അത് ഗസ്സയിലെ കുട്ടികളെ കൊന്നതിന് ദൈവം നല്‍കിയ ശിക്ഷയല്ല, പിന്നില്‍ തീവ്രവാദ മനസ്സ്; 18 പേര്‍ അറസ്റ്റിലെന്ന് നെതന്യാഹു; പമ്മിപ്പമ്മിപ്പോയി കത്തിക്കുന്ന വീഡിയോ പുറത്ത്; രാജ്യത്തെ പൗരന്‍മാരായ അറബ് ഫലസ്തീനികളെ കൊണ്ട് ഹമാസ് തീവെപ്പിക്കുന്നു; ഇസ്രയേല്‍ കാട്ടുതീ മനുഷ്യനിര്‍മ്മിതം

ഇസ്രയേല്‍ കാട്ടുതീ മനുഷ്യനിര്‍മ്മിതം

Update: 2025-05-03 10:15 GMT

'ഗസ്സയിലെ കുട്ടികളെ കൊന്നതിന് ഇസ്രയേലിന് ദൈവം നല്‍കിയ ശിക്ഷ''- ജറുസലേമിലെ കാട്ടുതീയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുതുടങ്ങുമ്പോള്‍ തന്നെ കേരളത്തിലെ ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. നേരത്തെ അമേരിക്കയില്‍ കാട്ടുതീ ഉണ്ടായപ്പോഴും കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തിന്റെ ആഘോഷമായിരുന്നു!

കാട്ടുതീ അഥവാ വൈല്‍ഡ് ഫയര്‍ എന്ന് പറയുന്നത്, ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്ന പ്രകൃതി ദുരന്തങ്ങളില്‍ ഒന്നാണ്. ഈവര്‍ഷം തുടക്കത്തില്‍ അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ കാട്ടുതീ ഉണ്ടായി ഹോളിവുഡ് താരങ്ങളുടെ ശതകോടികള്‍ വില വരുന്ന വീടുകള്‍ അഗ്നിക്കരയായതും, 20 ഓളം പേര്‍ മരിച്ചതും ലോകത്തെ നടുക്കിയിരുന്നു. ശതകോടികള്‍ വില വരുന്ന വീടുകള്‍ സംരക്ഷിക്കാന്‍ മണിക്കൂറിന് ലക്ഷങ്ങള്‍ മുടക്കി സ്വകാര്യ അഗ്നിശമന സേനയെ നിയോഗിച്ചതും, ആയിരിക്കണക്കിന് ഏക്കര്‍ കത്തിനശിച്ചതുമെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. അതാണ് കാട്ടുതീയുടെ കരുത്ത്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ, എല്ലാവിധ അത്യന്താധുനിക സൗകര്യങ്ങളുമുള്ള അമേരിക്കയെ പോലും വിറപ്പിക്കാന്‍ കരുത്തനാണ് അവന്‍. അതുകൊണ്ടുതന്നെ യുഎന്‍ എന്‍വയോണ്‍മെന്റല്‍ കൗണ്‍സില്‍, ലോകത്തിലെ ഏറ്റവും മാരകമായ പ്രകൃതിദുരന്തങ്ങളില്‍ ഒന്നായാണ്, കാട്ടുതീയെ വിലയിരുത്തിയത്.

അതുകൊണ്ടുതന്നെ ഇസ്രയേലില്‍ ഒരു തീപിടുത്തം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ എല്ലാവരും കരുതിയത് അത് കാട്ടുതീയാണെന്നാണ്. മലയാള മാധ്യമങ്ങളും അങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ചില ഇസ്രയേല്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ ഇതും ഒരു തീവ്രവാദ ആക്രമണമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് അവര്‍ പുറത്തുവിടുന്നത്.

ജറുസലേമിന് തീപിടിച്ച ദിനങ്ങള്‍

ബുധനാഴ്ച രാത്രിയിലെ കണക്കുപ്രകാരം മൂവായിരത്തോളം ഏക്കര്‍ പ്രദേശമാണ് ഇസ്രയേലില്‍ കത്തിനശിച്ചത്. മെസിലത്ത് സിയോണ്‍ എന്ന സ്ഥലത്തിനു സമീപത്താണു തീപിടിത്തം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആദ്യം ഇതു പടിഞ്ഞാറു ഭാഗത്തേക്കു പടരുകയും, പിന്നീട് മണിക്കൂറില്‍ 90-100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയതോടെ ദിശ മാറി കിഴക്കോട്ടേക്കു പടരുകയുമായിരുന്നു. സ്വാതന്ത്ര്യ ദിനത്തിനോടടുത്താണ് ഇങ്ങനെയൊരു അപകടമുണ്ടാകുന്നത്. നഗരത്തിലേക്കും കാട്ടുതീ പടര്‍ന്നുപിടിക്കാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. 23 പേര്‍ക്ക് ചികിത്സ നല്‍കിയതായും 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.




കാട്ടുതീ അണയ്ക്കാന്‍ ഇസ്രയേല്‍ അന്താരാഷ്ട്ര സഹായം തേടിയിരുന്നു. ജറുസലേമിന്റെ പ്രാന്ത പ്രദേശങ്ങളില്‍ ആണ് കാട്ടുതീ ആളി പടരുന്നത്. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി പാര്‍പ്പിച്ചു. ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തീയണയ്ക്കല്‍ ദുഷ്‌കരമാക്കിയത് വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ്. 160ലേറെ അഗ്നിശമനസേനാ യൂണിറ്റുകളും 12 വിമാനങ്ങളും തീയണയ്ക്കാനുള്ള ശ്രമത്തിലാണെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈന്യവും തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും സഹായിക്കുന്നുണ്ട്. ദേശീയ പാതകള്‍ ഉള്‍പ്പടെ പ്രധാന റോഡുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. കാട്ടുതീ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യവ്യാപകമായി കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇസ്രയേലില്‍ ഇതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ തീപ്പിടിത്തമാണ് ഇതെന്നാണ് ലഭിക്കുന്ന വിവരം. രാജ്യം നേരിടുന്ന ഏറ്റവും വലിയ കാട്ടുതീയാകാമിതെന്ന് ജറുസലം ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഡിസ്ട്രിക്ട് കമാന്‍ഡര്‍ വിശദീകരിക്കുന്നു.

ഇപ്പോള്‍ അഗ്്നിയെ ഏതാണ്ട് പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ ഇസ്രയേലിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ അപ്പോഴും ഒരു ചോദ്യം ബാക്കിയായി. എവിടെ നിന്നാണ് ഈ തീയുടെ തുടക്കം. ഇത് ചിലര്‍ പ്ലാന്‍ ചെയ്തതാണോ? ഈ അന്വേഷണം ഞെട്ടിപ്പിക്കുന്ന കുറേ വിവരങ്ങളിലേക്കാണ് ഇസ്രയേലിനെ നയിച്ചത്. മാധ്യമങ്ങള്‍ ഇപ്പോള്‍ അത് പുറത്തുവിടുന്നുണ്ട്.


Full View

കാട്ടുതീ അടിക്കടി, പക്ഷേ

അടിക്കടി അഗ്നി ബാധയുണ്ടാകുന്ന ഒരു രാജ്യം തന്നെയാണ് ഇസ്രയേല്‍. കാട്ടുതീ ഇസ്രയേലില്‍ നിത്യക്കാഴ്ചയാവുന്നതിനെക്കുറിച്ച്, 2022-ല്‍ പരിസ്ഥിതി മന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. രാജ്യത്തെമ്പാടും തുറന്ന പ്രദേശങ്ങളുടെ വിസ്തൃതി കുറയുന്നുവെന്നും ഇത് കാട്ടുതീക്ക് കാരണമാവുന്നുവെന്നും, ഇസ്രയേലിന്റെ നാഷണല്‍ എക്കോസിസ്റ്റം പ്രോഗ്രാം തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഭൂവിനിയോഗം, പ്രകാശ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം പോലെയുള്ള ഘടകങ്ങളാണിതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

2017 മുതല്‍ 2020 കാലയളവില്‍ ഇസ്രയേലില്‍ പ്രതിവര്‍ഷം ശരാശരി 30 സ്‌ക്വയര്‍ കിലോമീറ്റര്‍ എന്ന തോതിലുള്ള പ്രദേശമാണ് നഷ്ടമായത്. ഇസ്രയേലിലെ ബീച്ചുകളുടെ 78 ശതമാനവും പ്രകാശ മലിനീകരണം നേരിടുമ്പോള്‍ ചില നഗരങ്ങളില്‍ രാത്രികാലത്തും അതിഭീകരമായ പ്രകാശ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം തന്നെ കാട്ടുതീ സംഭവങ്ങളുടെ തോതും തീവ്രതയും ഉയര്‍ന്നിട്ടുണ്ട്. മിലിട്ടറി ട്രെയ്‌നിങ് ഗ്രൗണ്ടുകളില്‍ പോലും കാട്ടുതീ നിത്യസംഭവമായി തീര്‍ന്നു കഴിഞ്ഞു. 2015 മുതല്‍ 2021 വരെയുളള കാലയളവില്‍ രാജ്യത്തിന്റെ മെഡിറ്ററേനിയിന്‍ മേഖലയിലുള്ള വനപ്രദേശങ്ങളുടെ 500 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന പ്രദേശങ്ങള്‍ ഒരു തവണയെങ്കിലും കാട്ടുതീക്ക് വിധേയമായെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതേ കാലയളവില്‍ രാജ്യത്തിന്റെ പുല്‍പ്രദേശങ്ങളുടെ കാല്‍ഭാഗവും നാശം അഭിമുഖീകരിച്ചു.

മറ്റു അറബ് രാജ്യങ്ങളിലെ പോലെയല്ല ഇസ്രായേല്‍. മരുഭൂമിആയിട്ടുള്ളത് ഈജിപ്റ്റ് -ജോര്‍ദാന്‍ ബോര്‍ഡര്‍ മാത്രേയുള്ളു, ബാക്കിയെല്ലാം അവര്‍ കൃഷിഭൂമിയോ വനമോ ആക്കിയെടുത്തിരിക്കുന്നു. 48-ല്‍ ഇസ്രയേല്‍ ഉണ്ടാവുമ്പോള്‍ അത് പുല്ലുപോലും മുളയ്ക്കാത്ത ഒരു പ്രദേശമായിരുന്നു. അവിടെയാണ് അവര്‍ കഠിനാധ്വാനം ചെയ്ത് ശാസ്ത്രത്തിന്റെയും -സാങ്കേതിക വിദ്യയുടെയും ബലത്തില്‍ പൊന്നുവിളയിച്ചത്. അതുകൊണ്ടുതന്നെ പരിസ്ഥിതി നാശം ഈ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. കാറ്റുള്ള ഈ സമയത്തു ഒരു തീപിടിത്തം ഉണ്ടായാല്‍ നന്നായിട്ട് ആളികത്തും. അതുകൊണ്ടുതന്നെ ഉഷ്ണകാലത്ത് പ്രാന്ത പ്രദേശങ്ങളില്‍ കാട്ട് തീ പതിവാണ്. പക്ഷേ ഇത്തവണ ഉഷ്ണകാലം വരുന്നേയുള്ളു.

വീഡിയോ പുറത്ത്; 18 പേര്‍ അറസ്റ്റില്‍

ഇസ്രയേല്‍ സ്ഥാപക ദിനമായ, മെയ് 15 നും അടുത്ത ദിവസങ്ങളിലുമാണ് തീ പിടുത്തം ഉണ്ടാകുന്നത്. ഹമാസ് തങ്ങളുടെ പൗരന്‍മാരെയും ടൂറിസ്റ്റുകളേയും പിടിച്ചുകൊണ്ട് പോയത് കൊണ്ട് വലിയ ആഘോഷങ്ങള്‍ ഒന്നും ഇസ്രായേലില്‍ നടന്നിരുന്നില്ല. എന്നാല്‍ ഈ അവസരത്തില്‍ ഫലസ്തീന്‍ റേഡിയോയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഇസ്രായേല്‍ പ്രദേശത്ത് തീവയ്ക്കാന്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ഇസ്രായേല്‍ പൗരന്‍മ്മാരില്‍ ഇരുപത് ശതമാനവും അറബ് ഫലസ്തീനികള്‍ ആണ്. അവരെ ലക്ഷ്യമാക്കിയാണ് സന്ദേശങ്ങള്‍ ഉണ്ടായത്. അവരില്‍ ചിലരെ തീവയ്ക്കുന്നതിനിടയില്‍ ഇസ്രായേല്‍ സിവില്‍ ഡിഫന്‍സ് ഫോഴ്സ് അറസ്റ്റു ചെയ്തിട്ടുണ്ട്. അവരില്‍ നിന്ന് ഇന്ധനങ്ങളും, സന്ദേശങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വ്യക്തമായ ഫുട്ടേജുകളും കിട്ടിയിട്ടുണ്ട്. വീഡിയോകളില്‍ പമ്മിപമ്മിപ്പോയി പുല്ലിന് തീയുടുന്നവരെ കാണാം! ഇത് പിന്നീട് വന്‍ അഗ്്നിബാധയായി വളരുകയാണെന്നാണ് സംശയം. ഒരു കൊച്ചുരാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒരുകൂട്ടം ആളുകള്‍ തീയിട്ടാല്‍ എന്താണ് സംഭവിക്കുക. ഒരു തരം ഫയര്‍ ജിഹാദുതന്നൊണ് സംഭവിച്ചത് എന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

ജറുസലേമിന് പുറത്ത് കാട്ടുതീ പടരാന്‍ സഹായിച്ചതായി സംശയിക്കുന്ന 18 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെളിപ്പെടുത്തി. ജറുസലേമില്‍ നടക്കുന്ന വാര്‍ഷിക ബൈബിള്‍ മത്സരത്തില്‍ സംസാരിക്കവെ, സംശയിക്കപ്പെടുന്നവരില്‍ ഒരാള്‍ തീപിടുത്തത്തില്‍ കുടുങ്ങിയിട്ടുണ്ടെന്ന് നെതന്യാഹു പറഞ്ഞു. വന്‍ തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഇതുവരെ പറഞ്ഞു. 'തീപിടുത്തം 'ലളിതമായ കാര്യമല്ല, പ്രകൃതിക്കും മനുഷ്യര്‍ക്കും ദോഷമുണ്ട്, തീപിടുത്തത്തില്‍ സംശയിക്കപ്പെടുന്ന 18 പേരെ ഞങ്ങള്‍ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, അവരില്‍ ഒരാള്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്.''- നെതന്യാഹു പറയുന്നു.




പാലൂട്ടിയ കൈകള്‍ക്ക് വീണ്ടും കൊത്ത്

പുറത്തു നിന്നുള്ള തീവ്രവാദ ആക്രമങ്ങള്‍ പരാജയപ്പെട്ടതോടെ, രാജ്യത്തിന് അകത്ത് ഭീകരതക്ക് വളമിട്ട്, പാലൂട്ടി വളര്‍ത്തിയ കൈക്കുതന്നെ കൊത്തിപ്പിക്കുക എന്ന തന്ത്രമാണ് ഹമാസ് എടുത്തത്. ഇസ്രായേലിന് അകത്ത് എല്ലാ വിധ പൗരസ്വാതന്ത്ര്യവും അനുഭവിച്ചു കഴിയുന്നവരാണ് 20 ശതമാനത്തോളം വരുന്ന ഫലസ്തീനി അറബുകള്‍. അവര്‍ ഈ രാജ്യത്തിന്റെ പൗരന്‍മ്മാരാണ്. എന്തെങ്കിലും തരത്തിലുള്ള വിവേചനം ഇവര്‍ക്കെതിരെ ഇസ്രയേല്‍ സ്വീകരിച്ചുവെന്ന്, അവരുടെ സംഘടനകള്‍ക്കുപോലും പരാതിയുണ്ടായിരുന്നില്ല. ഇവരെ മതപരമായും വംശീയമായും ഉത്തേജിപ്പിച്ച് ഇല്ലം ചുടീക്കാനായിരുന്നു തീവ്രവാദികളുടെ ശ്രമം. അതിന് സോഷ്യല്‍ മീഡിയ ഉപയോഗിച്ച് മത വൈറസുകളെ മതാത്മക മനസുകളില്‍ അവര്‍ ഇട്ടു കൊടുത്തു. അതിന്റെ പ്രതിഫലനമാണ് ഇസ്രായേലില്‍ കണ്ട തീ പിടുത്തമെന്ന് വിലയിരുത്തലുകള്‍ വന്നുകഴിഞ്ഞു.

നേരത്തെയും ഇസ്രയേലിന്റെ പാലൂട്ടിയ കൈകള്‍ക്ക് കൊത്തേറ്റിരുന്നു. അത് ഒക്ടോബര്‍ 7ന്റെ ഹമാസിന്റെ ഭീകരാക്രമണ സമയത്തായിരുന്നു. ഇസ്രയേല്‍, ആയിരക്കണക്കിന് ഗസ്സക്കാര്‍ക്ക് തങ്ങളുടെ രാജ്യത്ത് ദിവസേന വന്നുപോയി, ജോലിയെടുത്തു മടങ്ങാന്‍ വര്‍ക്ക് പെര്‍മിറ്റ് കൊടുത്തിരുന്നു. പൊതുവെ ഉയര്‍ന്ന കൂലിയുള്ള ഇസ്രയേലില്‍ ജോലിക്കുവരുന്നത്, ഗസ്സക്കാരുടെ ദാരിദ്രലഘൂകരണത്തില്‍ വലിയ പങ്കാണ് വഹിച്ചത്. ഈ രീതിയില്‍ ജനങ്ങള്‍ ഇടകലരുമ്പോള്‍, വൈരം പോവുമെന്നും, പോസറ്റീവായ ഒരു സോഷ്യല്‍ എഞ്ചിനീയറിങ്ങ് ഉണ്ടാവുമെന്നാണ് ഇസ്രയേല്‍ കരുതിയത്. എന്നാല്‍ അതിര്‍ത്തികയറിയുള്ള ഭീകരാക്രമണത്തിന്റെ റൂട്ട്മാപ്പ് ഹമാസിന് തയ്യാറാക്കിക്കൊടുത്തത്, ഇങ്ങനെ ദിവസേന ഇസ്രയേലില്‍ വന്ന് പണിയെടുത്തുപോകുന്ന ഗസ്സന്‍ നിവാസികള്‍ ആയിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു! അതായത് മതവൈരത്തിന് മുകളില്‍ ഒന്നും പറക്കില്ലെന്ന് വ്യക്തം. ഇപ്പോള്‍ അതുപോലെ, ഇസ്രയേല്‍ പൗരന്‍മ്മാരായ ഫലസ്തീന്‍ വംശജരുടെ മനസ്സിലേക്കും വിഷം കുത്തിവെക്കാനുള്ള ശ്രമമാണ് ഹമാസ് നടത്തുന്നത്. അതിന്റെ ടെസ്റ്റ് ഡോസാണ് തീപ്പിടുത്തമായി കണ്ടത്.




 

ഇതിനെയെല്ലാം അതിജീവിക്കാനുള്ള ശാസ്ത്രവും ടെക്നോളജിയും ഉള്ള രാജ്യമായതു കൊണ്ട് ഇസ്രയേല്‍ കുറെയൊക്കെ മുളയിലെ നുള്ളിയിരുന്നു. ഇന്ത്യയിലുള്ളതുപോലെ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാന്‍ നില്‍ക്കുന്ന രാഷ്ട്രീയ കക്ഷികളും, ഭൂരിപക്ഷത്തെ ഉദ്ബോധിപ്പിക്കാന്‍ നില്‍ക്കുന്ന രാഷ്ട്രീയ കക്ഷികളും അവിടെയുണ്ട്. എന്നാല്‍ രാജ്യതാല്‍പര്യത്തിന് അവര്‍ ഒന്നിച്ചു തന്നെ നില്‍ക്കും. അതുകൊണ്ടുതന്നെ ഇസ്രായേല്‍ ഈ ഭീഷണിയേയും മറികടക്കുമെന്നാണ് കരുതുന്നത്. പതുക്കെ നടന്നുവന്ന് പുല്‍മേടുകള്‍ക്ക് ചിലര്‍ തീയിടുന്ന വീഡിയോകള്‍ വൈറലാണ്. അത്തരം നടപടികള്‍ ചെയ്തവരാണ് പിടിയിലായതും. പക്ഷേ ഇസ്രായേല്‍ പൗരന്‍മ്മാരായ ഫലസ്തീനികളില്‍ വളരെ ചെറിയ വിഭാഗം മാത്രാണ്, തീവ്രവാദികളുടെ സ്വാധീനത്തില്‍ പെട്ട്പോയത് എന്നും അത് നിഷ്പ്രയാസം മറികടക്കാമെന്നുമാണ് ജറുസലോം പോസ്റ്റ് പോലുള്ള പത്രങ്ങള്‍ പറയുന്നത്.

കേരളത്തില്‍ വികൃത മനസ്സുകളുടെ ആഘോഷം!

കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ഇത് ഇസ്രയേലിന് കിട്ടിയ ദൈവശിക്ഷ എന്ന പേരിലാണ് ആഘോഷിക്കുന്നത്. പക്ഷേ ഒന്നോര്‍ക്കണം ഇതിനേക്കാള്‍ വലിയ ദുരന്തങ്ങള്‍ ഇസ്ലാമിക രാജ്യങ്ങില്‍ സംഭവിക്കാറുണ്ട്. അപ്പോഴൊന്നും അവര്‍ ഇങ്ങനെ പ്രാകാറില്ല.

തീ പിടുത്തത്തില്‍ ഇസ്രായേലില്‍ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു എന്നതായിരുന്നു കേരളത്തില്‍ പ്രചരിപ്പിച്ച മറ്റൊരു വാര്‍ത്ത. ഇത് കേരളത്തിലെ ഇസ്ലാമിസ്റ്റകളും ആഘോഷമാക്കിയിരുന്നു. എന്നാല്‍ ഇന്ദിരാഗാന്ധിയുടെ അടിയന്താവസ്ഥപോലെയല്ല, ഇസ്രയേലിനെ അടിയന്തരാവസ്ഥ. അടിയന്തിര ഘട്ടങ്ങളില്‍ ഇസ്രായേലില്‍ നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിക്കാറുണ്ട്.അത് ജനങ്ങള്‍ ജാഗ്രരൂഗരായി ഇരിക്കാനാണ്. ഇവിടെ ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ പോലെ ഭീകരമല്ല അത്. ജോലിക്കു പോകുന്നതിനോ കടകള്‍ തുറക്കുന്നതിനോ, പ്രകടനങ്ങള്‍, പ്രതിക്ഷേധങ്ങള്‍ എന്നിവ നടത്തുന്നതിനോ പോലും വിലക്കില്ല.

ഇസ്രായേല്‍ അന്തര്‍ദ്ദേശീയ സഹായം തേടി എന്ന വാര്‍ത്തയും കേരളത്തില്‍ ട്രോളായിരിക്കയാണ്. മറ്റു രാജ്യങ്ങളോട് നല്ല സഹകരണവും സാഹായങ്ങളും വച്ചു പുലര്‍ത്തുന്ന രാജ്യമാണ് ഇസ്രായേല്‍. അവരുടെ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാത്ത രാജ്യങ്ങള്‍ ചുരുക്കമാണ്. അതില്‍ ചില രാജ്യങ്ങള്‍ അടിയന്തിര ഘട്ടങ്ങളില്‍ ഇസ്രായേലിനെ സഹായിച്ചിട്ടുണ്ട്. അവരെ തിരിച്ചും ഇസ്രയേല്‍ സഹായിക്കാറുണ്ട്. എന്തിനധികം ഇന്ത്യക്കുപോലും ഇസ്രയേല്‍ സൈനിക സഹായം പലതവണ കിട്ടിയിട്ടുണ്ട്. കാര്‍ഗിലിലെ പാക്കിസ്ഥാന്റെ നുഴഞ്ഞുകയറ്റംപോലും കണ്ടെത്തി ഇന്ത്യയെ അറിയിച്ചത് അവരാണ്!

നേരത്തെയും ഇസ്രയേലില്‍ വന്‍ കാട്ടീതീ ഉണ്ടായപ്പോള്‍ മറ്റുരാജ്യങ്ങള്‍ സഹകരിച്ചിട്ടുണ്ട്. 2017- ജനുവരി ഒന്നിന് ഇസ്രയേലില്‍ ഉണ്ടായ തീപിടുത്തം അഞ്ചു ദിവസം കഴിഞ്ഞിട്ടും അണക്കാന്‍ കഴിഞ്ഞിരുന്നില്ല. അന്ന് അയിരങ്ങളെയാണ് വെസ്റ്റ്ബാങ്കിലെ താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ഹൈഫയില്‍ തുടങ്ങിയ തീ ഇസ്രയേലിന്റെ വടക്കന്‍ മേഖലകളിലേക്ക് കൂടി വ്യാപിക്കയാണ് ഉണ്ടായത്. ജറുസലേമിനെ നതഫിനടുത്ത്, ആറ് വിമാനങ്ങള്‍ ഇറക്കിയാണ് തീയണച്ചത്. തീയണക്കാനുള്ള ശ്രമത്തില്‍ ഫലസ്തീന്‍ പൗരമ്മാര്‍ ഉള്‍പ്പെടുയുള്ള ജനത തോളോട് തോള്‍ ചേര്‍ച്ച് പ്രവര്‍ത്തിച്ചത് വാര്‍ത്തയായിരുന്നു. എന്നിട്ടും നൂറുകണക്കിന് വീടുകളും കൃഷിസ്ഥലങ്ങളും കത്തി നശിച്ചു. അന്ന് അമേരിക്ക തുര്‍ക്കി റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രയേലിന് സഹായമായി എത്തിയിരുന്നു. തുര്‍ക്കിയെപ്പോലും സഹകരിപ്പിക്കുക എന്നത് ഇസ്രയേലിന്റെ നയതന്ത്രവിജയമാണ്. പക്ഷേ എന്നിട്ടും കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ ഇത്രയും കരുത്തുള്ള ഇസ്രയേല്‍ തീര്‍ന്നുവെന്നാണ് പ്രചാരണം.

സ്വതന്ത്രചിന്തകനും സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുമായ നിശാന്ത് കെ ടി പെരുമന ഇങ്ങനെ എഴുതുന്നു-'ജറുസലേമിലെ തീ പിടുത്തം കാട്ടുതീ ആണ് എന്നാണ് കേരളത്തിലെ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനടിയില്‍ ഇസ്രായേലിനെ പ്രാകിക്കൊണ്ടും, ദൈവ ശിക്ഷയാണ് എന്ന് സന്തോഷം പ്രകടിപ്പിച്ചു കൊണ്ടുമുള്ള പ്രതികരണങ്ങള്‍ കാണാം. എന്നാല്‍ ഇസ്രായേല്‍ ജറുസലേമിലെ തീ പിടുത്തം തീവ്രവാദ ആക്രമണമാണ് എന്ന സത്യം മലയാളം മാധ്യമങ്ങള്‍ ബോധപൂര്‍വ്വം മറച്ചു പിടിക്കുന്നു. കേരളത്തില്‍ നടക്കുന്ന ചര്‍ച്ചയുടെ പത്ത് ശതമാനം പോലും അവിടെ മാധ്യമങ്ങളില്‍ നടക്കുന്നില്ല. അവിടെ അടിയന്തിര സാഹചര്യം നേരിടുന്നത് ഡിപ്പാര്‍ട്ട്മെന്റുകള്‍ ആണ്. പരസ്പര വൈര്യം വളര്‍ത്തുന്ന ഇന്ത്യന്‍ മീഡിയ പോലെയല്ല അവിടുത്തെ മാധ്യമങ്ങള്‍. അവര്‍ അവധാനതയോടെ വാര്‍ത്ത കൊടുക്കുന്നു. പൗരന്‍മ്മാര്‍ക്കിടയില്‍ ഭിന്നതയും ഭയവും ഇട്ടു കൊടുക്കാതെ സ്ഥാപക ദിനത്തിന്റെ ആഘോഷങ്ങളിലാണ് ഇസ്രായേലി മാധ്യമങ്ങള്‍. ഇവിടെ, ഹമാനസര്‍ക്കും, ഹമാനവര്‍ക്കും മാത്രമാണ് ഇസ്രായേല്‍ ഭീകര രാജ്യം''.- നിശാന്ത് ഫേസ്ബുക്കില്‍ കുറിക്കുന്നു.

Full View

വാല്‍ക്കഷ്ണം: ഈ കാട്ടുതീ, മനുഷ്യനിര്‍മ്മിതമാണെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടും മലയാള മാധ്യമങ്ങള്‍ അത് അദ്ഭുതകരമായി മുക്കുകയായിരുന്നു. ഹമാസിനെ പ്രതിക്കൂട്ടിലാക്കാതിരിക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ എപ്പോഴും ശ്രദ്ധിക്കുന്നതായി തോന്നുന്നുണ്ട്!


Tags:    

Similar News