പറയുന്നത്. ഇത് സമാധന കരാറിനെ മൊത്തത്തില്‍ അട്ടിമറിക്കുന്നുണ്ട്. ആരാണ് ടോണി ബ്ലെയര്‍? അടുത്തൂണ്‍ പറ്റിയ ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിക്ക് ്എന്താണ് ഫലസ്തീനില്‍ കാര്യം? ഇത്തരം ചോദ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും നിറയുന്നത്.

'ഫലസ്തീന്‍ ഫലസ്തീനികള്‍ക്ക്'

ഗസ്സ ഭരിക്കാന്‍ ഉദ്ദേശിച്ചുള്ള ഗസ്സ ഇന്റര്‍നാഷണല്‍ ട്രാന്‍സിഷണല്‍ അതോറിറ്റിയുടെ തലപ്പത്ത് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനെ ഒരു കാരണവശാലും വാഴിക്കയില്ലെന്ന ഉറച്ച നിലപാടിയാണ് ഹമാസ്. ഹമാസ് മേധാവി മൂസ അബു മര്‍സൂഖ് അല്‍ ജസീറയോട് പറഞ്ഞത് ഫലസ്തീനികളെ നിയന്ത്രിക്കാന്‍ ഫലസ്തീന്‍കാരല്ലാത്ത ആരെയും തങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല എന്നാണ്. ടോണി ബ്ലെയര്‍ ഇറാഖ് നശിപ്പിച്ച വ്യക്തിയാണ് എന്നും മര്‍സൂഖ് കുറ്റപ്പെടുത്തി. കൂടാതെ ഗസ്സയെ പൂര്‍ണ്ണമായും നിരായുധീകരിക്കാനും അദ്ദേഹം വിസമ്മതിച്ചു.

ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചിട്ടുണ്ടെങ്കിലും ഇതടക്കം ചില പ്രധാനപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ' വ്യവസ്ഥകള്‍ പാലിക്കപ്പെട്ടാല്‍ ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ അടങ്ങിയിരിക്കുന്ന കൈമാറ്റ ഫോര്‍മുല അനുസരിച്ച്, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രയേലി തടവുകാരെയും മോചിപ്പിക്കാന്‍' തയ്യാറാണെന്ന് അവര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഗസ്സയുടെ ഭരണം ഒരു സ്വതന്ത്ര ഫലസ്തീന്‍ സമിതിക്ക് കൈമാറാണമെന്നതിനോടും യോജിച്ച ഹമാസ് പക്ഷേ ആയുധം വെച്ച് കീഴടങ്ങണമെന്ന ആവശ്യം പോലുള്ള മറ്റു പല നിര്‍ദേശങ്ങള്‍ അംഗീകരിച്ചിട്ടില്ല.


 



പക്ഷേ ആകെ തകര്‍ന്ന നിലയിലുള്ള ഹമാസിന് ഇനിയും അധികകാലം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്ന് ഉറപ്പാണ്. അവുടെ ഇരുപത്തിഅയ്യായിരത്തോളം ഭടന്‍മ്മാരെയാണ് ഇസ്രയേല്‍ കാലപുരിക്ക് അയച്ചത് എന്നാണ് അനൗദ്യോഗിക കണക്ക്. ഹമാസ് നേതൃത്വത്തിലെ പ്രമുഖരെയൊക്കെ നമ്പറിട്ട് 'വണ്‍ടുത്രീ മോഡലില്‍' ഇസ്രയേല്‍ കൊന്നുതള്ളിക്കഴിഞ്ഞു. ഗസ്സന്‍ മെട്രോ എന്നറിയപ്പെടുന്ന, ഡല്‍ഹി മെട്രോയോക്കൊളും വലിയ ഗസ്സയിലെ തുരങ്കങ്ങളില്‍ 70 ശതമാനവും ഐഡിഎഫ് നിര്‍വീര്യമാക്കിക്കഴിഞ്ഞു. ഹമാസിന്റെ പ്രോക്സികളായ ഹിസ്ബുള്ളക്കും, ഹൂത്തികള്‍ക്കുമെല്ലാം വലിയ രീതിയില്‍ തിരിച്ചടി നേരിട്ടു. ഇറാനെയം ഇസ്രയേല്‍ വിറപ്പിച്ച് നിര്‍ത്തിയിരിക്കയാണ്. ഏറ്റവു ഒടുവിലായി ഖത്തറില്‍പ്പോലും ഇസ്രയേല്‍ ആക്രമിച്ചു. ഖത്തറില്‍നിന്നു വരുന്ന പണമായിരുന്നു ഹമാസ് നേതാക്കളുടെ നിലനില്‍പ്പിന്റെ അടിസ്ഥാനം. അമേരിക്കന്‍ സഹായത്തോടെ ആ സാമ്പത്തിക നാഡി ഒരു പരിധിവരെ മുറിച്ച് കളയാനും ഇസ്രയേലിന് കഴിഞ്ഞു.

അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും, യുദ്ധം അവസാനിപ്പിക്കേണ്ടത് ഹമാസിന്റെ കൂടി ആവശ്യമാണ്. ഒരു ഇടക്കാല സര്‍ക്കാറിനായി വേണമെങ്കില്‍ ഫത്ത പാര്‍ട്ടിയെപോലും അവര്‍ അംഗീകരിക്കുമായിരുന്നു. പക്ഷേ അവര്‍ക്ക് തീര്‍ത്തും സഹിക്കാത്തത് ഗസ്സയുടെ ഇടക്കാല ഗവണ്‍മെന്റിന്റെ തലവനായി ടോണി ബ്ലെയര്‍ വരുമെന്നതാണ്. ബ്ലെയറിനെതിരെ മണ്ണിന്റെ മക്കള്‍ വാദമൊക്കെ ഉയര്‍ത്തുന്നുണ്ടെങ്കിലും, ഹമാസ് പറയാതെ പറയുന്ന മറ്റൊരുകാര്യമുണ്ട്. ടോണി ബ്ലെയര്‍ ഒരു തികഞ്ഞ തീവ്രവാദ വിരുദ്ധനാണ്. അതിനെ ഹമാസ് അനുകൂലികള്‍ മുസ്ലീവിരുദ്ധന്‍ എന്നാക്കുന്നു. അങ്ങനെ ഒരാള്‍ ഗസ്സയുടെ തലപ്പത്തുവെന്നാല്‍ തങ്ങളുടെ എല്ലാകളിയും പൊളിയുമെന്ന് ഹമാസിന് നന്നായി അറിയാം.

ബ്ലെയറിന് ഗസ്സയില്‍ എന്തുകാര്യം?

മാര്‍ഗരറ്റ്താച്ചറിനുശേഷം ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടനെ നയിച്ച പ്രധാനമന്ത്രിയാണ് ലേബര്‍ പാര്‍ട്ടി നേതാവായ ടോണി ബ്ലെയര്‍. 1812-ന് ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ് ഇദ്ദേഹം. 1997 മുതല്‍ ജൂണ്‍ 2007 വരെയുള്ളതായിരുന്നു ബ്ലെയറുടെ ഭരണകാലം. ആദ്യം ലേബര്‍ പാര്‍ട്ടിയുടെ ലിബറല്‍ നയങ്ങള്‍ അനുസരിച്ചായിരുന്നു അദ്ദേഹത്തിന്റെ ഭരണം. ഇത് അനുസരിച്ച് രാജ്യത്തിന് സാമ്പത്തിക പുരോഗതിയുണ്ടായെങ്കിലും, അനിനിയന്ത്രിതമായ കുടിയേറ്റം, ബ്രിട്ടനില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കി.

ഇറാഖ് യുദ്ധത്തില്‍ ബുഷിന്റെ പ്രധാന സഖ്യകക്ഷിയായി പ്രവര്‍ത്തിച്ചതാണ് ബ്രിട്ടനിലടക്കം ബ്ലെയറിന്റെ ജനപ്രീതി ഇടിയാന്‍ ഇടയാക്കിയത്. ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ ''കൂട്ട നശീകരണ ആയുധങ്ങള്‍ കൈവശം വെച്ചിട്ടുണ്ട് എന്ന് ബുഷിനൊപ്പം വാദിച്ചു. 2003 മാര്‍ച്ച് 20-ന് അമേരിക്കന്‍ സൈന്യവുമായി ചേര്‍ന്ന് ബ്രിട്ടന്‍ ഇറാഖ് അധിനിവേശം ആരംഭിച്ചു. യുദ്ധത്തില്‍ ഏകദേശം 45,000 ബ്രിട്ടീഷ് സൈനികര്‍ പങ്കെടുത്തു. ബ്രിട്ടനിലും ലോകമെങ്ങും ഈ തീരുമാനത്തിന് എതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉണ്ടായി. യുദ്ധത്തിന് മുമ്പ് ലക്ഷക്കണക്കിന് ആളുകള്‍ ലണ്ടനില്‍ പ്രതിഷേധിച്ചു. മാത്രമല്ല സദ്ദാമിന്റെ കൈയില്‍ കൂട്ടു നശീകരണ ആയുധങ്ങള്‍ ഇല്ലായിരുന്നുവെന്നും പിന്നീട് തെളിഞ്ഞു.


 



അപ്പോള്‍ ടോണി ബ്ലെയര്‍ തന്റെ നിലപാട് വ്യക്തമാക്കിയത് വെറും ആയുധങ്ങളുടെ പേരിലല്ല സദ്ദാം ആക്രമിക്കപ്പെട്ടത് എന്നും, അയാള്‍ ലോകത്തിന് ഭീഷണിയാണ് എന്നുമായിരുന്നു. തീര്‍ച്ചയായും ശരിയായ നിലപാടായിരുന്നു അത്. പക്ഷേ അപ്പോഴേക്കും ലേബര്‍ പാര്‍ട്ടിയുടെ വോട്ടര്‍മാര്‍ അദ്ദേഹത്തെ കൈവിട്ട് കഴിഞ്ഞിരുന്നു. 2005 ജൂലൈ 7 ന് ലണ്ടനില്‍ ഇസ്ലാമിക തീവ്രവാദികള്‍ ബോംബുകള്‍ പൊട്ടി 54 പേരെ കൊന്നതിനുശേഷം, ഒരു പൊതു പൊതു സംസ്‌കാരത്തിന്റെ ആവശ്യകതയെക്കുറിച്ച് ബ്ലെയര്‍ ഊന്നിപ്പറയാന്‍ തുടങ്ങി. വംശീയ വിഭാഗങ്ങളെ വ്യത്യസ്ത സമൂഹങ്ങളായി വേര്‍പിരിയാന്‍ പ്രോത്സാഹിപ്പിച്ച മുന്‍ ബഹുസാംസ്‌കാരിക നയങ്ങള്‍ അദ്ദേഹം തന്നെ നിരസിച്ചു. പക്ഷേ ഇത്മുലം മുസ്ലീം വിരുദ്ധന്‍ എന്ന ചാപ്പയാണ് ബ്ലെയര്‍ക്ക് കിട്ടിയത്. അതാണ് ഇപ്പോള്‍ ഹമാസ്വരെ എടുത്തിടുന്നത്. ആദ്യം ഒരു അവിശ്വാസിയായിരുന്നു ബ്ലെയര്‍ പിന്നീട് കത്തോലിക്ക വിശ്വാസത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതും അദ്ദേഹത്തിനെതിരായ ചാപ്പയടി്കള്‍ക്ക് ആക്കം കൂട്ടി.

2005 നവംബറില്‍, പാര്‍ലമെന്റിലെ 49 ലേബര്‍ അംഗങ്ങള്‍ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് ഭീകരവിരുദ്ധ നിയമങ്ങള്‍ക്കെതിരെ വോട്ട് ചെയ്തപ്പോള്‍ ബ്ലെയറിന്റെ സര്‍ക്കാര്‍ ഹൗസ് ഓഫ് കോമണ്‍സില്‍ ആദ്യമായി പരാജയപ്പെട്ടു. സംശയിക്കപ്പെടുന്നവരെ കുറ്റം ചുമത്താതെ തടവില്‍ വയ്ക്കാന്‍ കഴിയുന്ന കാലാവധി നീട്ടുന്നതായിരുന്നു ആ നിയമങ്ങള്‍. തുടര്‍ന്ന്, അടുത്ത പൊതുതെരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിനുള്ള തീയതി പ്രഖ്യാപിക്കണമെന്ന് നിരവധി ലേബര്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ബ്ലെയറിനോട് ആവശ്യപ്പെട്ടു. ജൂനിയര്‍ മന്ത്രിമാരുടെ തുടര്‍ച്ചയായ രാജികളെത്തുടര്‍ന്ന്, 2006 സെപ്റ്റംബറില്‍ ഒരു വര്‍ഷത്തിനുള്ളില്‍ താന്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിയുമെന്ന് ബ്ലെയര്‍ പ്രഖ്യാപിച്ചു. 2007 മെയ് 10 ന് -സ്‌കോട്ടിഷ് പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി പരാജയപ്പെടുത്തി. ഇംഗ്ലീഷ് തദ്ദേശ തിരഞ്ഞെടുപ്പുകളിലും വലിയ പരാജയങ്ങള്‍ ഏറ്റുവാങ്ങി. ഇതോടെയാണ് 2007 ജൂണ്‍ 27 ന് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഔദ്യോഗികമായി രാജിവയ്ക്കുമെന്ന് ബ്ലെയര്‍ പ്രഖ്യാപിച്ചത്.

സാധാരണ അധികാരം ഒഴിഞ്ഞുകഴിഞ്ഞാല്‍ മുന്‍ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ആത്മകഥ എഴുതിയും, ചൂണ്ടയിട്ടും നേരം കളയുകയാണ് പതിവ്. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തനായിരുന്നു ബ്ലെയര്‍. ടോണി ബ്ലെയര്‍ ഫൗണ്ടേഷനുമായൊക്കെ സജീവമായി. അദ്ദേഹത്തിന്റെ പ്രൊഫഷണലിസവും, നേതൃപാടവവും പലരാജ്യങ്ങളും ഉപയോഗപ്പെടുത്താല്‍ തുടങ്ങി. അത് ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ട്രംപിനെയാണ്. ട്രംപിന്റെ സ്വകാര്യ ബിസിനസുകളില്‍പോലും ഉപദേഷ്ടാവാണ് ബ്ലെയര്‍ എന്നാണ് പറയുന്നത്. അതുപോലെ ഗസ്സ സംബന്ധിച്ച നിരവധി മധ്യസ്ഥ ചര്‍ച്ചകളിലും ബ്ലെയര്‍ പങ്കെടുത്തു. ഒരു അധികാരവും കൈയിലില്ലെങ്കിലും അദ്ദേഹത്തിന് ലോകത്തിലെ ഏത്് നേതാവുമായി ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന ഒരു കരിസ്മയുണ്ട്. ഒരേ സമയം പുടിനോടും, സെലന്‍സ്‌ക്കിയോടും ബ്ലെയര്‍ സംസാരിക്കും. ഇങ്ങനെ വിവിധ മേഖലകളില്‍ സജീവമായതുകൊണ്ടാണ് അദ്ദേഹത്തെ ഗസ്സ പ്ലാനിലേക്ക് ട്രംപ് എടുത്തത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ട്രംപിന് ഗസ്സ പ്ലാന്‍ കൊടുത്തതും, ബ്ലെയര്‍ തന്നെയാണ്. ഇപ്പോള്‍ 72 വയസ്സുള്ള ബ്ലെയര്‍ക്ക് ട്രംപിനില്ലാത്ത മറ്റൊരു ഗുണം കൂടിയുണ്ട്. പ്രശ്നങ്ങള്‍ ക്ഷമയോടെ കേട്ട് പഠിക്കാനുള്ള കഴിവ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ്, ലോകത്തിലെ ഏറ്റവും നീറുന്ന ഒരു പ്രശ്നം പരിഹരിക്കാനായി അദ്ദേഹത്തിന് നറുക്ക് വീഴുന്നത്.

എന്താണ് ടോണി ബ്ലെയര്‍ പ്ലാന്‍?


 



ഗസ്സ യുദ്ധം അവസാനിപ്പിക്കുന്നതിനും ഹമാസിനെ മാറ്റി നിര്‍ത്താനുമുള്ള നിര്‍ദേശം ട്രംപിന് നല്‍കിയത് ടോണി ബ്ലെയര്‍ ആണെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗസ്സ മുനമ്പ് ഫലസ്തീന്‍ അതോറിറ്റിക്ക് കൈമാറുന്നതുവരെ യുദ്ധാനന്തരം ഭരിക്കുന്നതിനായി ഒരു സമിതി സ്ഥാപിക്കാനാണ് ടോണി ബ്ലെയര്‍ നിര്‍ദ്ദേശിച്ചത്. ഇതിനെ പിന്തുണക്കുന്നവരെ അണിനിരത്താന്‍ ടോണി ബ്ലെയറിനെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരപ്പെടുത്തിയിട്ടുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രായേലും ഹമാസ് ഭീകരരും തമ്മിലുള്ള യുദ്ധത്തിന്റെ ആദ്യ മാസങ്ങളില്‍ തന്നെ ബ്ലെയര്‍ ഈ നിര്‍ദ്ദേശം തയ്യാറാക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് അതിന് ചൂടുപിടിച്ചത്. യുദ്ധാനന്തര ഗസ്സ ആസൂത്രണത്തില്‍ ബ്ലെയറിന്റെ പങ്കാളിത്തം നേരത്തേ വെളിപ്പെതാണ്. ഓഗസ്റ്റ് 27 ന് വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹം പങ്കെടുത്തിരില്ല. പക്ഷേ അപ്പോഴേക്കും ട്രംപിന്റെ മനസ്സിലുള്ളത്് ബ്ലെയര്‍ പ്ലാന്‍ ആണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്ു.

ഗസ്സ ഇന്റര്‍നാഷണല്‍ ട്രാന്‍സിഷണല്‍ അതോറിറ്റി (ജി.ഐ.ടി.എ)സ്ഥാപിക്കുന്നതിനെ കുറിച്ച് ഈ പദ്ധതി വിഭാവനം ചെയ്യുന്നു. ഏഴ് മുതല്‍ 10 വരെ അംഗങ്ങള്‍ അടങ്ങുന്ന ഒരു ബോര്‍ഡ് ജി.ഐ.ടി.എയ്ക്ക് ഉണ്ടായിരിക്കും. അതില്‍ കുറഞ്ഞത് ഒരു ഫലസ്തീന്‍ പ്രതിനിധി, ഒരു മുതിര്‍ന്ന യുഎന്‍ ഉദ്യോഗസ്ഥന്‍, എക്സിക്യൂട്ടീവ് അല്ലെങ്കില്‍ സാമ്പത്തിക പരിചയമുള്ള പ്രമുഖ അന്താരാഷ്ട്ര വ്യക്തികള്‍, മുസ്ലിം അംഗങ്ങളുടെ ശക്തമായ പ്രാതിനിധ്യം' എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ ഗസ്സ നിവാസികള്‍ക്കായി സ്വത്ത് അവകാശ സംരക്ഷണ യൂണിറ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ചും ബ്ലെയര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗസ്സയിലെ ജനങ്ങളെ അവിടെ നിന്ന് പുറത്താക്കാന്‍ പദ്ധതിയില്ലെന്നും ഗസ്സ ഗസ്സക്കാര്‍ക്കുള്ളതാണ് എന്നാണ് ബ്ലെയറിന്റെ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പലരും ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഗസ്സ ഏറ്റെടുക്കാനും അവിടുത്തെ മുഴുവന്‍ ജനങ്ങളെയും സ്ഥിരമായി മാറ്റിപ്പാര്‍പ്പിക്കാനുമുള്ള പദ്ധതിക്ക് ട്രംപ് സൂചന നല്‍കിയിരുന്നു. പക്ഷേ, അതിനുശേഷം ആ ആശയത്തില്‍ നിന്ന് അകന്നു നില്‍ക്കുകയും ഓഗസ്റ്റ് 27 ലെ വൈറ്റ് ഹൗസ് നയരൂപീകരണ സമ്മേളനത്തില്‍ താന്‍ ബ്ലെയറിന്റെ പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്ന് വ്യക്തമാക്കുകയും ചെയ്യുകയായിരുന്നു. ഓഗസ്റ്റ് 27-ന് നടന്ന യോഗം സംഘടിപ്പിച്ചത് യുഎസ് പ്രസിഡന്റിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നറാണ്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് മുതിര്‍ന്ന ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച അദ്ദേഹം രണ്ടാം ഭരണകാലത്ത് മിഡില്‍ ഈസ്റ്റ് വിഷയങ്ങളിലും ഇടപെടുന്നുണ്ട്. ഗാസയുടെ യുദ്ധാനന്തര മാനേജ്മെന്റിനുള്ള ഏക പദ്ധതി ബ്ലെയറിന്റേതല്ലെങ്കിലും, അമേരിക്ക പിന്തുണക്കുന്ന ഏക നിര്‍ദ്ദേശം ഇത് മാത്രമാണ് എന്നതാണ് പ്രത്യേകത.

ഹമാസ് കട്ടക്കലിപ്പില്‍

ടു സ്റ്റേറ്റ് തിയറി ഫലത്തില്‍ അംഗീകരിക്കുന്ന ആളാണ് ടോണി ബ്ലെയര്‍. ഗസ്സ ഇന്റര്‍നാഷണല്‍ ട്രാന്‍സിഷണല്‍ അതോറിറ്റി ഒരു സ്ഥിരം സംവിധാനമല്ല. അത് ഒരു കെയര്‍ ടേക്കര്‍ ഗവണ്‍മെന്റാണ്. ഫലസ്തീനികള്‍ക്ക് രാജ്യം കൈമാറുകയാണ് അവരുടെ ലക്ഷ്യം. വെസ്റ്റ്ബാങ്കും ഗസ്സയും രണ്ട് രാജ്യങ്ങളായോ, അല്ലെങ്കില്‍ ഫലസ്തീന്‍ എന്ന പേരില്‍ ഒറ്റരാജ്യമായോ രൂപീകരിക്കാനാണ് ബ്ലെയര്‍ ശ്രമിക്കുന്നത്. പക്ഷേ അവിടെ ഒരു പ്രശ്നമുണ്ട്. ഹമാസിന് യാതൊരു റോളും ഉണ്ടാവില്ല. ഹമാസിന്റെ സമ്പൂര്‍ണ്ണമായ ഉന്‍മൂലനത്തിനുശേഷമായിരിക്കും, ഭരണം ഗസ്സക്കാരെ എല്‍പ്പിക്കുക. ഇതാണ് ഹമാസിനെ ഞെട്ടിക്കുന്നതും. ഹമാസിന്റെ ഒരു തരിപോലും ഗസ്സയില്‍ അവശേഷിക്കുന്നുണ്ടെന്ന് കണ്ടാല്‍ ഇസ്രയേല്‍ ഈ പരിപാടിക്ക് അംഗീകാരം നല്‍കില്ല എന്ന് ഉറപ്പാണ്.

നേരത്തെ തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ദ്വിരാഷ്ട്ര വാദത്തില്‍നിന്ന് പിന്‍മാറിയിരുന്നു. കാരണം അവിടെ ഫലസ്തീന്‍ എന്ന ഒരു രാജ്യം വന്നാല്‍ തങ്ങള്‍ക്ക് എത്രമാത്രം ഭീഷണിയാണെന്ന് 2023-ലെ ഒക്ടോബര്‍ കൂട്ടക്കൊല ചൂണ്ടിക്കാട്ടി നെതന്യാഹു പറയുന്നു. ഇസ്രയേലിന്റെ സൈനിക പോസ്റ്റുകള്‍ ഗസ്സയില്‍ നിലനിര്‍ത്താതെയുള്ള ദ്വി രാഷ്ട്രവാദത്തിനൊന്നും ഇസ്രയേല്‍ വഴങ്ങുമോ എന്ന് അറിയില്ല. ഇപ്പോള്‍ ട്രംപിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ്, ഇസ്രയേല്‍ ടോണി ബ്ലെയര്‍ ഫോര്‍മുലക്ക് സമ്മതം മുളുന്നത്. പക്ഷേ ഈ പദ്ധതി നടപ്പിലായാല്‍ എന്നെന്നേക്കുമായി തങ്ങള്‍ക്ക് ഗസ്സയില്‍ യാതൊരു റോളുമില്ലാത്ത അവസ്ഥ വരുമെന്ന്, ഹമാസിന് നന്നായി അറിയാം. 13 വയസ്സുമുതലാണ് ഹമാസ് തങ്ങളുടെ ആര്‍മിയിലേക്ക് റിക്രൂട്ട്മെന്റ് തുടങ്ങുന്നത്. ഗസ്സയിലെ മദ്രസകളാണ് യഥാര്‍ത്ഥത്തില്‍ അവരുടെ ചാവേര്‍ബോംബ് നിര്‍മ്മാണ ശാലകള്‍. ബ്ലെയറിന്റെ നേതൃത്വത്തില്‍ ഒരു ട്രാന്‍സിഷന്‍ സര്‍ക്കാര്‍ വന്നാല്‍, വിദ്യാഭ്യാസ മേഖലയിടക്കം അഴിച്ചു പണിയുണ്ടാവും. അവശേഷിക്കുന്ന തുരങ്കങ്ങള്‍ എന്നെന്നേക്കുമായി ഇല്ലാതാവും. ഇപ്പോള്‍ തന്നെ ഗസ്സയില്‍ പലയിടത്തും ഹമാസിനെതിരെ പരസ്യമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പേടിച്ചിട്ടാണ് ഫലസ്തീനികള്‍ ഹമാസിനെതിരെ പ്രതികരിക്കാത്തത്. ഹമാസ് അധികാരത്തില്‍നിന്ന് പോവുന്നതോടെ ജനം അവരുടെ മേല്‍ കാറിത്തുപ്പുമെന്ന് ഉറപ്പാണ്.


 



മാത്രമല്ല, ബ്ലെയറിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സംവിധാനം വന്നാല്‍, ഇപ്പോള്‍ തങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഗസ്സന്‍ ആരോഗ്യമന്ത്രാലയവും, ഉണ്‍ട്രയും അടക്കം എല്ലാ സംവിധാനങ്ങളും ഹമാസിന്റെ കൈയില്‍നിന്നുപോവും. അതോടെ ഇതുവരെ അവര്‍ നല്‍കിവന്നിരുന്ന വ്യാജ മരണക്കണക്കുകള്‍ എല്ലാം പൊളിയും. ഗസ്സയുദ്ധത്തില്‍ 60,000 പേര്‍ മരിച്ചുവെന്ന കണക്ക് നല്‍കിയത് ഗസ്സന്‍ ആരോഗ്യ മന്ത്രാലയമാണ്. ഇതില്‍ 25,000 ത്തോളം പേര്‍ ഹമാസ് ഭീകരര്‍ ആണെന്ന സത്യം അവര്‍ മറച്ചുവെക്കുന്നു. വാഹനാപകടത്തില്‍ മരിച്ചവരുടെ അടക്കം കണക്ക് ഇവര്‍ തള്ളുന്നത് ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ചവര്‍ ആയിട്ടാണ്. അതുപോലെ 19കാരന്‍ മരിച്ചാലും അത് വെറും 9 വയസ്സുകാരനാക്കി സ്ത്രീകളുടെയും കുട്ടികളുടെ മരണക്കണക്ക് ഉയര്‍ത്തിക്കാണിക്കുക എന്ന തട്ടിപ്പും ഇതോടൊപ്പമുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ രൂപത്തില്‍പോലും ഹമാസ് അവിടെ ഭീകരരരെ കയറ്റിവിട്ടിട്ടുണ്ട്. പുതിയ ഭരണസംവിധാനം വന്നാല്‍, തങ്ങളുടെ മൊത്തം പ്രൊപ്പഗന്‍ഡകളും പൊളിയുമെന്ന് ഹമാസിന് നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ്, ടോണി ബ്ലെയറിനെ ഇറാഖിലെ കൊലയാളിയാക്കിയും, മുസ്ലീം വിരോധിയാക്കിയും, ഗസ്സക്ക് പുറത്തുള്ളവര്‍ ഗസ്സയെ ഭരിക്കരുത് എന്ന മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തിയും, അവര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്.

വാല്‍ക്കഷ്ണം: കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്ത്യയുടെ സുഹൃത്താണ് ടോണി ബ്ലെയര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അദ്ദേഹത്തിന് നല്ല ബന്ധമാണ്. 2050ഓടേ ഇന്ത്യയും അമേരിക്കയും ചൈനയും സൂപ്പര്‍ പവര്‍ രാജ്യങ്ങളായി ഉയര്‍ന്നുവരുമെന്ന് ടോണി ബ്ലെയറിന്റെ പ്രസ്താവന വലിയ വാര്‍ത്തയായിരുന്നു.

Tags:    

Similar News