കൊല്ലപ്പെട്ടത് 13നും 21നും ഇടയില്‍ പ്രായമുള്ള പതിനയ്യായിരത്തോളം യൂത്ത് ആര്‍മി; തുരങ്കങ്ങള്‍ തകര്‍ന്നു, ചാവേറുകളുടെ കുടുംബ പെന്‍ഷനും നിന്നു; യുദ്ധാനന്തര ഗസ്സയിലും റോളില്ല; ഫലസ്തീന്‍ ഹമാസില്‍ നിന്ന് സ്വതന്ത്രമാവുന്നു; ഒക്ടോബര്‍ 7ന്റെ രണ്ടാം വാര്‍ഷികത്തില്‍ ഇസ്രയേലിന്റെ മധുര പ്രതികാരം

കൊല്ലപ്പെട്ടത് 13നും 21നും ഇടയില്‍ പ്രായമുള്ള പതിനയ്യായിരത്തോളം യൂത്ത് ആര്‍മി

Update: 2025-10-07 09:55 GMT

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ വാര്‍ഷികം നിങ്ങള്‍ ആഘോഷിക്കുമോ എന്ന ഒരു ചോദ്യം തന്നെ നമുക്ക് താങ്ങാന്‍ കഴിയില്ല. അത്രമാത്രം മനുഷ്യത്വവിരുദ്ധവും ദേശവിരുദ്ധവുമായ ഒരു ചോദ്യമാണത്. അപ്പോള്‍ 2023 ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണം നോക്കുക. ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രത്തിലേക്ക് അതിര്‍ത്തി കടന്ന് ഇരച്ചെത്തിയ, ഭീകരര്‍ 1200 ഓളം പേരെ, വെട്ടിയും കുത്തിയും ബലാത്സഗം ചെയ്തും കൊന്നുതള്ളി. 250 ഓളം പേരെ ബന്ദിയാക്കി. മൃതദേഹങ്ങളില്‍ തുപ്പിയും ചവുട്ടിയും ആനന്ദനൃത്തമാടി. സ്ത്രീകളെ മുടിക്ക് പിടിച്ച് വലിച്ച് ജനേന്ദ്രിയത്തില്‍ വെടിവെച്ച് ചിരിച്ചു!

അമേരിക്കയുടെ പേള്‍ ഹാര്‍ബര്‍ എന്ന സെപ്റ്റമ്പര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം വിശേഷിപ്പിക്കപ്പെടാറുള്ളത്. അതുപോലെ ഇസ്രയേലിന്റെ സെപ്റ്റമ്പര്‍ 11 എന്നാണ് ഒക്ടോബര്‍ 7ന്റെ ഭീകരാക്രമണം അറിയപ്പെടുന്നത്. എന്നിട്ടും ആ ഭീകരാക്രമണം കേരളത്തില്‍ ആഘോഷിക്കപ്പെടുകയാണ്! സോഷ്യല്‍ മീഡിയില്‍ 'ജൂതന് അത് കിട്ടിയതുപോര' എന്ന കമന്റുകള്‍ ഏറെയുണ്ട്. സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനി ഒക്ടോബര്‍ 7ന്റെ അക്രമത്തെക്കുറിച്ച് ഒരു വാക്കുപോലും പറയാതെ, അതിനുശേഷമുണ്ടായ ഗസ്സന്‍ യുദ്ധത്തെയും കെടുതികളെക്കുറച്ചുമാണ് പറയുന്നത്! എസ്ഐഒ തൊട്ട് യൂത്ത് ലീഗുവരെയുള്ള വിവിധ സംഘടനകള്‍ക്ക് ഈ ദിവസം, ഫലത്തില്‍ വിജയ ദിവസമാണ്! മീഡിയാവണ്‍ പോലുള്ള ചാനലുകളില്‍, ഒക്ടോബര്‍ 7ന്റെ രണ്ടാം വാര്‍ഷികത്തില്‍ ഭാഗികമായി വെടിനിര്‍ത്തല്‍ വന്നത് ഹമാസിന്റെ വിജയമായാണ് ചിത്രീകരിക്കുന്നത്!

പക്ഷേ ന്യൂയോര്‍ക്ക് ടൈംസും റോയിട്ടേഴ്സുമടങ്ങുന്ന ആഗോള മാധ്യമങ്ങള്‍ നല്‍കുന്ന ചിത്രം അതല്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി നടക്കുന്ന നിരന്തരമായ ആക്രമണങ്ങള്‍ മൂലം കട്ടയും പടവും മടക്കിയ അവസ്ഥയിലാണ് ഹമാസ്. കോടീശ്വരന്‍മ്മാരായിരുന്നു ഹമാസിന്റെ നേതാക്കളെ മൊത്തം ഇസ്രയേല്‍ യമപുരിക്ക് അയച്ചിരിക്കയാണ്. ഖത്തറില്‍ നിന്നടക്കം വരുന്ന വലിയതോതിലുള്ള സാമ്പത്തിക സഹായം നിലച്ചതോടെ, ഹമാസ് ആകെ പെട്ടിരിക്കയാണ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മുന്നോട്ടുവെച്ച സമാധാന ഫോര്‍മുലയിലും ഹമാസിന്റെ സമ്പുര്‍ണ്ണ നിരായുധീകരണമാണ് ലക്ഷ്യമിടുന്നത്. അതായത് യുദ്ധാന്തര ഗസ്സയില്‍ ഹമാസ് വട്ടപൂജ്യമാണ്. അതായത് കേരളമീഡിയ പറയുന്നതപോലെയല്ല കാര്യങ്ങള്‍. ഒക്ടോബര്‍ 7ന്റെ രണ്ടാം വാര്‍ഷികത്തില്‍, ഹമാസിനെ തച്ചുടച്ചുകൊണ്ട് ഇസ്രയേലിന്റെ മധുര പ്രതികാരം വീട്ടിയിരിക്കയാണ്!

യൂത്ത് ആര്‍മി മരിച്ചു തീര്‍ന്നു

13 വയസ്സുമുതല്‍ തുടങ്ങുന്നതാണ് ഹമാസിന്റെ ആര്‍മിയിലേക്കുള്ള റിക്രൂട്ട്മെന്റ്. 13നും-21നും ഇടയിലുള്ള യൂത്ത് ആര്‍മിയാണ് ഹമാസിന്റെ കരുത്ത്. ഇതില്‍ പതിനയ്യായിരത്തോളം പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞുവെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാക്കിയുള്ള പതിനായിരം ഭീകരരെ കൂട്ടുന്നതോടെ മൊത്തത്തില്‍ കാല്‍ലക്ഷം ഹമാസുകാര്‍ കാലപുരി പൂകിക്കഴിഞ്ഞു! പക്ഷേ ഈ കണക്കും ഇസ്രയേല്‍ കൊന്ന സിവലിയന്റെ കണക്കിലാണ്പടുത്തിയിരിക്കുന്നത്! ഗസ്സയില്‍ കുട്ടികള്‍ കൂടുതല്‍ കൊല്ലപ്പെടുന്നു എന്ന് പറയുന്നവര്‍ 13 വയസ്സുകൊട്ട് ഹമാസില്‍ ആര്‍മി റിക്രൂട്ട്മെന്റ് തുടങ്ങുന്ന എന്ന കാര്യം കാണുന്നില്ല.


 



ഫലസ്തീന്റെ മോചനമല്ല ഹമാസിന്റെ ആത്യന്തിക ലക്ഷ്യം. അത് ജൂതനില്ലാത്ത അറേബ്യ എന്നതാണ്. ജിഹാദാണ് ആന്ത്യന്തിക ലക്ഷ്യമെന്നും തങ്ങളുടെ ഭരണഘടനയില്‍ എഴുതിവെച്ച സംഘടനയാണ് ഹമാസ്. ഹമാസിന്റെ നിയന്ത്രണത്തില്‍ ഉള്ള ടി വി ചാനലില്‍ കുട്ടികള്‍ക്ക് വേണ്ടി ഉള്ള പരിപാടിയിലും, കുട്ടികളുടെ മാഗസിനില്‍ പോലും എങ്ങനെ ഇസ്രയലിനെ നശിപ്പിക്കണം എന്നും ജിഹാദ് നടത്തണം എന്നകാര്യങ്ങളാണുള്ളത് .


പിഎല്‍ഒയും ആയി ഹമാസിനുള്ള പ്രശ്നം അവര്‍ ഇസ്രയേലിനെ വേണ്ട രീതിയില്‍ ആക്രമിക്കുന്നില്ല എന്നതായിരുന്നില്ല. ഇസ്രയേലിനെ നശിപ്പിച്ച ശേഷം അവിടെ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കുന്നതിനെ പറ്റി പിഎല്‍ഒ പറയുന്നില്ല എന്നതും ഭിന്നതകൂട്ടി. അന്ത്യനാള്‍ വരെ ഒരു മുസ്ലീം രാജ്യമായി ഫലസ്തീന്‍ മാറണം എന്നാണ് അവരുടെ ഫൗണ്ടിംഗ് ഡോക്യുമെറി പറയുന്നത്. ഇതിനായി മതം വിതറി ഹമാസ് ശക്തി പ്രാപിച്ചു. തങ്ങളെ എതിര്‍ക്കാത്തവരെ കാലപുരിക്ക് അയച്ചു.

ഇസ്രയേലിന് ആക്രമിക്കുക എന്നത് മതപരമായ ഒരു പുണ്യകര്‍മ്മമാണെന്ന് വരുത്തി തീര്‍ക്കാന്‍ ഹമാസിന് കഴിഞ്ഞു. ഇസ്രയലിനെ തകര്‍ക്കാനായി ചാവേര്‍ ബോംബര്‍മാര്‍ ആയവരുടെ കുടുംബത്തിന് പെന്‍ഷന്‍ കൊടുത്താണ് ഹമാസ് ജനപ്രീതി വര്‍ദ്ധിപ്പിച്ചത്. പക്ഷേ ഇപ്പോള്‍ എല്ലാം മുടങ്ങി. ഭീകരക്കുള്ള ഫണ്ടിങ്ങ് അമേരിക്കയും ഇസ്രയേലും കര്‍ശനമായി തടങ്ങതോടെ, ചാവേറുകളുടെ കുടുംബത്തിനുള്ള പെന്‍ഷന്‍ മുടങ്ങിയിരിക്കയാണ്. വെള്ളവും ഭക്ഷണവും ആയുധവുമില്ലാതെ തുരങ്കങ്ങളില്‍ പെരുച്ചാഴിയെപ്പോലെ കഴിയേണ്ട അവസ്ഥയാണ് അവശേഷിക്കുന്ന ഭീകരര്‍ക്ക് വരുന്നത്. ഇതോടെയാണ് ഇനി വെടിനിര്‍ത്തലെങ്കില്‍ വെടി നിര്‍ത്തല്‍ എന്ന ഗതികെട്ട അവസ്ഥയിലേക്ക് ഹമാസ് എത്തിയത്.

തുരങ്കവും പൊളിഞ്ഞ് വീഴുന്നു

ഗസ്സയെന്നത് ഒരു വലിയ രാജ്യമൊന്നുമല്ല. വെറും 365 ചതുരശ്ര കിലോമീറ്റര്‍മാത്രം വരുന്ന ഒരു പ്രദേശം. അതായത് 1,415 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ആലപ്പുഴ ജില്ലയുടെ നാലിലൊന്ന് വരുന്ന ഒരു ഇട്ടാവട്ടം. പക്ഷേ അവിടെ 20 ലക്ഷത്തിലേറെ ജനസംഖ്യയുണ്ട്. ( ഇസ്രയേല്‍ പട്ടിണിക്കിട്ട് കൊല്ലുകയും വംശഹത്യ നടത്തുകയുമാണെങ്കില്‍ എങ്ങനെയാണ്, ജനസംഖ്യയില്‍ ഇത്ര വലിയ വര്‍ധന വരുന്നത് എന്ന ചോദ്യത്തിനും ഉത്തരമില്ല) ഈ നാട്ടില്‍ ഹമാസിന്റെ ഏറ്റവും വലിയ ശക്തിയെന്നതാണ് ഗസ്സയിലെ തുരങ്കങ്ങള്‍ ആയിരുന്നു. ഡല്‍ഹി മെട്രോയേക്കാള്‍ വലിയ തുരങ്കമാണ് ഗസ്സന്‍ മെട്രോ എന്ന് വിളിക്കുന്ന ഹമാസിന്റെ തുരങ്കം. തുറന്ന ജയില്‍ എന്നൊക്കെ വിളിക്കുന്ന പ്രദേശമായിട്ടും ഇവിടെ ഹൈട്ടക്ക് തുരങ്കങ്ങള്‍ ഉണ്ടാക്കാന്‍ ഹമാസിന് കഴിഞ്ഞത്, ജനങ്ങളുടെ പിന്തുണയുള്ളതുകൊണ്ട് കൂടിയാണ്. വീടുകളും ആശുപത്രികളും ഒക്കെ തുരങ്കങ്ങളുമായി കണക്റ്റഡാണ്. ഇവിടെനിന്നാണ് ഹമാസ് ആക്രമണം അഴിച്ചുവിടുക.


 



ഇപ്പോള്‍ ആ ഗസ്സന്‍ മെട്രോയുടെ 80 ശതമാനവും ഇസ്രയേല്‍ തകര്‍ത്തു കഴിഞ്ഞു. ബാക്കിയുള്ളത് കൂടി തകര്‍ക്കാനാണ് അവര്‍ ഒരു ഭാഗത്തെ ജനങ്ങളെ മറുഭാഗത്തേക്ക് മാറ്റി പരിശോധന നടത്തുന്നത്. ഇതിനെയാണ് കൂട്ടപ്പലയാനമായി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്. ഇനി അവശിഷ്ട തുരങ്കങ്ങള്‍കൂടി തകര്‍ത്താല്‍ ഹമാസിന്റെ ചിറക് സമ്പൂര്‍ണ്ണമായി അരിയാന്‍ കഴിയുമെന്നാണ് ഇസ്രയേല്‍ വിശ്വസിക്കുന്നത്.

കേരളത്തിലെ മാധ്യമങ്ങള്‍ അടക്കം വലിയ രീതിയില്‍ പ്രചരിപ്പിക്കുന്ന കാര്യമാണ് ഇസ്രയേല്‍ ആശുപത്രികള്‍ ആക്രമിച്ച് സ്ത്രീകളെയും കുട്ടികളെയുംവരെ കൊല്ലുന്നുവെന്നത്. ആശുപത്രികള്‍ ആക്രമിച്ചാല്‍ ലോക വ്യാപകമായി ഇസ്രയേലിന് എതിരെ വികാരം ഉയരുകയാണ് ഉണ്ടാവുകയെന്ന് സമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ ഒരു സേനയും സ്വാഭാവികമായ രീതിയില്‍ അത് ചെയ്യില്ല. പക്ഷേ ഹമാസ് ഭീകരര്‍ ആശുപത്രയെയും സ്‌കൂളുകളെയും മറയാക്കുകയാണ്. ഭീകരരെ കിട്ടാന്‍ ആക്രമണം നടത്തുമ്പോള്‍, ഇസ്രയേല്‍ ആശുപത്രി ആക്രമിച്ചുവെന്നാണ് വാര്‍ത്ത വരിക.

ഗസ്സയില്‍ ആശുപത്രികള്‍ ഐ ഡി എഫ് പലവട്ടം തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വന്ന ആശുപത്രിയാണ് ഖാന്‍ യൂനിസിലെ യൂറോപ്യന്‍ എയ്ഡ് ആശുപത്രി. കൊടും ഭീകരന്‍ യാഹിയാ സിന്‍വാറിന്റെ സഹോദരനായ മുഹമ്മദ് സിന്‍വാറിനെ ഐ ഡി എഫ് കൊന്നതും ഇതേ യൂറോപ്യന്‍ എയ്ഡ് ആശുപത്രിയ്ക്ക് താഴെയുള്ള തുരങ്കത്തില്‍ വച്ചാണ് എന്നത് കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നില്ല! ഇവിടുത്തെ തുരങ്കത്തിന് ഒരു കിലോമീറ്റര്‍ നീളമുണ്ടായിരുന്നു. അത് തൊട്ടടുത്തുള്ള നാസര്‍ ആശുപത്രിയുമായി ബന്ധിപ്പിച്ചിരുന്നു. ഇങ്ങനെ ഒന്നും രണ്ടുമല്ല 1700 ഓളം തുരങ്കങ്ങളാണ് ഉള്ളത്. അതുപോലെ സ്ത്രീകളെയു കുട്ടികളെയും ഹമാസ് ഹ്യൂമന്‍ ഷീല്‍ഡാക്കുന്നതുകൊണ്ടാണ് അവരുടെ മരണ നിരക്ക് കൂടുന്നത്. ഞങ്ങള്‍ റോക്കറ്റ് വിട്ടാന്‍ ഇസ്രായേല്‍ അയണ്‍ഡോം കൊണ്ട് പ്രതിരോധിക്കുമെങ്കില്‍, ഇസ്രായേല്‍ റോക്കറ്റ് വിട്ടാല്‍ ഞങ്ങള്‍ സ്ത്രീകളേയും കുട്ടികളേയും കൊണ്ട് പ്രതിരോധിക്കുമെന്നണ് ഹമാസിന്റെ ലൈന്‍.

സാമ്പത്തികനാഡി അറ്റു!

രണ്ടുവര്‍ഷം നീണ്ട യുദ്ധത്തില്‍ ഇസ്രയേലിന് ഹമാസിനെ സാമ്പത്തികമായി വലിയ രീതിയില്‍ തകര്‍ക്കാന്‍ കഴിഞ്ഞു. ഖത്തര്‍, തുര്‍ക്കി, ഇറാന്‍. ഈ മൂന്ന് രാജ്യങ്ങളില്‍നിന്നാണ് ഹമാസിന് കാര്യമായി ഫണ്ട് എത്തിയത്. ഇതില്‍ ഖത്തറായിരുന്നു ഏറ്റവും പ്രധാനം. അമേരിക്കയുടെ സഹായത്തോടെ ഖത്തറില്‍നിന്ന് ഫണ്ട് വരുന്നത് നന്നായി തടയാന്‍ ഇസ്രയേലിന് കഴിഞ്ഞു. ഇറാനില്‍നിന്നുള്ള അയുധങ്ങള്‍ പലപ്പോഴും യുഎന്‍ ഭക്ഷ്യസഹായ ട്രക്കിലുടെ വന്നിരുന്നു. അതും തടയാന്‍ ഇസ്രയേലിന് കഴിഞ്ഞു. ഇതോടെ ഗസ്സയുടെ പേരില്‍ വരുന്ന ഫണ്ട് വെട്ടിച്ച് കോടീശ്വരന്‍മ്മാരായ ഹമാസ് നേതാക്കളും കുടുങ്ങി.

ഗസ്സയിലെ ജനം പട്ടിണി കിടക്കുമ്പോഴും ഹമാസ് നേതാക്കള്‍ കോടീശ്വരന്‍മ്മാരായിരുന്നു. ഹമാസിന്റെ സമ്പത്ത് ഈ വിഷമസന്ധിയിലും എട്ട് മില്യണ്‍ യു എസ് ഡി വരും എന്നാണ് കണക്ക്. ഹമാസിന്റെ പ്രധാന നേതാക്കളുടെ ആര്‍ജിത സ്വത്ത് അതിന്റെ നാല് ഇരട്ടിയോളം വരുമെന്ന് കണക്കാക്കപ്പെടുന്നു. അതായത്, കേരളത്തിലെ ഒരു ജില്ലയുടെ വലിപ്പം പോലും ഇല്ലാത്ത ഗസ്സയുടെ അതിജീവനത്തിനായി ഒരു ബഡ്ജറ്റ് തയ്യാറാക്കിയാല്‍ എവിടെ നിന്നും കടമെടുക്കാതെ തന്നെ കേരളത്തേക്കാള്‍ വലിയ ബജറ്റ് ഉണ്ടാക്കാം. (കേരളത്തിന്റെ ബഡ്ജറ്റ് ഒരു ദശലക്ഷം ഡോളറെ വരു).


 



ഹമാസിന് ലോകവ്യാപകമായി വരുന്ന ഫണ്ട് അടിച്ചുമാറ്റി, ഖത്തറിലും മറ്റും പഞ്ചനക്ഷത്ര ജീവിതം നയിച്ചവരായിരുന്നു ഹമാസിന്റെ മുന്‍ നേതാക്കള്‍. അവര്‍ ഓരോരുത്തരും കോടീശ്വരന്‍മ്മാരാണ്. അവരുടെ മക്കള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആഢംബര ജീവിതം നയിക്കുമ്പോള്‍ ഗസ്സയിലെ കുട്ടികള്‍, ഒരു നേരത്തെ റൊട്ടിക്കായി അടിപടികൂടുന്നു. എന്നാല്‍ വന്‍ തുകകള്‍ അടിച്ചുമാറ്റി മാറ്റി, അവര്‍ പാവങ്ങള്‍ക്കുള്ള ഭക്ഷണച്ചട്ടിയില്‍പോലും കൈയിട്ട് വാരാന്‍ തുടങ്ങി. കുട്ടികള്‍ക്കുള്ള പോഷക വസ്തുക്കള്‍വരെയുള്ള ട്രക്കുകള്‍ തട്ടിയെടുത്ത്, സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കയാണ് ഹമാസിന്റെ രീതി. ഗസ്സയിലെ എയ്ഡ് ട്രക്കുകള്‍ നിന്ന് ഫലസ്തീനികള്‍ക്കുള്ള ഭക്ഷ്യ വസ്തുക്കള്‍, വസ്ത്രം, മൊബെല്‍ ഫോണുകള്‍, എന്തിന് സിഗററ്റ് പാക്കറ്റുകള്‍ വരെ തട്ടി എടുത്ത് കരിഞ്ചന്തയില്‍ വില്‍ക്കുക എന്നതായിരുന്നു ഹമാസ് ചെയ്തു വന്നത്.

നേരത്തെ എയ്ഡ് ട്രക്കുകള്‍ എല്ലാം ഹമാസ് നിയന്ത്രണത്തിലാണ് ഗസ്സയില്‍ പ്രവേശിച്ചിരുന്നത്. അത് അടിച്ചുമാറ്റി വിലകൂട്ടി വില്‍ക്കുകയായിരുന്ന ഹമാസിന്റെ രീതി. യുദ്ധം ഇല്ലാത്ത സമയങ്ങളില്‍ ഫലസ്തീനികള്‍ക്ക് യുഎന്‍ നല്‍കിയിരുന്ന പര്‍ച്ചേഴ്സ് കൂപ്പണുകളിലെ പണവും ഒഴുകുന്നത് ഹമാസിന്റെ പോക്കറ്റിലേക്കാണ്. വോളണ്ടിയേഴ് എന്ന നിലയില്‍ നല്ല ശമ്പളം പറ്റി പ്രവര്‍ത്തിക്കുന്നതും ഹമാസ് ഭീകരര്‍ തന്നെയായിരുന്നു. ഇപ്പോള്‍, പ്രശ്നബാധിത മേഖലകളിലെ കമ്യൂണിറ്റി കിച്ചനുകളുടെ നിയന്ത്രണവും യു എന്‍ ഏജന്‍സികള്‍ക്കും അതു വഴി ഹമാസിനും തന്നെ. അതായത് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യവം ഇല്ലാത്തതുകൊണ്ടല്ല ഗസ്സക്കാര്‍ പട്ടിണി കിടക്കുന്നത്. ഹമാസ് അത് അടിച്ചുമാറ്റി സ്വന്തം കീശവീര്‍പ്പിക്കുന്നതും, ഉല്‍പ്പന്നങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതുകൊണ്ടുമാണ്. എന്നിട്ട് അവസാനം എല്ലാറ്റിന്റെയും കുറ്റം വന്ന് വീഴുന്നതാവട്ടെ ഇസ്രയേലിന്റെ ചുമലിലുമാണ്.

യു എന്നിന്റെയടക്കം ട്രക്കുകള്‍ ആയുധക്കടത്തിന് ഉപയോഗിക്കുന്നുവെന്നും, അതിലുള്ള വസ്തുക്കള്‍ കൊള്ളയടിക്കപ്പെടുന്നവെന്നും, അത് സഹായംവേണ്ട ഗസ്സക്കാര്‍ക്ക് ലഭിക്കുന്നില്ല എന്നും, ഇസ്രയേല്‍ വളരെ നേരത്തെ തന്നെ പറഞ്ഞു കൊണ്ടേ ഇരിക്കുന്നത്. ഗസ്സയിലെ ദുരിതം ഹമാസ് നിര്‍മ്മിതമാണെന്നും അവര്‍ ആവര്‍ത്തിച്ചിരുന്നു. അതിന്റെ തെല്‍വുകള്‍ ഈയിടെയും റോയിട്ടേഴ്സ് പുറത്തുവിട്ടു.

യുറോപ്പ്യന്‍ യൂണിയന്‍ ഗാസയിലെ കുട്ടികള്‍ക്ക് കുടിവെള്ളത്തിന് നൂറു മില്യന്‍ യൂറോയുടെ പൈപ്പുകള്‍ കൊടുത്തിരുന്നു. ഹമാസ് അത് കുഴിച്ചെടുത്ത് ജൂതന്റെ നേരെ റോക്കറ്റ് വിടാന്‍ ഉപയോഗിച്ചു തങ്ങളുടെ കുഞ്ഞുങ്ങള്‍ വെള്ളം കുടിച്ചില്ലെങ്കിലും, ജൂതനിട്ട് പണി കൊടുക്കണം! ഇതാണ് ഹമാസിന്റെ രീതി. പക്ഷേ ഇപ്പോള്‍ അവസ്ഥമാറി. ഇസ്രയേല്‍ യുഎന്‍ എയ്ഡില്‍ അടക്കം ശക്തമായി ഇടപെടാന്‍ തുടങ്ങി. ഹമാസിന്റെ ഭക്ഷണക്കൊള്ള നിയന്ത്രിക്കപ്പെട്ടു. ഗസ്സക്കാര്‍ക്കുള്ള ട്രക്ക് തട്ടിയെടുത്ത ഹമാസുകാര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. പക്ഷേ അപ്പോഴും വാര്‍ത്ത വരിക പാവങ്ങളെ ഇസ്രയേല്‍ വെടിവെച്ചുകൊന്നു എന്നതാണ്. ഇപ്പോള്‍ ഇസ്രയേല്‍ അതിലും ഇടപെട്ടതോടെ ഭക്ഷണക്കൊളളയടിയും നിന്നു. ആ വഴിക്കുന്ന വരുമാനവും ഹമാസിന് നിലച്ചു.

'ഫ്രീ ഫ്രീ.... ഫ്രീ ഫ്രം ഹമാസ്'

ഇപ്പോള്‍ ഗസ്സയില്‍പോലും തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ് ഹമാസ്. കഴിഞ്ഞ രണ്ടുമാസങ്ങളില്‍ മാത്രമായി ഒരു ഡസനോളം പ്രകടനങ്ങളാണ് ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ ഹമാസിനെതിരെ ഉയര്‍ന്നത്. നമ്മുടെ നാട്ടില്‍ 'ഫ്രീ ഫ്രീ ഫ്രീ ഫലസ്തീന്‍' എന്ന് മുദ്രവാക്യം ഉയരുമ്പോള്‍ ഗസ്സയില്‍ ഉയരുന്നത് 'ഫ്രീ ഫ്രീ ഫ്രീ ഫ്രം ഹമാസ്' എന്ന മുദ്രവാക്യമാണ്്. ഹമാസിനെ നായിന്റെ മക്കള്‍ എന്ന് വിശേഷിപ്പിച്ചത്, ഫലസ്തീന്‍ അതോരിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ് ആണ്. അത്രക്ക് അവര്‍ വെറുപ്പിച്ചു കഴിഞ്ഞു. യുദ്ധാനന്തരമുള്ള ഗസ്സയില്‍ ഹമാസിന് യാതൊരു റോളും ഉണ്ടാവരുത് എന്നാണ് അബ്ബാസ് പറയുന്നത്.

ഗസ്സയില്‍ മറ്റൊരു രാഷ്ട്രീയ ശക്തിയെയും വളരാന്‍ അനുവദിക്കാതെ ഉന്‍മൂലനം ചെയ്തതാണ് ഹമാസിന്റെ ചരിത്രം. നേരത്തെ ഹമാസും മറ്റ് സംഘടനകളും തമ്മില്‍ നിരന്തരം പോരാട്ടങ്ങള്‍ ഉണ്ടായിരുന്നു. ഹമാസ് അതില്‍ വിജയം കണ്ടു. 2007 മുതല്‍ ഗാസ ഹമാസ് നിയന്ത്രണത്തില്‍ ആയി. പിഎല്‍ഒയെ യും മറ്റ് സംഘടനകളെയും നേതാക്കളെ വധിക്കാനും ഉന്‍മൂലനം ചെയ്യാനും ഹമാസ് ഒരു മടിയും കാണിച്ചില്ല. ഇപ്പോഴത്തെ ഗാസ വാര്‍ തുടങ്ങുന്നതിന് മുമ്പ് ജയിലിലുണ്ടായ സംഘട്ടനത്തില്‍ തടവുകാരായ നിരവധി ഫത്ത പാര്‍ട്ടിക്കാരെ ഹമാസുകാര്‍ കൊന്നിരുന്നു. ഇങ്ങനെ ഫത്ത പാര്‍ട്ടിയും ഹമാസിന്റെ പേരാട്ടത്തില്‍ കൊല്ലപ്പെട്ടവരുമെല്ലാം വരുന്നത്, ഇസ്രയേല്‍ കൊന്ന ലിസ്റ്റിലാണ്. അതുകൊണ്ടുതന്നെ ഗസ്സയിലെ ഫത്ത പാര്‍ട്ടിയടക്കമുള്ളവര്‍ ഹമാസിന്റെ പതനം കാത്തിരിക്കയാണ്.


 



മറ്റ് മതസ്ഥര്‍ക്കും മത രഹിതര്‍ക്കും ഹോമോസെക്ഷ്വല്‍സിനും സ്ത്രീകള്‍ക്കും ഒക്കെ ഗസ്സയില്‍, ഹമാസിന്റെ ഭരണകാലത്ത് കൊടിയ ദുരിതമായിരുന്നു. ഹമാസിന്റെ ഇസ്ലാമൈസേഷന്‍ പീഠനങ്ങള്‍ അവിടെനിന്ന് രക്ഷപ്പെട്ടവര്‍ക്ക് ഏറെ പറയാനുണ്ട്. 'സെക്കുലറിസത്തിന്റെ അവസാനം ' എന്നാണ് അധികാരം കിട്ടിയപ്പോള്‍ ഹമാസ് പ്രഖ്യാപിച്ചത്. ഗസ്സയിലെ ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടു. ഹമാസിന്റെ മീഡിയ ഒഴിച്ച് മറ്റെല്ലാം നിരോധിച്ചു. ശരിയാ കോടതികള്‍ നിലവില്‍ വന്നു. മറിച്ച് ഇസ്രയേലനെ നോക്കുക. അവിടെ 20 ലക്ഷത്തോളം വരുന്ന അറബ് മുസ്ലീങ്ങള്‍ ഇപ്പോഴും സമാധാനത്തോടെ ജീവിക്കുന്നുണ്ട്. ഫലസ്തീനികളെ വംശഹത്യ ചെയ്യുകയാണെങ്കില്‍, ഇസ്രയേലിന് ആദ്യം ഇവരെ കൊല്ലണ്ടതല്ലേ എന്ന ചോദ്യം കേരളാ മീഡിയ ചോദിക്കാറില്ല.

ഇപ്പോള്‍ ഗസ്സയുടെ ഏതാണ്ട് എഴുപത്തഞ്ച് ശതമാനവും ഐഡിഎഫിന്റെ കീഴില്‍ ആയി കഴിഞ്ഞു. മനുഷ്യരേയും ഭീകരരേയും അവര്‍ തരം തിരിച്ച് അരിച്ചെടുക്കുന്നു. ഭീകരരില്‍ നിന്ന് സ്വതന്ത്രമായ പ്രദേശങ്ങളിലേക്ക് ആളുകളെ പുനരധിവസിപ്പിക്കുന്നതിനാണ് മാധ്യമങ്ങള്‍ 'പലായനം' എന്ന് പറയുന്നത്.

ഹമാസ് ഏതാണ്ട് പൂര്‍ണ്ണമായി നിരായുധീകരിക്കപ്പെട്ടു കഴിഞ്ഞു. അവരുടെ ഉറവിടങ്ങളുടെ എല്ലാം വാല്‍വുകളായിരുന്ന നെറ്റ്‌സാരിം ഇടനാഴിയും, റഫയും, ഫിയാഡല്‍ഫി ഇടനാഴിയും, മൊറാഗ് ഇടവനാഴിയും, ഐഡിഎഫ് പിടിച്ചതോടെ ഹമാസിന് ശ്വാസം മുട്ടിയിരിക്കയാണ്. ഇതോടെ ഇനി അധികകാലമൊന്നും അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്ന് അവര്‍ക്ക് മനസ്സിലായി. അതോടെയാണ് അവര്‍ ഭാഗിക വെടിനിര്‍ത്തലിലേക്ക് വരുന്നത്. സ്വാധീനം കുറഞ്ഞതോടെ സാധാരണക്കാരായ ജനങ്ങള്‍ ഹമാസിനെതിരെ സംസാരിക്കാനും തുടങ്ങി. ഹമാസിനെ സമ്പൂര്‍ണ്ണമായി നിരായുധീകരിക്കണമെന്നാണ്, യൂറോപ്യന്‍ രാജ്യങ്ങളും പറയുന്നത്.

യുദ്ധാനന്തര ഗസ്സയില്‍ ഹമാസ് ഇല്ല

ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെക്കുന്ന വെടിനിര്‍ത്തല്‍ കരാറില്‍ ഹമാസിന്റെ സമ്പൂര്‍ണ്ണ നിരായൂധീകരണം ഉറപ്പുവരുന്നു. മാത്രമല്ല അമേരിക്കയുടെ ഗസ്സ പുനര്‍നിര്‍മ്മാണത്തിലും ഹമാസ് പൊടിപോലുമില്ല. ഇതിനായി മൂന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ തയ്യാറാക്കിയ പദ്ധതയില്‍ എവിടെയും ഹമാസിന് സൂചികുത്താനുള്ള സ്ഥലംപോലുമില്ല.

ഗസ്സ മുനമ്പ് ഫലസ്തീന്‍ അതോറിറ്റിക്ക് കൈമാറുന്നതുവരെ യുദ്ധാനന്തരം ഭരിക്കുന്നതിനായി ഒരു സമിതി സ്ഥാപിക്കാനാണ് ടോണി ബ്ലെയര്‍ നിര്‍ദ്ദേശിച്ചത്. ഇതിനെ പിന്തുണക്കുന്നവരെ അണിനിരത്താന്‍ ടോണി ബ്ലെയറിനെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരപ്പെടുത്തിയിട്ടുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗസ്സ ഇന്റര്‍നാഷണല്‍ ട്രാന്‍സിഷണല്‍ അതോറിറ്റി (ജി.ഐ.ടി.എ) സ്ഥാപിക്കുന്നതിനെ കുറിച്ച് ഈ പദ്ധതി വിഭാവനം ചെയ്യുന്നു. ടോണി ബ്ലെയര്‍ ആയിരിക്കും ഇതിന്റെ അധ്യക്ഷന്‍. ഏഴ് മുതല്‍ 10 വരെ അംഗങ്ങള്‍ അടങ്ങുന്ന ഒരു ബോര്‍ഡ് ജി.ഐ.ടി.എയ്ക്ക് ഉണ്ടായിരിക്കും. അതില്‍ കുറഞ്ഞത് ഒരു ഫലസ്തീന്‍ പ്രതിനിധി, ഒരു മുതിര്‍ന്ന യുഎന്‍ ഉദ്യോഗസ്ഥന്‍, എക്സിക്യൂട്ടീവ് അല്ലെങ്കില്‍ സാമ്പത്തിക പരിചയമുള്ള പ്രമുഖ അന്താരാഷ്ട്ര വ്യക്തികള്‍, മുസ്ലിം അംഗങ്ങളുടെ ശക്തമായ പ്രാതിനിധ്യം' എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ ഗസ്സ നിവാസികള്‍ക്കായി സ്വത്ത് അവകാശ സംരക്ഷണ യൂണിറ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ചും ബ്ലെയര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.


 



ടു സ്റ്റേറ്റ് തിയറി ഫലത്തില്‍ അംഗീകരിക്കുന്ന ആളാണ് ടോണി ബ്ലെയര്‍. ഗസ്സ ഇന്റര്‍നാഷണല്‍ ട്രാന്‍സിഷണല്‍ അതോറിറ്റി ഒരു സ്ഥിരം സംവിധാനമല്ല. അത് ഒരു കെയര്‍ ടേക്കര്‍ ഗവണ്‍മെന്റാണ്. ഫലസ്തീനികള്‍ക്ക് രാജ്യം കൈമാറുകയാണ് അവരുടെ ലക്ഷ്യം. വെസ്റ്റ്ബാങ്കും ഗസ്സയും രണ്ട് രാജ്യങ്ങളായോ, അല്ലെങ്കില്‍ ഫലസ്തീന്‍ എന്ന പേരില്‍ ഒറ്റരാജ്യമായോ രൂപീകരിക്കാനാണ് ബ്ലെയര്‍ ശ്രമിക്കുന്നത്. അവിടെ ഹമാസിന് യാതൊരു റോളും ഉണ്ടാവില്ല. ഹമാസിന്റെ സമ്പൂര്‍ണ്ണമായ ഉന്‍മൂലനത്തിനുശേഷമായിരിക്കും, ഭരണം ഗസ്സക്കാരെ എല്‍പ്പിക്കുക. ഇതാണ് ഹമാസിനെ ഞെട്ടിക്കുന്നതും. ഹമാസിന്റെ ഒരു തരിപോലും ഗസ്സയില്‍ അവശേഷിക്കുന്നുണ്ടെന്ന് കണ്ടാല്‍ ഇസ്രയേല്‍ ഈ പരിപാടിക്ക് അംഗീകാരം നല്‍കില്ല എന്ന് ഉറപ്പാണ്. ഈ പദ്ധതി നടപ്പിലായാല്‍ എന്നെന്നേക്കുമായി തങ്ങള്‍ക്ക് ഗസ്സയില്‍ യാതൊരു റോളുമില്ലാത്ത അവസ്ഥ വരുമെന്ന്, ഹമാസിന് നന്നായി അറിയാം.

മാത്രമല്ല, ബ്ലെയറിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സംവിധാനം വന്നാല്‍, ഇപ്പോള്‍ തങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഗസ്സന്‍ ആരോഗ്യമന്ത്രാലയവും, ഉണ്‍ട്രയും അടക്കം എല്ലാ സംവിധാനങ്ങളും ഹമാസിന്റെ കൈയില്‍നിന്നുപോവും. അതോടെ ഇതുവരെ അവര്‍ നല്‍കിവന്നിരുന്ന വ്യാജ മരണക്കണക്കുകള്‍ എല്ലാം പൊളിയും. അതുകൊണ്ടുതന്നെയാണ്, ടോണി ബ്ലെയറിനെ ഇറാഖിലെ കൊലയാളിയാക്കിയും, മുസ്ലീം വിരോധിയാക്കിയും, ഗസ്സക്ക് പുറത്തുള്ളവര്‍ ഗസ്സയെ ഭരിക്കരുത് എന്ന മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തിയും, ഹമാസ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. ഈ വിഷയങ്ങളില്‍ തട്ടി സമാധാന ചര്‍ച്ചകള്‍ പോലും മുടങ്ങുമെന്ന് പറയുന്നുണ്ട്. പക്ഷേ എന്നാലും ഒരു കാര്യം ഉറപ്പാണ്. ഹമാസിന് ഇനി ഒരിക്കലും പഴയതുപോലെ ആവാന്‍ കഴിയില്ല. അത്രക്ക് വലിയ പരിക്കാണ് അവര്‍ക്ക് ഏറ്റിരിക്കുന്നത്.

വാല്‍ക്കഷ്ണം: പക്ഷേ ഹമാസ് പൂര്‍ണ്ണമായും ഇല്ലാതാവുമെന്നും പറയാന്‍ കഴിയില്ല. കാരണം ശുദ്ധമായ ജിഹാദി മനസ്സാണ് ഹമാസിന്റെ അസംസ്‌കൃത വസ്തു. മദ്രസകളിലുടെയാണ് അവര്‍ വളരുന്നത്. ഗസ്സയിലെ വിദ്യാഭ്യാസ മേഖലയിലെ അടക്കം പരിഷ്‌ക്കണം ടോണി ബ്ലെയറും ട്രംപും ലക്ഷ്യമിടുന്നുണ്ടെങ്കിലും അത് ഹമാസ് അംഗീകരിച്ചിട്ടില്ല. ആ മേഖലയില്‍ കൂടി നവീകരണം വന്നാല്‍ മാത്രമേ ഹമാസിനെ വേരോടെ നുള്ളിക്കളയാന്‍ കഴിയൂ.

Tags:    

Similar News