79ല്‍ ദുര്‍ഭരണത്തിന്റെ പേരില്‍ ഓടിച്ച രാജവംശത്തിനായി ഇന്ന് കാമ്പസുകളില്‍ മുദ്രാവാക്യം; ഹംഗാമി സംഖ്യമെന്ന മതേതര കൂട്ടായ്മക്ക് അധികാരം കിട്ടുമോ? മുജാഹിദ്ദീനുകളും ബലൂചികളും കണക്ക് തീര്‍ക്കുമോ? ഖമേനിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് കൊളുത്തുന്ന ഇറാന്റെ ഭാവിയെന്ത്?

ഇറാന്റെ ഭാവിയെന്ത്?

Update: 2026-01-15 11:30 GMT

ടെഹ്‌റാന്‍: സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരമാണെന്ന് നിയമപരമായ മുന്നറിയിപ്പുണ്ടെങ്കിലും, ഇന്ന് ഇറാന്‍ എന്ന രാജ്യം സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി സിഗരറ്റുകള്‍ക്ക് തീ കൊളുത്തുകയാണ്. ആയുത്തുള്ള ഖുമേനി എന്ന രാഷ്ട്രപിതാവിന്റെയും, ഖമേനി എന്ന ഇപ്പോഴത്തെ പരമോന്നത നേതാവിന്റെ ചിത്രങ്ങള്‍ കത്തിച്ചുകൊണ്ട്, ആ തീയില്‍ നിന്ന് സിഗരറ്റ്കൊളുത്തി, ഇറാനിലെ ആയിരക്കണക്കിന് വരുന്ന യുവതീ യുവാക്കള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ഇടുമ്പോള്‍ അത് വല്ലാത്തൊരു പ്രതിഷേധമാവുകയാണ്! സ്വാതന്ത്ര്യത്തിനായി ശരിക്കും കത്തിയെരിയുകയാണ് ഒരു രാജ്യം.

ഇത് ഇസ്ലാമിക ഭരണകൂടത്തില്‍ നിന്നുള്ള മോചനത്തിന് വേണ്ടിയുള്ള സമരമായിട്ടല്ല തുടങ്ങിയത്. പതിനായിരം ശതമാനത്തിലേക്ക് ഉയര്‍ന്ന നാണയപ്പെരുപ്പത്തിന്റെ ഭാഗമായി വന്ന കൊടിയ വിലക്കറ്റയറ്റവും ക്ഷാമവും, സൃഷ്ടിച്ച ദുരിതത്തോട് ചെറുക്കാനായി, ഒരു ജനവിഭാഗം തുടങ്ങിയ പ്രതിഷേധങ്ങള്‍ക്ക് പെട്ടന്നാണ് രാഷ്ട്രീയ സ്വഭാവം ലഭിക്കുന്നത്. ആദ്യഘട്ടത്തില്‍ വിലക്കയറ്റത്തെ സൂചിപ്പിച്ച മുദ്രാവാക്യങ്ങള്‍ പിന്നീട് 'ഏകാധിപതിക്ക് മരണം', 'ഇസ്ലാമിക് റിപ്പബ്ലിക്കിന് മരണം' എന്നീ മുദ്രാവാക്യങ്ങള്‍ക്ക് വഴിമാറി. അതില്‍ കിടന്ന് വിറയ്ക്കുകയാണ്, ആഗോള ഇസ്ലാമിക നേതൃത്വം സ്വപ്നം കാണുന്ന ഇറാനിലെ ഷിയാ ഭരണകൂടം.




പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള ഇറാന്‍ ഭരണകൂടത്തിന്റെ നീക്കത്തിന്റെ ഭാഗമായി, പന്ത്രണ്ടായിരത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ 2,000 പേര്‍ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ എന്നാണ് ഇറാന്റെ അവകാശവാദം. കൊല്ലപ്പെട്ടവരെ 'ഭീകരര്‍' എന്നും പാശ്ചാത്യ രാജ്യങ്ങളുടെ ഏജന്റുമാരെന്നും സര്‍ക്കാര്‍ വിശേഷിപ്പിച്ചു. ടെഹ്‌റാനിലെ കാഹ്‌റിസാക് മോര്‍ച്ചറിയില്‍ മാത്രം നൂറുകണക്കിന് മൃതദേഹങ്ങള്‍ എത്തിയതായും, പല ആശുപത്രികളിലും പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞതായും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള സംഘടനകള്‍ വീഡിയോ തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തലമുടി പുറത്തു കണ്ടു എന്ന 'ഭീകരകുറ്റ'ത്തിന് അറസ്റ്റ് ചെയ്യപ്പെട്ട മഹ്സ അമീനി എന്ന 22 കാരി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഹിജാബ് വിരുദ്ധപ്രക്ഷോഭത്തിനുശേഷം ഇറാന്‍ ഇപ്പോള്‍ നിന്ന് കത്തുകയാണ്. മതഭരണകൂടത്തിന് കാലിടറുകയാണ്. ഖമേനിയുടെ പടം കത്തിച്ച് ജനം ബീഡി കൊളുത്തുകയാണ്. ഹിജാബ് പറിച്ചെറിഞ്ഞ് കൂട്ടിയിട്ട് കത്തിക്കുകയാണ്.

അപ്പോള്‍ ഉയര്‍ന്നുവരുന്ന ഒരു പുതിയ ചോദ്യമുണ്ട്. ഇസ്ലാമിക ഭരണകൂടം വീണാല്‍ ഇറാനില്‍ ആരാണ് അധികാരത്തില്‍ വിരിക. രാജ്യഭരണം വീണ്ടും തിരിച്ചുവരുമോ? എന്താണ് ഇറാനിലെ പ്രതിപക്ഷത്തിന്റെ അവസ്ഥ. നേരത്തെ രാജഭരണത്തിന് അറുതിയിടാന്‍, ഇറാനിലെ കമ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ഒന്നിച്ചതാണ്. പക്ഷേ ഇസ്ലാമിസ്റ്റുകള്‍ക്ക് അധികാരം കിട്ടിയതോടെ കമ്യൂണിസ്റ്റുകളുടെ കഥ തീര്‍ത്തു. അതുപോലെ ഒരു സാഹചര്യമാണോ വീണ്ടും ഇറാനെ കാത്തിരിക്കുന്നത്?




രാജഭരണം തിരിച്ചുവരുമോ?

ഇറാനില്‍ രാജഭരണം തിരിച്ചുവരണം എന്ന് ആവശ്യപ്പെടുന്നവരും ഏറെയാണ്. പെഹ്ലവി രാജവംശത്തിന് ഇറാന്റെ ഭരണം തിരിച്ചുനല്‍കണം എന്ന ആവശ്യം അതിശക്തമായി ഉയര്‍ന്നിരിക്കയാണ്. 65 കാരനായ റെസ പെഹ്ലവി ഇറാന്‍ വിപ്ലവത്തിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഇറാനിലെ ഷാ മുഹമ്മദ് റെസ പെഹ്ലാവിയുടെ മകനാണ്. ഇദ്ദേഹത്തെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവന്ന് ഭരണം ഏല്‍പ്പിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഇസ്ലാമിക വിപ്ലവത്തിന് മുന്‍പുള്ള ഇറാന്റെ പൈതൃകത്തെയും ദേശീയതയെയും ഉയര്‍ത്തിപ്പിടിക്കാനാണ് പ്രതിഷേധക്കാരുടെ ശ്രമം.




പഴയ രാജഭരണകാലത്തെ പതാകകള്‍ ഉയര്‍ത്തുന്നതും, നാടുകടത്തപ്പെട്ട രാജകുമാരന്‍ റെസ പെഹ്ലവിക്കായുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും സമരക്കാര്‍ പതിവാക്കിയിരിക്കയാണ്. റെസ പെഹ്ലവി അതിനിടെ ഖമനേയിക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ആഹ്വാനം ചെയ്തത്, അസംഘടിതമായി പ്രതിഷേധിച്ചിരുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജമേകിയിട്ടുണ്ട്. ഇറാനിലെ യുവതലമുറയെ 'വിജയത്തിന്റെ തലമുറ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

എന്നാല്‍ നാല് പതിറ്റാണ്ടുകളായി ഇറാനില്‍ കാലുകുത്തിയിട്ടില്ലാത്ത റെസ പെഹ്ലാവിക്ക് പുതിയ തലമുറക്കിടയില്‍ പിന്തുണ കുറവാണ്. ലിബറലുകളും ഇടതുപക്ഷവും അടങ്ങുന്ന പ്രതിപക്ഷം രാജഭരണത്തെ ശക്തമായി എതിര്‍ക്കയാണ്. ഷായുടെ ഭരണകാലത്ത് ഇറാന്റെ സ്ഥിതി അത്ര മെച്ചമായിരുന്നില്ല. ചില പഴയകാല ഇറാനികള്‍ അസമത്വത്തിന്റെയും അടിച്ചമര്‍ത്തലിന്റെതും പട്ടിണിയുടെയും കാലമായാണ് ഷാ ഭരണത്തെ കാണുന്നത്. അവസാനത്തെ രാജാവായിരുന്ന മുഹമ്മദ് റെസ പഹ്ലവിയുടെ ഭരണം അങ്ങേയറ്റം സ്വേച്ഛാധിപത്യപരമായിരുന്നുവെന്ന് ബിബിസി അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങളും സമ്മതിക്കുന്നു. തന്റെ രഹസ്യ പോലീസ് വിഭാഗമായ സാവാക്കിനെ ഉപയോഗിച്ച് അദ്ദേഹം രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്തിയിരുന്നു.

ഷാ നടപ്പിലാക്കിയ അതിവേഗത്തിലുള്ള പാശ്ചാത്യവല്‍ക്കരണവും അമേരിക്കയുമായുള്ള അടുത്ത ബന്ധവും ഇറാനിലെ യാഥാസ്ഥിതിക മതവിഭാഗങ്ങളെ ചൊടിപ്പിച്ചു. ഇസ്ലാമിക മൂല്യങ്ങള്‍ തകര്‍ക്കപ്പെടുന്നുവെന്ന വികാരം രാജ്യത്ത് ശക്തമായി. എണ്ണ വരുമാനം വര്‍ധിച്ചെങ്കിലും അതിന്റെ ഗുണം സാധാരണക്കാരിലേക്ക് എത്തിയില്ല. അഴിമതിയും കടുത്ത വിലക്കയറ്റവും ജനങ്ങളെ ഭരണകൂടത്തിനെതിരെ ചിന്തിപ്പിച്ചു. 1978-ല്‍ ആയത്തുല്ല ഖുമൈനിക്കെതിരെ സര്‍ക്കാര്‍ പത്രത്തില്‍ വന്ന അപകീര്‍ത്തികരമായ ലേഖനത്തെത്തുടര്‍ന്ന് 'ഖോം'നഗരത്തില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ രാജ്യം മുഴുവന്‍ പടര്‍ന്നു. പ്രവാസത്തിലായിരുന്നിട്ടും കാസറ്റുകള്‍ വഴിയും മറ്റു സന്ദേശങ്ങള്‍ വഴിയും ഖുമൈനി ജനങ്ങളെ നയിച്ചു. കമ്മ്യൂണിസ്റ്റുകളും ലിബറലുകളും ഇസ്ലാമിസ്റ്റുകളും അടങ്ങുന്ന വൈവിധ്യമാര്‍ന്ന ഒരു മുന്നണി ഷായ്‌ക്കെതിരെ ഒത്തുകൂടി.

പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ കഴിയാതെ വന്നതോടെ 1979 ജനുവരി 16-ന് ഷാ മുഹമ്മദ് റെസ പഹ്ലവി കുടുംബത്തോടൊപ്പം ഇറാന്‍ വിട്ടു. 1979 ഫെബ്രുവരി 1-ന് ആയത്തുല്ല ഖുമൈനി പ്രവാസത്തില്‍ നിന്ന് തിരിച്ചെത്തി. ഫെബ്രുവരി 11-ന് സൈന്യം നിഷ്പക്ഷത പ്രഖ്യാപിച്ചതോടെ പഹ്ലവി ഭരണകൂടം പൂര്‍ണ്ണമായും തകര്‍ന്നു. തുടര്‍ന്ന് നടന്ന റഫറണ്ടത്തിലൂടെ ഇറാനെ ഒരു ഇസ്ലാമിക് റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ആയത്തുല്ല ഖുമൈനി പരമോന്നത നേതാവായി അധികാരം ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെയാണ് ഇറാനില്‍ രാജഭരണം അവസാനിച്ചത്.




പക്ഷേ ഇന്ന് ചരിത്രം പ്രഹസനമായി ആവര്‍ത്തിക്കയാണ്. രാജഭരണത്തിന് എതിരെ വിപ്ലവം നയിച്ചിരുന്ന ഇറാനിലെ സര്‍വ്വകലാശാലകളില്‍പ്പോലും ഇന്ന് രാജഭരണത്തെ അനുകൂലിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നത് വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചകമാണ്. പക്ഷേ ഇറാനില്‍ രാജഭരണം അതേപടി തിരിച്ചുവരാനുള്ള സാധ്യത കുറവാണെന്നാണ് ഭൂരിഭാഗം രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റെസ പഹ്ലവിയെ ഒരു നല്ല വ്യക്തിയായി വിശേഷിപ്പിച്ചെങ്കിലും, ഇറാനിലെ ഭരണമാറ്റത്തിനായി അദ്ദേഹത്തെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല.

ഹംഗാമി സംഖ്യം വളരുമ്പോള്‍

ഇറാനിലെ സ്വാതന്ത്ര്യദാഹികള്‍ ചേര്‍ന്നുണ്ടാക്കിയ മതേതര ജനാധിപത്യ റിപ്പബ്ലിക്കിനുള്ള സോളിഡാരിറ്റി (ഹംഗാമി) എന്ന രാഷ്ട്രീയ സഖ്യത്തിലാണ് ഇപ്പോള്‍ ഏവരുടെയും പ്രതീക്ഷ. ഇറാന് പുറത്തുള്ള, നിരവധി ഗ്രൂപ്പുകള്‍ 2023ല്‍ ഒന്നിച്ചു ചേര്‍ന്ന് ഈ രാഷ്ട്രീയ സഖ്യം രൂപീകരിച്ചു. ഇസ്ലാമിക് റിപ്പബ്ലിക് ഭരണത്തിന് പകരമായി ഒരു സെക്കുലര്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് (മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്) സ്ഥാപിക്കുന്നതിനായി രൂപീകരിക്കയാണ് ലക്ഷ്യം. ഇറാനിലെ സ്വേച്ഛാധിപത്യ ഭരണത്തില്‍ നിന്ന് മാറി, മതവും ഭരണകൂടവും വേര്‍തിരിക്കപ്പെട്ട ഒരു ജനാധിപത്യ വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ഇവരുടെ ചാര്‍ട്ടര്‍ അടിവരയിട്ട് പറയുന്നു.

വ്യക്തിപരമോ പാരമ്പര്യമോ ആയ ഭരണരീതികള്‍ക്ക് ഇവര്‍ വിരുദ്ധമാണ്. നിയമനിര്‍മ്മാണം, നീതിന്യായം, ഭരണനിര്‍വ്വഹണം എന്നീ അധികാരങ്ങള്‍ സ്വതന്ത്രമായിരിക്കണമെന്ന് ഇവര്‍ വാദിക്കുന്നു. മാധ്യമസ്വാതന്ത്ര്യം, രാഷ്ട്രീയ ബഹുസ്വരത ലിംഗസമത്വം, വംശീയമായ തുല്യനീതി എന്നിവയ്ക്കായി സഖ്യം നിലകൊള്ളുന്നു. മറ്റു റിപ്പബ്ലിക്കന്‍ ശക്തികളുമായി സഹകരിക്കാനും ജനാധിപത്യ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ സംവാദങ്ങളില്‍ ഏര്‍പ്പെടാനും സഖ്യം തയ്യാറാണ്.




യുണൈറ്റഡ് റിപ്പബ്ലിക്കന്‍സ് ഓഫ് ഇറാന്‍,ഇറാന്‍ നാഷണല്‍ ഫ്രണ്ട് - യൂറോപ്പ്, ലെഫ്റ്റ് പാര്‍ട്ടി ഓഫ് ഇറാന്‍, ഇറാനിയന്‍ നാഷണല്‍ ഫ്രണ്ട് ഓര്‍ഗനൈസേഷന്‍സ് അബ്രോഡ്, സോളിഡാരിറ്റി ഓഫ് റിപ്പബ്ലിക്കന്‍സ് ഓഫ് ഇറാന്‍ തുടങ്ങിയ പാര്‍ട്ടികളാണ് ഈ സഖ്യത്തിലുള്ളത്.

ഈ സംഘടനകള്‍ മുന്‍പ് പലപ്പോഴായി സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും, 2023 മാര്‍ച്ചില്‍ നടന്ന 'മഹ്സ അമിനി' പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ് സഖ്യം കൂടുതല്‍ ശക്തിപ്പെട്ടത്. ഖുമേനിയും ഖമേനിയും ഒന്നും ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ശക്തികളല്ല എന്ന ചിന്ത ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തിയെടുത്തത് ഇവരാണ്. മഹ്സ അമിനി പ്രക്ഷോഭകാലത്തുതന്നെ ആയിരിക്കണക്കിന് സത്രീകള്‍ ഖുമേനിയുടെയും, ഖമേനിയുടെ ചിത്രം കത്തിച്ചിരുന്നു. ഇപ്പോള്‍ ചിത്രം കൊണ്ട് അവര്‍ സിഗരറ്റിന് തീ കൊളുത്തുകയാണ്. ഇസ്ലാമിക ഭരണകൂടം വീണാന്‍ ഇറാന്‍ ഒരു മതേതര റിപ്പബ്ലിക്കായി മാറുമെന്നാണ് ഇവര്‍ പറയുന്നത്.




തക്കം പാര്‍ത്ത് മുജാഹിദ്ദീനുകളും

അതുപോലെ തന്നെ ഷിയ ഭരണകൂടം വീഴാന്‍ തക്കം പാര്‍ത്തിരിക്കുന്ന മറ്റൊരു കൂട്ടരാണ്, പീപ്പിള്‍സ് മുജാഹിദീന്‍ ഓഫ് ഇറാന്‍. ഇറാനിലെ ഇസ്ലാമിക് ഭരണകൂടത്തെ എതിര്‍ക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ-സൈനിക സംഘടനയാണ് ഇവര്‍. മുജാഹിദീന്‍-ഇ ഖല്‍ഖ് (എംഇകെ) എന്നും ഇവര്‍ അറിയപ്പെടുന്നു. ഈ സംഘടനയുടെയും അതിന്റെ രാഷ്ട്രീയ വിഭാഗമായ 'നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന്റെയും' പ്രധാന നേതാവാണ് മറിയം റജാവി. ഇറാനിലെ പ്രക്ഷോഭത്തെ തുടര്‍ന്ന് മറിയം റജാവിക്കും പിന്തുണ കൂടി വരികയാണ്.

1965-ല്‍ ഇറാനിലെ ഷാ ഭരണകൂടത്തെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന സ്ഥാപിതമായത്. ഇസ്ലാമിക തത്വങ്ങളെയും സോഷ്യലിസ്റ്റ് ആശയങ്ങളെയും കൂട്ടിച്ചേര്‍ത്തുള്ള ഒരു പ്രത്യയശാസ്ത്രമാണ് ഇതിന്റേതെന്ന് കരുതപ്പെടുന്നു. നിലവില്‍ മതേതര ജനാധിപത്യത്തിനും ലിംഗസമത്വത്തിനുമാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് സംഘടന അവകാശപ്പെടുന്നു.1979-ലെ ഇറാന്‍ വിപ്ലവത്തില്‍ പങ്കാളികളായെങ്കിലും പിന്നീട് പുതിയ ഭരണകൂടവുമായി തെറ്റുകയും സായുധ പോരാട്ടം ആരംഭിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് ഇറാന്‍ വിടേണ്ടി വന്നു. നിലവില്‍ അല്‍ബേനിയയാണ് ഇവരുടെ കേന്ദ്രമെന്നാണ് പറയുന്നത്്. ആദ്യം ഫ്രാന്‍സിലും, പിന്നീട് ഇറാഖിലും ഒളിവിലായിരുന്ന, ഭര്‍ത്താവ് മസൂദ് റജാവിയെ കാണാതായതിനെ തുടര്‍ന്നാണ് മറിയം പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. മസൂദ് റജാവിയെ ഇറാന്റെ രഹസ്യപ്പോലീസ് വകവരുത്തുകയായിരുന്നുവെന്ന് കരുതുന്നവര്‍ ഏറെയാണ്.




ഇപ്പോള്‍ ഇറാന്റെ വിമോചനം ആവശ്യപ്പെട്ട്, വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്, നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന്‍. 2025 ഡിസംബര്‍ 28-ന് ഇറാനില്‍ ആരംഭിച്ച പുതിയ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഈ സംഘടന പരസ്യ പിന്തുണ നല്‍കുന്നു. 2026 ജനുവരി പകുതിയോടെ ഈ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3,000 കവിഞ്ഞതായി സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. 1993 മുതല്‍ 'നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന്റെ' തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിത മറിയം റജാവിയും, അല്‍ബേനിയയില്‍ ഇരുന്ന് ഇവര്‍ ഇറാനിലെ വലിയ ഒരു വിഭാഗത്തെ നിയന്ത്രിക്കുന്നു.

ഷിയാ ഭരണകൂടത്തെ പുറത്താക്കിയതിനുശേഷം, വരാനിരിക്കുന്ന ജനാധിപത്യ ഭരണകൂടത്തിനായി മറിയം റജാവി ഒരു പത്തു പോയിന്റ് കര്‍മ്മപദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. വധശിക്ഷ നിര്‍ത്തലാക്കുക, ലിംഗസമത്വം ഉറപ്പാക്കുക, മതേതര ഭരണകൂടം സ്ഥാപിക്കുക, മതസ്വാതന്ത്ര്യം എന്നിവ ഇതില്‍ പ്രധാനമാണ്. പക്ഷേ ചില പാശ്ചാത്യ രാജ്യങ്ങള്‍ മുന്‍പ് ഈ സംഘടനയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് നീക്കം ചെയ്തു. സംഘടനയുടെ പ്രവര്‍ത്തനശൈലിയെക്കുറിച്ച് വിവിധ അന്താരാഷ്ട്ര നിരീക്ഷകര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എങ്കിലും ഇറാനിലെ ഭരണമാറ്റം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ പ്രതിപക്ഷ ഗ്രൂപ്പുകളില്‍ ഒന്നായി മറിയം റജാവിയും അവരുടെ സംഘടനയും തുടരുന്നു.

ബലൂചിസ്ഥാനിലേക്ക് പടരുമോ?

ഇറാനിലെ ജനസംഖ്യയുടെ, 61 ശതമാനവും ഷിയാ മുസ്ലീങ്ങളാണ്. 16 ശതമാനംവരുന്ന അസര്‍ബൈജാനികളും, 10 ശതമാനം വരുന്ന കുര്‍ദുകളുമാണ് ഇവിടുത്തെ പ്രധാന ന്യൂനപക്ഷങ്ങള്‍. 2 ശതമാനം വരുന്ന തുര്‍ക്കിക് ഗ്രൂപ്പുകളും 2 ശതമാനം വരുന്ന ബലൂചികളും ഇതിന് പുറമെയാണ്. 9 ശതമാനത്തോളം സുന്നി മുസ്ലീങ്ങളുമുണ്ട്. ഈ ന്യൂനപക്ഷ ഗ്രൂപ്പകള്‍ എല്ലാം തന്നെ ഷിയ കാര്‍ക്കശ്യത്തിന്റെ അവസാനവാക്കായ ഇറാന്റെ പതനം ആഗ്രഹിക്കുന്നുണ്ട്.

ആയത്തുള്ള അലി ഖമേനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ ശക്തമാകുകയും മരണം പടരുകയും, ചെയ്തതോടെ അയല്‍രാജ്യമായ പാക്കിസ്ഥാനിലും കടുത്ത ആശങ്കയുണ്ട്. ഇറാന്റെ അതിര്‍ത്തി പ്രവിശ്യയായ സിസ്താന്‍-ബലൂചിസ്ഥാനിലേക്ക് വ്യാപിച്ചതാണ് പാക്കിസ്ഥാണെ പേടിപ്പിക്കുന്നത്. ഇറാനിലെ അസ്ഥിരത ബലൂചിസ്ഥാന്‍ പ്രവിശ്യയിലേക്കും പടരാന്‍ സാധ്യതയുണ്ട്. പാക്കിസ്ഥാനും ഇറാനും ഏകദേശം 900 കിലോമീറ്ററിലധികം അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇറാനിലെ സിസ്താന്‍-ബലൂചിസ്ഥാനിലും പാക് ബലൂചിസ്ഥാനിലും ഒരേ വംശീയത പങ്കിടുന്ന ബലൂച് വിഭാഗക്കാരാണ് താമസിക്കുന്നത്.



ഇറാനിലെ അസ്ഥിരത പാക്കിസ്ഥാനിലെ ബലൂച് വിഘടനവാദ പ്രസ്ഥാനങ്ങള്‍ക്ക് കരുത്തുപകരുമെന്നും ഇത് അതിര്‍ത്തി കടന്നുള്ള ആക്രമാസക്തമായ സമരങ്ങള്‍ ശക്തമാക്കാന്‍ ഇടയാക്കുമെന്നും സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നു. പതിറ്റാണ്ടുകളായി ഈ മേഖലയില്‍, ബലൂച് സ്വാതന്ത്ര്യവാദികള്‍ പാക്കിസ്ഥാന്‍ സൈന്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് .ഇറാന്‍ ഭരണകൂടം ദുര്‍ബലമായാല്‍ അതിര്‍ത്തി മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ അവര്‍ക്ക് സാധിക്കാതെ വരും. ഇത് സായുധ ഗ്രൂപ്പുകള്‍ക്ക് വീണ്ടും സംഘടിക്കാനും

താവളങ്ങള്‍ മാറ്റാനുമുള്ള സാഹചര്യം ഒരുക്കും. ഇതിനകം തന്നെ പാക്കിസ്ഥാന്‍, തെഹ്രീകെ താലിബാന്‍, ബലൂച് വിഘടനവാദികള്‍ എന്നിവരില്‍ നിന്ന് കടുത്ത ആഭ്യന്തര വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അത് വര്‍ധിപ്പിക്കുകയാണ് ഇറാന്‍ സംഘര്‍ഷങ്ങള്‍.




മാത്രമല്ല, ഇന്ന് ആഗോളവ്യാപകമായി തീവ്രവാദം കയറ്റുമതിചെയ്യുന്നുവെന്ന അതി ഗുരുതരമായ ആരോപണവും ഇറാനുനേരെയുണ്ട്. ഹമാസിന് തൊട്ട് ഹൂതി വിമതര്‍ക്ക്വരെ ഇറാനില്‍നിന്ന് ആളും അര്‍ത്ഥവും എത്തുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. അതുകൊണ്ടുതന്നെ സമാധാനം ആഗ്രഹിക്കുന്നവര്‍ ഒക്കെയും ഇറാന്റെ ഇസ്ലാമിക ഭരണകൂടത്തിന്റെ തകര്‍ച്ച ആഗ്രഹിക്കുന്നു. പട്ടിണി കിടക്കുമ്പോഴും ആണവായുധങ്ങള്‍ നിര്‍മ്മാക്കാനും ആഗോള തീവ്രവാദത്തിന് ഫണ്ട് നല്‍കാനുമൊക്കെയാണ് ഇറാന്‍ ശ്രമിക്കുന്നത്. ഇസ്രയേലിന്റെയും അമേരിക്കയുടെയും കണ്ണിലെ കരടാണ് ഇറാന്‍. അവരുടെ ആണവായുധ കേന്ദ്രങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും ആക്രമിച്ചിരുന്നു. ഇപ്പോള്‍ ഇറാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ഫണ്ട് നല്‍കുന്നതും, അമേരിക്കയും ഇസ്രയേലുമാണെന്നാണ്, മതവാദികളുടെ ആക്ഷേപം. പക്ഷേ ട്രംപും നെതന്യാഹുവും കാര്യങ്ങള്‍ വീക്ഷിക്കുകയല്ലാതെ ഇറങ്ങിക്കളിക്കുന്ന രീതി ഇതുവരെ എടുത്തിട്ടില്ല. അവര്‍ ഇറങ്ങിക്കളിക്കുമോ, ഇറാന്‍ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായി മാറുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

വാല്‍ക്കഷ്ണം: പക്ഷേ ഇറാന്‍ സ്വാതന്ത്രത്തിനായി കത്തുമ്പോള്‍ കേരളത്തില്‍ പ്രതിഷേധിക്കാന്‍ ആരുമില്ല. ആമസോണ്‍ കാട്ടില്‍ തീ പടര്‍ന്നപ്പോള്‍ ബേജാറായവരുടെയും, ഹമാസ് തീവ്രവാദികള്‍ക്ക് സ്തുതിഗീതം പാടിയവരുടെയും നാട്ടില്‍ ഒരനക്കവും ഈ പ്രക്ഷോഭം ഉണ്ടാക്കുന്നന്നില്ല. പേര് വായിച്ച് ഏങ്ങലടിക്കാന്‍ ക്യൂ നില്‍ക്കുന്ന സെലിബ്രേറ്റികളെ കാണാനേയില്ല. പ്രത്യേക വിഭാഗം മനുഷ്യര്‍ക്ക് 'പ്രത്യേകരീതി'യില്‍ വേദനിക്കുമ്പോള്‍ മാത്രം പ്രത്യേക താളത്തില്‍ മോങ്ങുന്ന കാപട്യത്തെയാണ് നമ്മള്‍ പ്രബുദ്ധ കേരളം എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നത്!

Tags:    

Similar News