രജനി ഫാന്‍ വിജയ് ആരാധകനായ യുവാവിനെ തല്ലിക്കൊന്ന പഴയകാലം ആവര്‍ത്തിക്കുമോ? 'കൂലി'യിലെ 21 അസംബന്ധങ്ങള്‍ എന്ന് വീഡിയോ ചെയ്ത് ന്യൂജന്‍ പിള്ളേര്‍; ലോകേഷ് കനകരാജും എയറില്‍; തലൈവര്‍ നായകവേഷം നിര്‍ത്തണമെന്നും വിമര്‍ശനം; തമിഴകത്ത് രജനി- വിജയ് ഫാന്‍ ഫൈറ്റ് മുറുകുമ്പോള്‍

തമിഴകത്ത് രജനി- വിജയ് ഫാന്‍ ഫൈറ്റ് മുറുകുമ്പോള്‍

Update: 2025-08-20 10:02 GMT

മ്മുടെ നാട്ടിലെ മമ്മൂട്ടി -മോഹന്‍ലാല്‍ ഫാന്‍സ് തമ്മിലുള്ള സോഷ്യല്‍മീഡിയിലെ വാക്പോരല്ല തമിഴ്നാട്ടിലെ ആരാധകപ്പോര്. ഫാന്‍ ഫൈറ്റില്‍ ജീവന്‍ പോലും നഷ്ടമാവുന്ന നാടാണ് തമിഴകം. അജിത്ത്- വിജയ് ഫാന്‍സ് ഏറ്റുമുട്ടി മധുരയില്‍, നേരത്തെ ഒരു ജീവന്‍ പൊലിഞ്ഞിരുന്നു. എ ആര്‍ റഹ്‌മാന്റെയും അനിരുദ്ധ് രവിചന്ദ്രന്റെയും ആരാധകര്‍ ഏറ്റുമുട്ടി കഴിഞ്ഞവര്‍ഷം, ചെന്നൈയില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു.

2020 ഏപ്രിലില്‍ ചെന്നെയില്‍ നടന്ന സംഭവം ഞെട്ടിക്കുന്നതായിരുന്നു. ചെന്നൈയിലെ മാരക്കാണത്ത് കോവിഡ് ദുരിതാശ്വാസത്തിന് താരങ്ങള്‍ നല്‍കിയ പണത്തെ കുറിച്ചുള്ള വാദം കൊലപാതകത്തിലാണ് കലാശിച്ചത്. രജനികാന്ത് ആരാധകനാണ് വിജയ് ആരാധകനായ യുവാവിനെ കൊലപ്പെടുത്തിയത്. വിജയ് ആരാധകനായ 22 വയസുള്ള യുവരാജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയും രജനികാന്ത് ആരാധകനുമായ ദിനേശ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദുരിതാശ്വാസത്തിന് ഏറ്റവും കൂടുതല്‍ പണം നല്‍കിയത് വിജയ് ആണെന്നായിരുന്നു യുവരാജ് വാദിച്ചത്. എന്നാല്‍ ഇത് ദിനേശ് നിഷേധിച്ചു. പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതാണ് കൊലപാതകത്തില്‍ അവസാനിച്ചത്!

തമിഴകത്ത് സിനിമയും താരങ്ങളും എന്നാല്‍ രാഷ്ട്രീയവും ജീവിതവും കൂടിയാണ്. ഇപ്പോള്‍ അസാധാരണമായ ഒരു ഫാന്‍ഫൈറ്റിന് തമിഴകം വീണ്ടും സാക്ഷിയാവുകയാണ്. അത് രജനി- വിജയ് ഫാന്‍സ് തമ്മിലാണ്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട്, കൊട്ടിഘോഷിച്ച് ഇറങ്ങിയ, സമീകാല സിനിമയിലെ ഏറ്റവും മിടുക്കനായ സംവിധായകന്‍ ലോകേഷ് കനകരാജ് എടുത്ത 'കൂലി' എന്ന ചിത്രത്തെ ചൊല്ലിയാണ് പോര് നടക്കുന്നത്. പക്ഷേ ഇതൊന്നും കൂലി'യുടെ കളക്ഷനെ ബാധിച്ചിട്ടില്ല. സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച ചിത്രം ഒറ്റദിവസംകൊണ്ട് 150 കോടിയാണ് നേടിയത്. പക്ഷേ ചിത്രത്തിന്റെ കലാമൂല്യത്തെക്കുറിച്ചും, ലോകേഷ് കനകരാജ് എന്ന സംവിധായകന്‍ ഈ രീതിയില്‍ അധ:പ്പതിച്ചതിനെ കുറിച്ചുമാണ് ചര്‍ച്ചകള്‍ മുഴവനും.



പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍

രജനിയും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്നു. ഒപ്പം തെലുഗ് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുനയും, കന്നഡ സൂപ്പര്‍സ്റ്റാര്‍ ഉപേന്ദ്രയും പിന്നെ ആമിര്‍ഖാനും. വെടിമരുന്നും തീയും പോലെ ബോക്‌സോഫീസില്‍ സ്‌ഫോടനം നടത്താന്‍ കഴിയുന്ന ഒരു സിനിമായിരിക്കും 'കൂലി' എന്ന പ്രതീക്ഷയിലായിരുന്നു സിനിമാ ലോകം. പക്ഷേ പാണ്ടിപ്പടം എന്ന് മലയാളി പണ്ട് വംശീയചുവയോടെ പരിഹസിച്ചിരുന്ന അതേ ജോണറിലുള്ള ഒരു സിനിമയായിപ്പോയി ഇത് എന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

ഒരു പാട്ട് രണ്ടുതല്ല്, വെടിവെപ്പ്, കൊല... നായകന്‍ തന്റെ മുന്നില്‍ വരുന്ന 25 പേരെ അടിച്ചു മലര്‍ത്തുന്നു. വില്ലന്‍ ഹാമര്‍, കത്രിക, കോടാലി, മഴു തുടങ്ങിയ മരാകായുധങ്ങള്‍ ഉപയോഗിച്ച് പാവങ്ങളെ തുണ്ടാമാക്കുന്നു, ആരും ചോദിക്കാനില്ലാത്ത ഒരു വെള്ളരിക്കപ്പട്ടണത്തിലാണ് കഥ നടക്കുന്നത്. ഈ പടത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നമായിപ്പോയത് തിരക്കഥതന്നെയാണ്. ജയിലര്‍ ഉള്‍പ്പടെ ഒരുപാട്, രജനിപ്പടങ്ങളിലെ കഥയോട് കൂലിക്കും സാമ്യമുണ്ട്. കൈതിയും വിക്രവുമൊക്കെയെടുത്ത ലോകേഷില്‍ നിന്ന് ഇതുപോലൊന്നും ആരാധകര്‍ പ്രതീക്ഷിച്ചില്ല.

മദിരാശിയില്‍ കുട്ടികള്‍ക്കായി ഒരു ഹോസ്റ്റല്‍ നടത്തുന്ന ദേവരാജ എന്ന ദേവ ( രജനികാന്ത്) തന്റെ സുഹൃത്തിന്റെ (സത്യരാജ്) മരണ വിവരം അറിഞ്ഞ്, വിശാഖപട്ടണത്തേക്ക് എത്തുന്നു. സുഹൃത്തിന്റെ മുത്തമകള്‍ ( ശ്രുതിഹാസന്‍) അയാളെ ആട്ടിയോടിച്ചെങ്കിലും ദേവ വീണ്ടുമെത്തുന്നു. ആ മരണം ഒരു കൊലപാതകമാണെന്ന് അയാള്‍ മകളെ അറിയിക്കുന്നു. കൊന്നത് ആര് എന്ന അന്വേഷണത്തിലാണ് അവര്‍ അത് ദയാല്‍ എന്ന ( സൗബിന്‍ ഷാഹിര്‍) സൈക്കോ വില്ലന്‍ നിയന്ത്രിക്കുന്ന, തുറമുഖത്തേക്ക് എത്തുന്നത്. പിന്നീടാണ് അത് നാഗാര്‍ജ്ജുനയുടെ വലിയ വില്ലനിലേക്ക് തുറമുഖത്തിന്റെ മറവില്‍ നടക്കുന്ന ഡീലുകളിലേക്കും എത്തുന്നത്. ഈ വില്ലനെ കാണുമ്പോള്‍ തന്നെ നമുക്ക് അറിയാം, ഇവന്‍ രജനിയുടെ കൈ കൊണ്ട് തീരാനുള്ളതാണെന്ന്. ഈ പ്രഡിക്റ്റബിലിറ്റി ചിത്രത്തിന് വലിയ ബാധ്യതയാണ്.

നാം എത്ര തവണ കേട്ട കഥയാണിത്. എംജിആറിന്റെയും, ശിവാജിയുടെയും കാലത്തെ അതേ കഥ. അതിനിടയിലേക്ക് പാസങ്ങളുടെ ആറാട്ടാണ്, നന്‍പന്‍ പാസം, അപ്പ പാസം, തങ്കച്ചി പാസം എന്നിങ്ങനെ! 80കളുടെയും 90കളുടെയും രജനിപ്പടങ്ങളുടെ അതേലോജിക്കാണ് ചിത്രത്തിലെ സംഘട്ടരംഗങ്ങളില്‍ ഉടനീളം. രജനി മുന്നില്‍വരുന്നവരെയെല്ലാം പപ്പടമാക്കുന്നു. ചിലപ്പോഴൊക്കെ പഴയ പി വാസുവാണ് ഈ ചിത്രത്തിന്റെ സംവിധാനം എന്ന് തോന്നിപ്പോവും!

ഈ സിനിമകൊണ്ട് ഏറ്റവും വലിയ ഗുണമുണ്ടായിരിക്കുന്നത് മലയാളി താരം സൗബിന്‍ ഷാഹിറിനാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴിലും ഹിറ്റായതോടെ അവിടെയും താരമായ സൗബിന് കിട്ടിയ വലിയ ബ്രേക്കാണ് ഇതിലെ മരണമാസ് വില്ലന്‍. ഡാന്‍സ് സീനില്‍ സൗബിന്റെ ഒരു പെരുങ്കളിയാട്ടമുണ്ട്. പൊളിച്ചടുക്കിയെന്ന് പറയാം. അവസാനം എല്ലാവരും ആകാക്ഷയോടെ കാത്തിരുന്ന സൂപ്പര്‍സ്റ്റാര്‍ ആമിര്‍ഖാന്‍ എത്തുകയാണ്. ഉപേന്ദ്രയും, ആമിര്‍ഖാനും, രജനികാന്തും തമ്മില്‍ ക്ലൈമാക്‌സില്‍ ഒരു ബീഡി ഷെയര്‍ ചെയ്യുന്നതൊക്കെ ആരാധകര്‍ക്ക് കണ്ട് ആസ്വദിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ രജനികാന്ത് ഉള്‍പ്പെടെയുള്ള താരങ്ങളെയൊക്കെ കാണാനായി കണ്ടിരിക്കാം എന്നല്ലാതെ ലോകേഷിന്റെ ഒരു മസ്റ്റ് വാച്ച് പടമോ മികച്ച പടമോ അല്ല കൂലി. പക്ഷേ ഇങ്ങനെയൊക്കെ ആണെങ്കിലും, ഒട്ടും ലോജിക്കില്ലാത്ത രംഗങ്ങള്‍ കുത്തിനിറച്ചതാണ് ചിത്രത്തെ മാസ് ട്രോളിന് വിധേയമാക്കിയത്.





ട്രോളിക്കൊന്ന് ന്യൂജെന്‍

കൂലിയിലെ 21 അസംബന്ധങ്ങള്‍ എന്നൊക്കെപ്പറഞ്ഞ് ന്യൂജന്‍ പിള്ളേര്‍ വരെ ഇപ്പോള്‍ വീഡിയോ ചെയ്യുകയാണ്. അവര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ ഇങ്ങനെയാണ്. 30 വര്‍ഷം മുന്നേ നാട് വിട്ട രജനിക്ക് 29 വയസ്സുള്ള മകള്‍ ശ്രുതി ആണെന്ന് മനസ്സിലാക്കാന്‍ പറ്റാത്ത കാര്യമെന്താണ്. തുടക്കത്തില്‍ രജനിയോട് ശ്രുതി എന്തിനാണ് ഇറങ്ങിപ്പോകാന്‍ ചൂടാകൂന്നത്? രജനികാന്ത് ഭാര്യയും കുട്ടിയും ആയി പിരിയാന്‍ ഉള്ള സംഭവം ഉണ്ടായപ്പോള്‍ 15 വയസ്സോളം മാത്രം പ്രായം ഉണ്ടായിരുന്ന നാഗാര്‍ജുനക്ക് എങ്ങനെ ശ്രുതിഹാസനോളം അല്ലെങ്കില്‍ അതിലേറെ പ്രായം ഉള്ള മകനുണ്ടായി? ഇന്റര്‍നാഷണല്‍ ഡോണായ ഒരുഹാര്‍ബര്‍ സ്വന്തമായുള്ള ആള്‍ക്ക് 10 ശവം കടലില്‍ താഴ്ത്താനുള്ള ബുദ്ധി ഇല്ലേ. ഉപേന്ദ്രയ്ക്ക് എന്താണ് റൂമില്‍ ഇത്രയും നേരം പരിപാടി. ഒരു റുമില്‍ അടച്ചിട്ടിരിക്കുന്ന കഥാപാത്രമായിട്ടാണ് അയാളെ കാണിക്കുന്നത്.

ചിത്രത്തില്‍,രജനീകാന്ത് താമസിച്ചിരുന്ന മാന്‍ഷന്‍വരെ വന്നിട്ട് സത്യരാജ് എന്തുകൊണ്ട് ഒന്നും പറയാതെ തിരിച്ചു പോയി. രജനികാന്തിന്റെ കൂടെ ഒരു ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിരുന്ന സത്യരാജ് പിന്നെ എങ്ങനെയാണ് പെട്ടെന്ന് ഒരു വലിയ സയന്റിസ്റ്റ് ആയി മാറിയത്? സയന്റിസ്റ്റ് ആയശേഷം ഒരു ലാബിലോ വലിയ റിസര്‍ച്ച് കമ്പനിയിലോ ജോലി ചെയ്തു എന്ന് പറയുന്ന സത്യരാജ് പിന്നെ എന്തുകൊണ്ട് അവിടെ നിന്നും ഇറങ്ങി നായ്ക്കളെയൊക്കെ എരിച്ചുകളയുന്ന വൈദ്യുതി കണ്ടുപിടിക്കാന്‍ സമയം ചെലവഴിച്ചു എന്ന് മനസ്സിലാകുന്നില്ല.

ഫ്്ളാഷ് ബാക്ക് കാണിച്ച സമയത്ത് പോലും ഒരു സാധാരണ ചുമട്ടു തൊഴിലാളി മാത്രമായിരുന്ന രജനീകാന്ത് ചെന്നൈയില്‍ എങ്ങനെയാണ് ഇത്രയും വലിയ ഒരു മാന്‍ഷന്‍ സ്വന്തമായി ഉണ്ടാക്കിയത്. മാത്രമല്ല ഒരു തൊഴിലാളിയായി അവര്‍ക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്ത് ജീവിച്ച രജനികാന്തിന്റെ കഥാപാത്രം എങ്ങനെയാണ് ഒരു അധോലോകനായകന്റെ കഴിവുകള്‍ നേടിയത്. ഏത് സ്ഥലത്ത് എവിടെ പോയാലും സഹായിക്കാന്‍ ആളുകള്‍, വിവരങ്ങള്‍ കൊണ്ടുവന്ന് തരാന്‍ പ്രത്യേകം പ്രത്യേകം ആള്‍ക്കാര്‍, പണം എല്ലാം എങ്ങനെ വന്നു എന്ന് മനസ്സിലാകുന്നില്ല?.

ശ്രുതി ഹാസനെ ഒരു ട്രെയിന്‍ തന്നെ ഹൈജാക്ക് ചെയ്ത് തട്ടിക്കൊണ്ടുപോകുന്ന സീന്‍ ഒട്ടും കണ്‍വിന്‍സിങ് ആയിരുന്നില്ല.. അതും അത്രയും സിഗ്നല്‍ ആന്‍ഡ് ക്രോസ്സ് ഉള്ള വിശാഖപട്ടണം ചെന്നൈ റൂട്ട് ല്‍ അങ്ങനെ ഒരു ഹൈജക്കിങ് അതും ലോകോ പൈലറ്റിനെ വരെ തട്ടിക്കളഞ്ഞു കൊണ്ട്..?. ഇതെന്താ വെള്ളരിക്കാപട്ടണമോണോ?- വിമര്‍ശനങ്ങള്‍ അങ്ങനെ പോവകുയാണ്.

അതുപോലെ സിനിമയിലെ മറ്റുരംഗങ്ങളിലെ അസംബന്ധങ്ങളും പിള്ളേര്‍ നന്നായി ട്രോളുന്നുണ്ട്. സൗബിന്റെ കൂടെയുള്ള വില്ലത്തി പെണ്ണിനെ ആ വീഡിയോ കാളില്‍ കണ്ടു ബോധ്യമായ ശേഷം ആണു ശ്രുതി ഹാസന്‍ രക്ഷപ്പെടുന്നത്. പിന്നെ അതേ പെണ്ണ് വന്ന് സാര്‍ വിളിക്കുന്നു പോകാം എന്ന് പറഞ്ഞപ്പോള്‍ ശ്രുതിഹാസന്‍ കൂടെ പോകുന്നു. കൂടെ ഉപേന്ദ്ര ഉള്‍പ്പെടെ 19 ഓളം വലിയ ഗ്യാങ്സ്റ്റര്‍ ടീമുകള്‍ ഉണ്ടായിട്ടും അത്രേം അപകടകാരിയായ സൗബിന്റെ കയ്യില്‍ നിന്നും ശ്രുതിഹാസനെ കൊണ്ടുവരാന്‍ രണ്ട് കോമാളി ടീമുകളെ വിട്ടു?

സൗബിന്‍ എങ്ങനെ ആ ഒരു ആര്‍എക്സ് 100 വെച്ച് ഒരു എസ്യുവിയെ ആ ഹൈവേയില്‍ ചേസ് ചെയ്തു പിടിച്ചു?

അത്രയും വലിയ മരണത്തില്‍ നിന്നും രക്ഷപ്പെട്ടു പോകുന്നതുപോലെ രക്ഷപ്പെട്ടു പോയി നേരെ ചെന്നൈയില്‍ എത്താതെ ശ്രുതി ഹാസനും ടീമും സൗബിന്‍ ഉള്ള ഏരിയ ആയ സ്ഥലത്ത് തന്നെ ഒരു തട്ടുകടയില്‍ കയറി ദോശയും ഓംലെറ്റും കഴിക്കുന്നത് എന്തിനാണ്? - ഇങ്ങനെ ചിത്രത്തിലെ ലോജിക്കില്ലാത്ത ഭാഗങ്ങള്‍ എടുത്തിട്ട് ട്രോളിക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയ.




ലോകേഷിന് രൂക്ഷവിമര്‍ശനം

ലോകേഷ് കനകരാജ് എന്ന തമിഴ്സിനിമയുടെ മുഖഛായ മാറ്റിയ സംവിധായകന്‍ തന്റെ ചരിത്രത്തില്‍ ഇല്ലാത്ത വിമര്‍ശനങ്ങള്‍ക്കാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഇത് വെറുമൊരു രജനികാന്ത് സിനിമയാണെങ്കില്‍ ഇതിലെ ലോജിക്കിനെ പറ്റി ചോദ്യം ഉയരില്ല. പക്ഷേ ഇതൊരു ലോകേഷ് സിനിമയാണ്. അതുകൊണ്ടാണ് തങ്ങള്‍ വിമര്‍ശിക്കുന്നതെന്നാണ് യുട്യൂബേഴ്സ് പറയുന്നത്.

തമിഴ്നാട്ടിലെ കുഗ്രാമത്തില്‍ ജനിച്ച്, ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലും പോയി സിനിമ പഠിക്കാതെ, ആരുടെയും അസിസ്റ്റന്റ് ആവാതെ സ്വയം വളര്‍ന്നുവന്ന ഡയക്ടറാണ് ലോകേഷ്. ബാങ്ക് ജോലി രാജിവെച്ച സിനിമയിലേക്ക് അയാള്‍ ഇറങ്ങിയപ്പോള്‍ പരിഹസിച്ചവര്‍ ഏറെ. പക്ഷേ ഇന്ന് 50 കോടി പ്രതിഫലം വാങ്ങുന്ന ഇന്ത്യയിലെ ഏറ്റവും വില പിടിച്ച ഡയറകറായി അയാള്‍ മാറി. എല്‍സിയു അഥവാ ലോകേഷ് കനകരാജ് യൂണിവേഴ്സ് എന്നത് ഒരു ചലച്ചിത്ര കള്‍ട്ടായി മാറി. മണിരത്നം തരംഗത്തിലും, രാംഗോപാല്‍ വര്‍മ്മ യുഗത്തിനും, ഷങ്കര്‍ മാജിക്കിനും ശേഷം ദക്ഷിണേന്ത്യയില്‍ സംവിധായകന്റെ പേര് കണ്ടാല്‍ ജനം കൈയടിക്കുന്ന കാലം വീണ്ടും വരുന്നത് ലോകേഷ് എന്ന ഈ 40കാരന്‍മൂലമാണ്.

ഹൃദയത്തില്‍ സിനിമയുള്ളവന് ഒരു പരിശീലനവും വേണ്ട എന്നാണ് ലോകേഷിന്റെ അനുഭവം. ചെന്നൈയില്‍ നടന്ന ഒരു കോര്‍പ്പറേറ്റ് ഷോര്‍ട്ട് ഫിലിം ഫിലിം കോമ്പറ്റീഷനാണ് ഇദ്ദേഹത്തിന്റെ തലവര മാറ്റിയത്. അതിലേക്ക് ലോകേഷ് അയച്ച ഷോര്‍ട്ട് ഫിലിമിന് പുരസ്‌ക്കാരം കിട്ടി. അതിലെ ഒരു ജൂറിയായ സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജിന് ഈ പടം ഏറെ ഇഷ്ടപ്പെട്ടു. അദ്ദേഹമാണ് ഈ ചെറുപ്പക്കാരനില്‍ ഒരു നല്ല സംവിധായകന്‍ ഉണ്ടെന്നും നിങ്ങള്‍ ഒരു പടം ചെയ്യണമെന്നും പ്രോല്‍സാഹിപ്പിച്ചത്.

വെറുയെ ആശകൊടുത്ത് പോവുക മാത്രമല്ല കാര്‍ത്തിക് സുബ്ബരാജ് ചെയ്തത്. അദ്ദേഹം 2016ല്‍ എടുത്ത അവിയല്‍ എന്ന ഹ്രസ്വചിത്ര സമാഹാരത്തില്‍ ഒരു ഖണ്ഡം ചെയ്യാന്‍ അവസരവും നില്‍കി. അതില്‍ കാലം എന്ന പേരില്‍ ലോകേഷ് എടുത്ത പടം ശ്രദ്ധിക്കപ്പെട്ടു. പക്ഷേ പിന്നെയും അലച്ചിലുകളുടെ കാലമായി. 2017ല്‍ ചുരുങ്ങിയ ബജറ്റില്‍ മാനഗരം എന്ന സിനിമാണ് ലോകേഷിനെ ചലച്ചിത്ര ലോകം ശ്രദ്ധിച്ച് തുടങ്ങുന്നത്. ഒറ്റരാത്രികൊണ്ട് നടക്കുന്ന ഡീസന്റ് ആക്ഷന്‍ ത്രില്ലര്‍ എന്ന രീതിയില്‍ അത് ശ്രദ്ധിക്കപ്പെട്ടു. സുന്ദീപ് കിഷന്‍, ശ്രീ, റെജീന കസാന്ദ്ര, മധുസൂധന്‍ റാവു, ചാര്‍ലെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത പടം നിരൂപക ശ്രദ്ധക്കൊപ്പം തരക്കേടില്ലാത്ത സാമ്പത്തിക വിജയവും നേടി.

മാനഗരത്തിന്റെ നിര്‍മ്മാതാക്കളായ ഡ്രീം വാറിയര്‍ പിക്ചേഴ്സിനൊപ്പം 2018ല്‍ ലോകേഷ് അടുത്ത ചലച്ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കാര്‍ത്തി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കൈതി എന്ന ഈ ചലച്ചിത്രം 2019 ഒക്ടോബര്‍ 25 ന് പുറത്തിറങ്ങി. അതിനുശേഷമാണ്, പിന്നീട് 'എല്‍സിയു' അഥവാ ലോകേഷ് കനകരാജ് സിനിമാറ്റിക്ക് യുണിവേഴ്സിറ്റി എന്ന പേരില്‍ അറിയപ്പെടാന്‍ തക്ക കഥാപരിസരം ഉണ്ടായത്. വിജയിയുടെ ബിഗിലിനൊപ്പം ഇറങ്ങിയ ഈ ചിത്രം പൊട്ടിപ്പോവുമെന്നാണ് പലരും കരുതിയത്. പക്ഷേ ചിത്രം ബ്ലോക്ക് ബസ്റ്ററായി. ഇന്ത്യ മുഴുവനും കൈതിയുടെ കീര്‍ത്തിയെത്തി. ക്ലൈമാക്സിലെ കൂറ്റന്‍ തോക്കില്‍ നിന്നുള്ള വെടിവെപ്പൊക്കെ ഞെട്ടലോടെയാണ് ഇന്ത്യന്‍ സിനിമാലോകം കണ്ടത്.

പിന്നീട് വിജയ് നായകനായ മാസ്റ്റര്‍ എന്ന ചിത്രമാണ് ലോകേഷ് ഒരുക്കിയത്. അതും സാമ്പത്തികമായി വന്‍ വിജയമായി. വിജയ് സേതുപതിയുടെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ കമലഹാസനൊപ്പം വേഷമിട്ട വിക്രമായിരുന്നു ലോകേഷിന്റെ അടുത്ത ചിത്രം. 2022-ല്‍ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ദക്ഷിണേന്ത്യന്‍ സിനിമകളിലൊന്നായി. ഉലക നായകന്‍ കമലഹാസന്റെ തിരിച്ചുവരവ് കൂടിയായി ചിത്രം. വിക്രമിന്റെ വിജയത്തിന്ശേഷമാണ്, ലിയോ ഉണ്ടാവുന്നത്. അതും വന്‍ വിജയമായി. അതിനുശേഷമാണ് സാക്ഷാല്‍, രജനികാന്തിനൊപ്പം ലോകേഷ് ഒന്നിക്കുന്നുവെന്ന വാര്‍ത്ത വന്നത്. അതില്‍ ആമിര്‍ഖാന്‍ ഉള്‍പ്പെടയുള്ള വന്‍ താരനിരയുണ്ടെന്നതും പ്രതീക്ഷകള്‍ വര്‍ധിച്ചു. പക്ഷേ ചിത്രം പുറത്തിറങ്ങിയതോടെ ലോകേഷിന് പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയാണ് ഉണ്ടായത്.




തലൈവര്‍ക്ക് വയസ്സാവുന്നോ?

വയസ്സ് 74കഴിഞ്ഞിട്ടും ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച താരം. അതാണ് രജനികാന്ത്. ബാംഗ്ലൂരിലെ ബസ് കണ്ടക്ടറായിരുന്ന ശിവാജി റാവു ഗെയ്ക്ക്വാദ് അഡയാറില്‍ സിനിമ പഠിക്കാനെത്തിയതും, വില്ലന്‍ വേഷങ്ങളിലൂടെ നായകനായതും, പിന്നെ സൂപ്പതാരമായതും വളരെ പെട്ടന്നായിരുന്നു. അരനൂറ്റാണ്ടുനീളുന്ന തന്റെ അഭിനയജീവതത്തില്‍ അദ്ദേഹം സൂപ്പര്‍താരമായതിനുശേഷം ബോക്‌സോഫീസില്‍ പരാജയപ്പെട്ട ചിത്രങ്ങളുടെ എണ്ണം കുറവാണ്. രജനി ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതിന് ആളുകള്‍ ആത്മഹത്യചെയ്ത വാര്‍ത്തകള്‍പോലുമുണ്ടായിരുന്നു 90കളില്‍! രജനിയുടെ സിനിമാ ജീവിതത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാകുന്നത് ആഘോഷിച്ചാണ് 'കൂലി' റിലീസ് ചെയ്തത്. ചിത്രം സാമ്പത്തികമായി വിജയിച്ചെങ്കിലും, സോഷ്യല്‍ മീഡിയയില്‍ രജനിക്കും ഒരുപാട് ട്രോള്‍ കിട്ടുന്നുണ്ട്.

കൂലിയില്‍ രജനിയുടെ പ്രായവും അവശതകളും ശരിക്കും വെളിപ്പെടുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്. രജനിയുടെ തീക്ഷ്ണമായ നോട്ടത്തിനും മങ്ങലേറ്റു തുടങ്ങിയിട്ടുണ്ട്. ഇനിയും നായകനാവാതെ,അപ്പന്‍, അപ്പൂപ്പന്‍, അമ്മാവര്‍ വേഷത്തിലേക്ക് നടന്‍ മാറണമെന്ന് പുതിയ പിള്ളേര്‍ തുറന്നടിക്കയാണ്. തലൈവര്‍ വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കാന്‍ സമയമായി എന്ന് ഒരു വിഭാഗം തുറന്ന് പറയുന്നത് തമിഴകത്ത് ഇതാദ്യമാണ്.

നേരത്തെതും അഭിനയ ജീവിതത്തില്‍ നിന്നും വിടവാങ്ങാന്‍ രജനി പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്. അതിനുള്ള അദ്ദേഹത്തിന്റെ ശ്രമമായിരുന്നു, 2002-ലെ 'ബാബ' എന്ന ചിത്രം. സിനിമാലോകം അതുവരെ കണ്ടിട്ടില്ലാത്ത വലിയ പബ്ലിസിറ്റിയോടെയാണ് 'ബാബ' റീലീസായത്. രജനിയുടെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെയും എക്കാലത്തെയു വലിയ ഹിറ്റായ ബാഷയുടെ അമരക്കാരന്‍ സുരേഷ് കൃഷ്ണയായിരുന്നു സംവിധാനം. ആക്ഷനും ആത്മീയതയും ചേര്‍ത്ത് രജനിയുടെ സ്വന്തം കഥയായ ബാബ പക്ഷേ വമ്പന്‍ പരാജയമായി. മൂന്നര പതിറ്റാണ്ട് പിന്നിട്ട രജിനിയുടെ സൂപ്പര്‍താര ജീവിതത്തില്‍, ആദ്യമായിട്ടായിരുന്നു ഒരു പടം പരാജയപ്പെടുന്നത്. അന്ന് വിതരണക്കാരെയെല്ലാം തന്റെ വീട്ടില്‍ വിളിച്ചുവരുത്തി, മുടക്കുമുതലും ഒരു രൂപ ലാഭവും കൊടുത്ത്, വാര്‍ത്തസമ്മേളനവും നടത്തിയാണ് രജനി തിരിച്ചയച്ചത്!

അതോടെ വീണ്ടുമൊരു ബോക്സീഫീസ് വിജയം സൃഷ്ടിക്കേണ്ട ബാധ്യത ബാബയുടെ നിര്‍മ്മാതാവും കൂടിയായ രജനിയില്‍ വന്നു ചേര്‍ന്നു. അങ്ങനെയാണ് വീണ്ടുമൊരു പരീക്ഷണത്തിന് മുതിരാതെ 'മണിച്ചിത്രത്താഴ്' റീ മേക്കിന് അദ്ദേഹം പി വാസുവിനെ എല്‍പ്പിക്കുന്നത്. രജനിയുടെ പ്രതീക്ഷ തെറ്റിയില്ല. ബാബയോടെ രജനിയുഗം അവസാനിച്ചെന്ന് വിധിയെഴുതിയവര്‍ക്ക് കിട്ടിയ ശക്തമായ തിരിച്ചടിയായിരുന്നു, 'ചന്ദ്രമുഖി'യുടെ ബോക്‌സോഫീസ് വിജയം. അതിന് ശേഷം ഒരു വിരമിക്കലിനെ കുറിച്ച് തലൈവര്‍ ചിന്തിച്ചില്ല. രോഗത്തിന്റെയും, രാഷ്ട്രീയ പ്രവേശനത്തിന്റെയും വാര്‍ത്തകള്‍ക്കിടയിലും അദ്ദേഹം സിനിമയുമായി മുന്നോട്ടുപോയി. അല്ലെങ്കില്‍ രജനി എന്ന നടനെ ബോക്സോഫീസിന് ആവശ്യമായിരുന്നു.

പിന്നീടാണ് ഷങ്കറുമായി ചേര്‍ന്ന് ശിവാജിയും, എന്തിരനും വരുന്നത്. കൂടെ പേട്ടയും, കബാലിയും വന്നു. 74-ാമത്തെ വയസ്സിലും രജനി സൂപ്പര്‍താരമായി തുടരുന്നു. 'ജയിലര്‍' എന്ന തെന്നിന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്ന് അദ്ദേഹം, 2023-ല്‍ ഉണ്ടാക്കി. അതിനുശേഷം വന്ന വേട്ടയ്യന്‍ ആവജേറില്‍ ഒതുങ്ങിയെങ്കിലും മുടക്കുമുതല്‍ തിരിച്ചുപിടിച്ചു. വേട്ടയ്യയില്‍ അദ്ദേഹത്തിന്റെ ശാരീകമായ അവശതകള്‍ പ്രകടമായിരുന്നു. ഇപ്പോള്‍ കൂലിയിലെ 'അവശതകള്‍ക്കിടയിലും 25പേരെ അടിച്ചു പറത്തുന്ന രജനിയെ' ന്യൂജന്‍ ട്രോളുകയാണ്. രജനി എന്ന സൂപ്പര്‍താരം അയാളുടെ കരിയറില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത വിമര്‍ശനങ്ങള്‍ക്കാണ് സാക്ഷിയാവുന്നത്.




പിന്നില്‍ വിജയ് ഫാന്‍സ്?

തമിഴ്നാട്ടില്‍ കഴിഞ കുറച്ചുകാലമായി രജനി ആരാധകരും വിജയ് ആരാധകരും തമ്മില്‍ സോഷ്യല്‍ മീഡിയിലടക്കം നിരന്തരം ഫാന്‍ ഫൈറ്റ് നടക്കാറുണ്ട്. ഇപ്പോള്‍ 'കൂലി'ക്കെതിരെ ഡീഗ്രേഡിങ്ങ് നടക്കുന്നതിന് പിന്നില്‍ വിജയ്് ആരാധകരാണെന്നാണ് വിമര്‍ശനം. തമിഴകത്ത് 80കളില്‍ രജനിയുടെയും കമലിന്റെയും ആരാധകര്‍ തമ്മിലായിരുന്നു പോര്. ആ സമയത്തൊക്കെ വിജയ് ഫാന്‍സും, അജിത്ത് ഫാന്‍സും തമ്മിലായിരുന്നു മത്സരം. പിന്നെ കമലഹാസന്‍ പിറകോട്ട് പോവുകയും, വിജയ് മുന്നോട്ടുവരികയും ചെയ്തപ്പോള്‍ തലൈവരുമായി നേരിട്ടായി ഫാന്‍ ഫൈറ്റ്. അജിത്താവട്ടെ തന്റെ ഫാന്‍സ് അസോസിയേഷന്‍ തന്നെ പിരിച്ചുവിടുകയും ചെയ്തു.

നമ്മുടെ നാട്ടിലെ മമ്മുട്ടി-മോഹന്‍ലാല്‍ ഫാന്‍ ഫൈറ്റുപോലെയല്ല, സിനിമ തന്നെ ജീവിതമായി കാണുന്ന തമിഴ്നാട്ടില്‍. അവിടെ സിനിമയെന്നാല്‍ രാഷ്ട്രീയം കൂടിയാണ്. നേരത്തെ രജനി രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചപ്പോഴും, കമല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോഴും തമിഴകത്ത് എമ്പാടുമുള്ള അവരുടെ ഫാന്‍സ് അസോസിയേഷനുകള്‍ തന്നെയാണ്, പാര്‍ട്ടിയുടെ യൂണിറ്റ് കമ്മറ്റിയായി പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ വിജയുടെ പാര്‍ട്ടിയുടെയും ശക്തി, തമിഴ്നാട്ടിലെ ഓരോ മുക്കിലും മൂലയിലുമുള്ള തങ്ങളുടെ ഫാന്‍സ് യൂണിറ്റാണ്.




രജനി- വിജയ് ആരാധകര്‍ തമ്മിലുള്ള വടംവലി കുറച്ച് കാലങ്ങളായി തമിഴ് സിനിമാലോകത്ത് കണ്ടുവരുന്നതാണ്. വിജയ് ചിത്രം 'വാരിസി'ന്റെ ഓഡിയോ ലോഞ്ചിനിടെ നടന്‍ ശരത് കുമാര്‍ പറഞ്ഞ വാക്കുകളാണ് 'സൂപ്പര്‍സ്റ്റാര്‍' വിവാദത്തിന് തുടക്കമിട്ടത്. വിജയ് ഒരിക്കല്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും അത് സംഭവിച്ചുവെന്നുമായിരുന്നു ശരത് കുമാര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് വിജയ്ക്കും സൂപ്പര്‍സ്റ്റാര്‍ പദവി നല്‍കണമെന്ന് ആരാധകര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ തമിഴകത്ത് രജനിയല്ലാതെ ഒരു സൂപ്പര്‍സ്റ്റാര്‍ ഇല്ല എന്നായിരുന്നു, രജനി ഫാന്‍സിന്റെ വാദം.

അതിനുശേഷം ജയിലര്‍ ട്രെയ്‌ലര്‍ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ പരാമര്‍ശവും വിവാദത്തിലിടം നേടി. ''പക്ഷികളില്‍ കാക്ക ഭയങ്കര വികൃതിയാണ്. ഒരു കാരണവുമില്ലാതെ പ്രാവുകളെയും കുരുവികളെയുമൊക്കെ കൊത്തി ശല്യപ്പെടുത്തും. എന്നാല്‍ കഴുകനിങ്ങനെ മുകളില്‍ കൂടി പറക്കും.''ഇതായിരുന്നു രജനിയുടെ വാക്കുകള്‍. കാക്കയെന്നു രജനി ഉദ്ദേശിച്ചത് വിജയ്യെ ആണെന്ന് ആരോപിച്ച് ആരാധകര്‍ രംഗത്തെത്തിയതോടെ ഫാന്‍ ഫൈറ്റ് കടുത്തു. അതിനുശേഷം രജനികാന്തിന്റെ ഭാര്യയും ഗായികയുമായ ലതാ രജനികാന്തിന്റെ പേര് ആരാധകരുടെ പോരിലേക്ക് വലിച്ചിഴക്കപ്പെട്ടു. 'ലിയോ' സിനിമ ദുരന്തമാണെന്ന രജനി ഫാന്‍സിന്റെ ട്വീറ്റ് ലത രജനികാന്ത് ലൈക്ക് ചെയ്തു എന്ന് ആരോപിച്ചാണ് വിജയ് ആരാധകര്‍ വിമര്‍ശനവുമായി എത്തിയത്. സംഭവം വിവാദമായതോടെ രജനികാന്തിന്റെ പിആര്‍ഒ റിയാസ് കെ. അഹമ്മദ് രംഗത്തെത്തി. ലതാ രജനികാന്തിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്‌ക്രീന്‍ഷോട്ടുകളാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റിയാസ്. ലത രജനികാന്തിന്റെ യഥാര്‍ഥ എക്‌സ് അക്കൗണ്ടിന്റെ വിവരങ്ങളും അദ്ദേഹം പങ്കുവച്ചു.

വ്യക്തിപരമായി ഇപ്പോഴും വിജയും രജനിയും തമ്മില്‍ നല്ല ബന്ധമാണ്. അവര്‍ പരസ്പരം സ്നേഹവും പങ്കിടുന്നുണ്ട്. പക്ഷേ ആരാധകര്‍ അങ്ങനെയല്ല. വിജയുടെ ഗോട്ട് അഥവാ 'ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' എന്ന സിനിമക്കെതിരെ വലിയ നെഗറ്റീവ് കാമ്പയിനാണ് രജനി ആരാധകര്‍ നടത്തിയത്. അതിന് തിരിച്ച് ഇപ്പോള്‍ 'കൂലി'ക്കെതിരെ വിജയ് ആരാധകരും നെഗറ്റീവ് കാമ്പയില്‍ നടത്തുന്നുവെന്നാണ് പറയുന്നത്. പക്ഷേ ഇതില്‍ പൂര്‍ണ്ണമായും കഥയില്ല. വിജയുടെയോ രജനിയുടെയോ ഫാന്‍സ് ഒന്നുമല്ലാത്ത, നിഷ്പക്ഷരായ പുതിയ പിള്ളേരാണ്, കൂലിയുടെ ലോജിക്ക് ചോദ്യം ചെയ്യുന്നത്. പിന്നെ സിനിമ നല്ലതാണെങ്കില്‍ അത് ഏത് നെഗറ്റീവ് റിവ്യൂകളെയും അതിജീവിക്കുമെന്ന് ഉറപ്പാണ്.


വാല്‍ക്കഷ്ണം: പക്ഷേ 'കൂലി'യില്‍,പോര്‍ട്ടിലെ തൊഴിലാളികളുടെയൊക്കെ രക്ഷകനായ പഴയ രജനീകാന്തിനെ എ ഐയുടെ സഹായത്തോടെ പുന:സൃഷ്ടിച്ചപ്പോള്‍ തീയേറ്ററില്‍ ഉയര്‍ന്ന ആരവങ്ങള്‍ നോക്കുക. എന്താണ് ആ സ്‌റ്റൈല്‍, എന്താണ് ഒരു സ്വാഗ്! യുവാവായ രജനി പോര്‍ട്ടിലെ ഒരു കൊലപാതകത്തിനുശേഷം, ബീഡി വലിച്ചുവരുന്ന ഒരു സീനുണ്ട്. രജനി ആരാധകരുടെ രോമം എഴുന്നുനില്‍ക്കും! പക്ഷേ ആ ഒരു ഫീല്‍ ചിത്രത്തില്‍ ഉടനീളം ലഭ്യമാക്കാന്‍ ലോകേഷിനായില്ല. കാലം മാറുന്നത്, തനിക്കും ബാധകമാണെന്ന് ഏവരും ഉള്‍ക്കൊള്ളണം.


Tags:    

Similar News