മകന് വേണ്ടി ജോലി ഉപേക്ഷിച്ച അച്ഛനും ദിവസം മൂന്നു മണിക്കൂര്‍ മാത്രമുറങ്ങുന്ന അമ്മയും; ദിവസം 100 ഓവര്‍ വരെ പരിശീലിച്ച് നെറ്റ്സിലും കഠിനപ്രയത്നം; വെടിക്കെട്ട് ബാറ്ററാകാന്‍ ഉപേക്ഷിച്ചത് പിസ്സയും മട്ടനും; 2017ലെ ആദ്യ ഐപിഎല്‍ കാഴ്ച്ചയില്‍ നിന്ന് ആദ്യ ഐപിഎല്‍ സെഞ്ച്വറിയിലേക്ക് എട്ട് വര്‍ഷം; വിസ്മയിപ്പിക്കുന്ന വൈഭവ് സൂര്യവംശിയുടെ ജീവിതം

വിസ്മയിപ്പിക്കുന്ന വൈഭവ് സൂര്യവംശിയുടെ ജീവിതം

Update: 2025-04-29 11:09 GMT

ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനെട്ടാം സീസണ്‍ രാജസ്ഥാനെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം സീസണുകളില്‍ ഒന്നായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.താരങ്ങളുടെ സെലക്ഷനില്‍ തുടങ്ങി ടൂര്‍ണ്ണമെന്റിലെ പ്രകടനത്തിലുള്‍പ്പടെ അമ്പേ പരാജയമായിരുന്നു രാജസ്ഥാന്‍.ജയം ഉറപ്പിച്ച രണ്ട് കളികള്‍ അക്ഷരാര്‍ത്ഥത്തില്‍ അവിശ്വസനീയമാം വണ്ണം അവസാന ഓവറില്‍ തോല്‍വി ഏറ്റുവാങ്ങിയതുമൊക്കെയായി രാജസ്ഥാന്‍ ടീം ആരാധകരില്‍ നിന്നുള്‍പ്പടെ ആക്ഷേപം ഏറ്റുവാങ്ങുകയാണ്.ഇനി നാല് മത്സരം അവശേഷിക്കെ ടൂര്‍ണ്ണമെന്റില്‍ വലിയ സാധ്യതകള്‍ ഒന്നും ടീമിനില്ല താനും.

ഇങ്ങനെ നാണക്കേണടിന്റെ പടുകുഴിയില്‍ വീണ ടീമിന് അല്‍പ്പമെങ്കിലും ആശ്വാമായത് വൈഭവ് സുര്യവംശി എന്ന അത്ഭുതബാലന്റെ തെരഞ്ഞെടുപ്പും കഴിഞ്ഞ ദിവസത്തെ അവന്റെ അമ്പരിപ്പിക്കുന്ന പ്രകടനവുമാണ്.ഗുജറാത്തിനെതിരെ 35 പന്തില്‍ സെഞ്ച്വറി തികച്ചുകൊണ്ട് ടി20 ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി.അഞ്ചിലേറെ റെക്കോര്‍ഡൂകള്‍ നേടിയ ഈ പതിനാലുകാരനെ പുകഴ്ത്തി മതിയാവതെ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് പ്രമുഖ താരങ്ങള്‍ എല്ലാം തന്നെ.വെറും ഒന്‍പതാം ക്ലാസ് പയ്യന്‍ ഈ നേട്ടങ്ങളൊക്കെയും കൊയ്യുമ്പോള്‍ അതിന് പിന്നില്‍ കഠിനാധ്വാനത്തിന്റെയും ഒരു കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയുടെയും കഷ്ടപാടിന്റെയും കഥകളുമുണ്ട്.

ഒരു രാത്രി ഇരുട്ടിവെളിക്കുമ്പോഴോ..ഏതെങ്കിലുമൊരു താരത്തെ അടിച്ചതുകൊണ്ടോ മാത്രം താരമായതല്ല ഈ 14 കാരന്‍.എത്രയോ ദിനങ്ങളുടെ കഠിനധ്വാനവും പ്രശസ്തരമായ നിരവധി ബൗളര്‍മാരെ അടിച്ചുപറത്തിയ പിന്‍ബലവും ഈ പ്രതിഭയുടെ വരവറിയിക്കലിന് പിന്നിലുണ്ട്.

ജോലി ഉപേക്ഷിച്ച് മകന്റെ സ്വപ്നത്തിനൊപ്പം സഞ്ചരിച്ച അച്ഛനും മൂന്നു മണിക്കൂര്‍ മാത്രം ഉറങ്ങുന്ന അമ്മയും

ഐപിഎല്ലിന്റെ പ്രായം പോലും വൈഭവ് സൂര്യവംശിക്കില്ല.ഐപിഎല്ലിനെക്കാള്‍ നാലുവയസ്സിന് ചെറുതാണ് വൈഭവ്.എന്നാല്‍ 14 വര്‍ഷത്തിനിപ്പുറം ഐപിഎലിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിമാറിയിരിക്കുകയാണ് പതിനാലുകാരന്‍.വരുന്ന സീസണുകളില്‍ ഏവരും ഉറ്റുനോക്കുന്ന താരമായി ഇതിനോടകം വൈഭവ് മാറിക്കഴിഞ്ഞു.വൈഭവിന്റെ ഈ കഥ പറയുമ്പോള്‍ ജോലി ഉപേക്ഷിച്ച് മകന്റെ സ്വപ്നത്തിനൊപ്പം നടന്ന ഒരു അച്ഛന്റെയും ഉറക്കം പോലും വേണ്ടന്നുവെച്ച ഒരമ്മയുടെയും കഥകൂടിയാകുമത്.


 



ബിഹാറിലെ സമസ്തിപൂര്‍ ജില്ലയിലാണ് സൂര്യവംശിയുടെ ജനനം.നാലാം വയസ്സില്‍ കളിതുടങ്ങി. പിതാവ് തന്നെയായിരുന്നു ആദ്യ പരിശീലകന്‍.ഒമ്പതാം വയസ്സില്‍ നാട്ടിലെ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്നു.പിന്നീടുള്ള സൂര്യവംശിയുടെ വളര്‍ച്ച പ്രായത്തെ കവച്ചുവെക്കുന്നതായിരുന്നു.മകന്റെ അസാമാന്യമായ വളര്‍ച്ച കണ്ട കര്‍ഷകനായ സഞ്ജീവ് സൂര്യവംശി ഒരു സുപ്രഭാതത്തില്‍ കുടുംബത്തിന്റെ വരുമാന ആശ്രയമായിരുന്ന തന്റെ കൃഷിയിടം മുഴുവന്‍ വിറ്റു.കൃഷി ലാഭമായിരുന്നിട്ടും, കുടുംബത്തിന്റെ ഏക വരുമാനമായിരുന്നിട്ടും കൃഷിയിടം വിറ്റ സഞ്ജീവിനെ വീട്ടുകാരും നാട്ടുകാരും ഒരുപോലെ കുറ്റപ്പെടുത്തി.

അവരോടെല്ലാം സഞ്ജീവ് പറഞ്ഞത് ഒരേ മറുപടിയായിരുന്നു ഇതെന്റെ മകനു വേണ്ടിയാണ്, അവന്റെ ക്രിക്കറ്റ് കരിയറിനു വേണ്ടിയാണ്. തനിക്ക് സാധിക്കാതെ പോയ ക്രിക്കറ്റര്‍ ആകുകയെന്ന സ്വപ്നം കൂടിയാണ് തന്റെ മകനെ പ്രൊഫഷണല്‍ ക്രിക്കറ്ററാക്കുന്നതിലൂടെ ഈ പിതാവ് യാഥാര്‍ത്ഥ്യമാക്കുന്നത്.

ഇന്നലെ റെക്കോര്‍ഡുകളുടെ പെരുമഴ പെയ്യിച്ച ഇന്നിങ്ങ്സിന് ശേഷം വൈഭവ് സംസാരിച്ചതും തന്റെ രക്ഷിതാക്കളെക്കുറിച്ച് തന്നെ. ഐപിഎല്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആണ് വൈഭവിന്റെ തുറന്നുപറച്ചില്‍.തന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ മാതാപിതാക്കളുടെ കഠിനപരിശ്രമമുണ്ടെന്ന് പറയുകയാണ് വൈഭവ്.ഞാന്‍ ഇന്ന് എന്താണോ, അതിന് എന്റെ മാതാപിതാക്കളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.എനിക്ക് പരിശീലനത്തിന് പോകേണ്ടതിനാല്‍ എന്റെ അമ്മ നേരത്തെ എഴുന്നേല്‍ക്കുകയും എനിക്കുവേണ്ടി ഭക്ഷണം തയ്യാറാക്കുകയും ചെയ്യുമായിരുന്നു.രാത്രി 11 മണിക്ക് ഉറങ്ങി രണ്ട് മണിക്ക് എഴുന്നേല്‍ക്കും.അവര്‍ മൂന്ന് മണിക്കൂര്‍ മാത്രമേ ഉറങ്ങുമായിരുന്നുള്ളൂ.'- വൈഭവ് പറഞ്ഞു.

'എന്റെ അച്ഛന്‍ എനിക്കുവേണ്ടി അദ്ദേഹത്തിന്റെ ജോലി ഉപേക്ഷിച്ചു.ഇപ്പോള്‍ എന്റെ ജ്യേഷ്ഠനാണ് അത് നോക്കുന്നത്.ഞങ്ങള്‍ വളരെ ബുദ്ധിമുട്ടിലായിരുന്നു.അച്ഛന്‍ എന്നെ പിന്തുണച്ചു.എനിക്ക് അത് നേടാന്‍ കഴിയുമെന്ന് പറഞ്ഞു.ഇന്ന് ഞാന്‍ നേടിയ വിജയത്തിന് കാരണം എന്റെ മാതാപിതാക്കളാണ്.'- വൈഭവ് കൂട്ടിച്ചേര്‍ത്തു.

ദിവസേന 100 ഓവര്‍ വരെ പരിശീലനം..വഴിത്തിരിവായത് ആ താരം..ഐപിഎല്ലിലെ വണ്ടര്‍ബോയ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതുയുഗപ്പിറവി പ്രഖ്യാപിക്കുകയാണ് പതിന്നാലുകാരന്‍ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വൈഭവം.വിരേന്ദര്‍ സെവാഗിനെയൊക്കെ അനുസ്മരിപ്പിക്കും വിധം പേടിയില്ലാതെയാണ് വൈഭവ് ബാറ്റ് വീശുന്നത്.പരിശീലനമാണ് ഒരാളെ പെര്‍ഫക്ടാക്കുന്നതെന്ന് അടിവരയിടുകയാണ് വൈഭവും.ഒരു ദിവസം കുറഞ്ഞത് 100 ഓവര്‍ നെറ്റ്സില്‍ ബാറ്റ് ചെയ്യണം അതായിരുന്നു പട്ന ക്രിക്കറ്റ് അക്കാദമിയിലെ പരിശീലകന്‍ മനിഷ് ഓജ വൈഭവിന് നല്‍കിയ നിര്‍ദേശം.ഇത് അക്ഷരംപ്രതി പാലിച്ച വൈഭവ് ചില ദിവസങ്ങളില്‍ 100ല്‍ അധികം ഓവറുകള്‍ നെറ്റ്സില്‍ നേരിട്ടു.


 



പന്തുകളുടെ വേഗമായിരുന്നു വൈഭവിന്റെ അടുത്ത വെല്ലുവിളി.തുടക്കത്തില്‍ അക്കാദമിയിലെ ബോളര്‍മാരെ മാത്രമാണ് വൈഭവിനു നേരിടേണ്ടിവന്നതെങ്കില്‍ പിന്നാലെ ബോളിങ് മെഷീനിലൂടെ വേഗം കൂടിയ പന്തുകള്‍ വൈഭവിനെ തേടിയെത്തി.ചുരുങ്ങിയ സമയം കൊണ്ട് മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗമുള്ള പന്തുകള്‍ വൈഭവ് സധൈര്യം നേരിട്ടുതുടങ്ങി.പരിശീലനം കഠിനമായതോടെ വൈഭവിന്റെ വഴികളും എളുപ്പമായി.ബിഹാറിനുവേണ്ടി 12 വര്‍ഷവും 284 ദിവസവും പ്രായമുള്ളപ്പോള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതോടെയാണ് സൂര്യവംശി ഇന്ത്യന്‍ ക്രിക്കറ്റില്‍ ശ്രദ്ധപിടിച്ചുപറ്റിയത്.

2024 നവംബറില്‍ വിജയ്ഹസാരെ ട്രോഫിയില്‍ മധ്യപ്രദേശിനെതിരേ കളിച്ചതോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ കളിക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യന്‍ താരമായി.14ാം വയസ്സില്‍ ഒരു സംസ്ഥാന അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ ട്രിപ്പിള്‍ സെഞ്ചറി നേടിക്കൊണ്ടാണ് ക്രിക്കറ്റ് ലോകത്തെക്ക് വൈഭവ് തന്റെ വരവറിയിക്കുന്നത്.പിന്നാലെയാണ് ദേശീയ അണ്ടര്‍ 19 ടീമിലേക്കുള്ള വിളി വരുന്നത്.ഏഷ്യാ കപ്പ് അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങിയ വൈഭവ് 44 ബാറ്റിങ് ശരാശരിയില്‍ 176 റണ്‍സാണ് അടിച്ചുകൂട്ടിയത്. പിന്നാലെ അണ്ടര്‍-19 ടെസ്റ്റ് മാച്ചില്‍ ഓസ്ട്രേലിയക്കെതിരേ നടത്തിയ പ്രകടനവും വൈഭവിന്റെ കരിയറില്‍ വഴിത്തിരിവായി.ഓസീസിനെതിരേ 58 പന്തില്‍ സെഞ്ചുറി നേടിയതോടെ സൂര്യവംശിയെ രാജസ്ഥാന്‍ മാനേജ്‌മെന്റ് നോട്ടമിട്ടിരുന്നു.

കുടുംബത്തിനും കോച്ചിനുമൊപ്പം വൈഭവിന്റെ ജീവിതത്തില്‍ എടുത്തുപറയേണ്ട പേരാണ് വി വി എസ് ലക്ഷ്മണിന്റെത്. രാജസ്ഥാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് വൈഭവിന്റെ പേര് നിര്‍ദേശിച്ചത് ലക്ഷ്മണാണെന്ന് ഒരിക്കല്‍ വൈഭവിന്റെ പരിശീലകനായ മനോജ് ഓജ പറഞ്ഞിരുന്നു. ഒരു മത്സരത്തില്‍ വൈഭവ് 36 റണ്‍സില്‍ റണ്ണൗട്ടായി. പിന്നാലെ അവന്‍ ഡ്രസ്സിങ് റൂമില്‍ നിന്ന് കരയാന്‍ തുടങ്ങി. ഇത് ലക്ഷ്മണ്‍ കണ്ടു. ഞങ്ങള്‍ റണ്‍സ് മാത്രമല്ല നോക്കുന്നതെന്നും ദീര്‍ഘകാലം പ്രകടനം കാഴ്ചവെക്കാന്‍ പറ്റുമോയെന്നുമാണ് നോക്കുന്നതെന്നും ലക്ഷ്മണ്‍ പറഞ്ഞു.

ലക്ഷ്മണ്‍ അവന്റെ കഴിവ് പെട്ടെന്നുതന്നെ കണ്ടെത്തി. ബിസിസിഐയുടെ പിന്തുണയുമുണ്ടായി.'- വൈഭവിന്റെ പരിശീലകനായ മനോജ് ഓജ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം ലക്ഷ്മണാണ് ഇപ്പോഴത്തെ രാജസ്ഥാന്‍ റോയല്‍സ് പരിശീലകനായ രാഹുല്‍ ദ്രാവിഡിന് വൈഭവിന്റെ പേര് നിര്‍ദേശിക്കുന്നത്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പരിശീലകനായ ലക്ഷ്മണ്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളം വൈഭവിനെ നിരീക്ഷിച്ചുവന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.ഐപിഎല്‍ ടീമുമായി കരാറിലെത്തുന്ന പ്രായംകുറഞ്ഞ താരമായ സൂര്യവംശിയെ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചത്.

വെടിക്കെട്ടിനായി ഒഴിവാക്കിയത് 'പിസയും മട്ടനും'! യുവിയുടെ അഗ്രഷനും ലാറയുടെ ധൈര്യവുമുള്ള പതിനാലുകാരന്‍

ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള ഒരൊറ്റ ഇന്നിങ്ങ്സിന് പി്ന്നാലെ വൈഭവ് സൂര്യവംശിയാണ് ഇന്ന് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം.ഈ പതിനാലുകാരനെ വാഴ്ത്തിപ്പാടുന്ന തിരക്കിലാണ് ഇതിഹാസങ്ങള്‍ പോലും.ഇതിനിടയില്‍ വൈഭവ് സൂര്യവംശിയുടെ ഡയറ്റീഷ്യന്‍ മനീഷ് ഓജക്കും പറയാനുണ്ട് ചില രസകരമായ വസ്തുകകള്‍.

കൃത്യമായ ഡയറ്റ് പിന്തുടരുന്ന വൈഭവ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ ക്രിക്കറ്റിനായി ഒഴുവാക്കി എന്നാണ് ഡയറ്റീഷ്യന്റെ വെളിപ്പെടുത്തല്‍.വൈഭവിന് ഏറ്റവും കൂടുതുതാല്‍ ഇഷ്ടമുള്ള ഭക്ഷണമാണ് പിസയും മട്ടനും.എന്നാല്‍ ഈ രണ്ട് ഭക്ഷണവും ഫിറ്റ്നസിനായി വൈഭവിന് ഒഴിവാക്കേണ്ടി വന്നു.പതിനാലുകാരന്‍ സെഞ്ചുറി നേടി ചരിത്രം കുറിച്ചതിന് പിന്നാലെയാണ് ഈ കാര്യങ്ങള്‍ ഡയറ്റീഷ്യന്‍ മനീഷ് ഓജ പറയുന്നത്.


 



മത്സരത്തിനിടെ ക്ഷീണവും ദാഹവും അനുഭവപ്പെട്ടിട്ടും അതൊന്നും ഗൗരവത്തോടെ എടുക്കാതെ പന്ത് ബൗഡറി കടത്തുന്നതില്‍ മാത്രമായിരുന്നു വൈഭവ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്‍ഡ്യനിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങള്‍ പറഞ്ഞത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റെര്‍ യുവരാജ് സിങ്ങിന്റെയും ബ്രയാന്‍ ലാറയുടെയും സമ്മിശ്രമാണ് സൂര്യവംശി എന്നും അദ്ദേഹം പറയുന്നുണ്ട്. ബ്രയാന്‍ ലാറയെ പോലെ ഭയമില്ലാതെ ബാറ്റ് ചെയുകയും എന്നാല്‍ യുവിയെപോലെ അല്‍പ്പം അഗ്രഷനും സൂര്യവംശിയ്ക്ക് ഉണ്ട് എന്നാണ് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരിയ്ക്കുന്നത്.

സെഞ്ച്വറിയില്‍ 94 റണ്‍സും ബൗണ്ടറിയിലൂടെ .. ചരിത്രമായി ഇന്നിങ്്സും റൊക്കോര്‍ഡുകളും

നേരിട്ടത് 38 പന്തുകള്‍, ഏഴ് ഫോറും 11 സിക്‌സുകളും സഹിതം അടിച്ചുകൂട്ടിയത് 101 റണ്‍സ്..! ഐപിഎല്‍ ചരിത്രത്തില്‍ ഇതുപോലൊരു മാസ് ഇന്നിങ്‌സ് പേരുകേട്ട കൊലകൊമ്പന്‍ ബാറ്റര്‍മാരുടെ കരിയറില്‍ പോലും ഒരുപക്ഷെ കാണില്ല.ഗുജറാത്തിനായി പന്തെറിഞ്ഞത് ചില്ലറക്കാരല്ല, ഇന്ത്യയുടെ പ്രധാന പേസറായ മുഹമ്മദ് സിറാജ്, ഒരുകാലത്ത് ബാറ്റര്‍മാരെ വിറപ്പിച്ചിരുന്ന ഇഷാന്ത് ശര്‍മ, ഗുജറാത്തിനായി ഈ സീസണില്‍ മികച്ച രീതിയില്‍ പന്തെറിയുന്ന പ്രസിദ് കൃഷ്ണ, പരിമിത ഓവര്‍ ക്രിക്കറ്റില്‍ ബാറ്റര്‍മാര്‍ക്ക് തലവേദനയാകുന്ന റാഷിദ് ഖാന്‍ തുടങ്ങി വൈഭവിനെതിരെ എറിഞ്ഞവരെല്ലാം വമ്പന്‍മാര്‍. എന്നിട്ടും ഒരു കൂസലില്ലാതെ വൈഭവ് ക്രീസില്‍ ചെലവഴിച്ചു.

വ്യക്തിഗത സ്‌കോര്‍ 94 ല്‍ നില്‍ക്കുമ്പോള്‍ സാക്ഷാല്‍ റാഷിദ് ഖാനെ സിക്‌സര്‍ പറത്തിയാണ് വൈഭവ് സെഞ്ചുറി തികച്ചത്.താരം അടിച്ചെടുത്ത 101 റണ്‍സില്‍ 94 റണ്‍സും പിറന്നത് ബൗണ്ടറികളിലൂടെയാണ്. ഏഴ് ഫോറും 11 സിക്‌സറുകളുമാണ് വൈഭവ് നേടിയത്. അതായത് സ്‌കോറിന്റെ 93.06 ശതമാനവും ബൗണ്ടറികളിലൂടെയാണ് പിറന്നത്. പുരുഷ ടി20 യില്‍ ഇത്രയും റണ്‍സ് ബൗണ്ടറികളിലൂടെ സ്വന്തമാക്കി സെഞ്ചുറി തികച്ച മറ്റൊരു താരവുമില്ല.ഒരു ഐപിഎല്‍ ഇന്നിങ്‌സില്‍ 11 സിക്‌സറുകള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍താരമായും ഈ 14-കാരന്‍ മാറി. ചെന്നൈ താരമായിരുന്ന മുരളി വിജയ് ആണ് ഇതിന് മുമ്പ് 11 സിക്‌സറുകള്‍ നേടിയിരുന്നത്.

ഇന്നലത്തെ ഒരൊറ്റ ഇന്നിങ്ങ്സിലൂടെ നിരവധി റെക്കോര്‍ഡുകളും ഈ താരം സ്വന്തമാക്കി.ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറി. 14 വര്‍ഷവും 32 ദിവസവും മാത്രമാണ് ഈ ഇടംകൈയന്‍ ബാറ്ററുടെ പ്രായം. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണ് വൈഭവിന്റേത്. 35 പന്തില്‍ നിന്നാണ് താരം ഗുജറാത്തിനെതിരേ മൂന്നക്കം തൊട്ടത്. ഐപിഎല്ലിലെ അതിവേഗസെഞ്ചുറി മുന്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്.ആര്‍സിബി താരമായിരുന്ന ഗെയ്ല്‍ പുണെക്കെതിരേ 2013 ല്‍ 30 പന്തിലാണ് സെഞ്ചുറി നേടിയത്.


 



37 പന്തില്‍ സെഞ്ചുറി നേടിയ യൂസഫ് പത്താനാണ് പട്ടികയില്‍ മൂന്നാമത്.ഇതിന് പുറമെ ഈ ഐപിഎല്ലിലെ വേഗമേറിയ സെഞ്ച്വറി, ഐപിഎല്ലിലെ ഒരു ഇന്നിങ്‌സിലെ കൂടുതല്‍ സിക്‌സറുകള്‍ എന്നിങ്ങനെ നേട്ടങ്ങള്‍ നിരവധി വൈഭവിന് സ്വന്തം.സ്വതസിദ്ധമായി ലഭിച്ച ബാറ്റ് സ്വിങ്ങും പെര്‍ഫക്ട് ഷോട്ട് ടൈമിങ്ങുമാണ് വൈഭവിന്റെ പ്രത്യേകത. ഓരോ ഷോട്ട് കളിക്കുന്നതിനു മുന്‍പും ശരീരം കൃത്യമായ പൊസിഷനില്‍ കൊണ്ടുവരാനും സാധിക്കുന്നു.

ഇവയെല്ലാം ഒത്തുവരുന്നതിനാലാണ് ഈ ചെറിയ പ്രായത്തില്‍ തന്നെ കളിക്കുന്ന ഷോട്ടുകളില്‍ മികച്ച പവര്‍ കൊണ്ടുവരാന്‍ വൈഭവിന് കഴിയുന്നത്.ഗുജറാത്തിനെതിരായ മത്സരത്തില്‍ വൈഭവിന്റെ പല സിക്സറുകളും 90 മീറ്റര്‍ ദൂരം പിന്നിട്ടതിനു പിന്നിലെ രഹസ്യമിതാണെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

വൈഭവിനെ പുകഴ്ത്തി മതിയാവാതെ താരങ്ങള്‍

കഴിഞ്ഞ പതിനെട്ട് സീസണുകളിലായി എണ്ണമറ്റ താരങ്ങളെ ലോകത്തിന് സംഭാവന ചെയ്ത ടൂര്‍ണമെന്റാണ് ഐപിഎല്‍. ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ ജസ്പ്രീത് ബുമ്ര, ഹര്‍ദിക് പാണ്ഡ്യ എന്നിവരൊക്കെയും ഇതില്‍ ഉള്‍പ്പെട്ടവരാണ്. കൂടാതെ പല വിദേശ താരങ്ങള്‍ക്കും അവരുടെ ദേശീയ ടീമിലേക്ക് വഴി തുറന്നും ഐപിഎല്ലിലെ പ്രകടനങ്ങള്‍ തന്നെ.ഇനിയുമെത്രയോ താരങ്ങള്‍ ഐപിഎല്ലില്‍ നിന്ന് ഉയര്‍ന്നുവരികയും ചെയ്യും.

അത്തരത്തില്‍ ഐപിഎല്ലില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ച മറ്റൊരു താരോദയമാണ് വൈഭവ് സൂര്യവംശി. വെറും പതിനാല് വയസ് മാത്രം പ്രായമുള്ള വൈഭവിനെ സംബന്ധിച്ച് ഐപിഎല്‍ തികച്ചും പുതിയൊരു വേദിയായിരുന്നു. എന്നിട്ടും യാതൊരു സഭാകമ്പവും കൂടാതെ ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലെ പിങ്കില്‍ മുങ്ങിയ കാണികളെ സാക്ഷിയാക്കി താരം ഐപിഎല്ലിലെ തന്റെ കന്നി സെഞ്ച്വറി നേടുകയായിരുന്നു.

ഇപ്പോഴിതാ താരത്തെ പുകഴ്ത്തി മുന്‍ താരങ്ങള്‍ രംഗത്ത് വന്നിരിക്കുകയാണ്.സച്ചിന്‍ ടെന്‍ഡുകള്‍ക്കര്‍,സഞ്ജയ് മഞ്ജരേക്കര്‍, സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിംഗ്, യുവരാജ് എന്നിങ്ങനെ മുന്‍ താരങ്ങള്‍ വലിയ രീതിയില്‍ വൈഭവ് സൂര്യവംശിയെ പ്രശംസ കൊണ്ട് മൂടുകയാണ് ചെയ്യുന്നത്.'വൈഭവിന്റെ നിര്‍ഭയമായ സമീപനം, ബാറ്റിങ് വേഗം, തുടക്കത്തില്‍ തന്നെ ലെങ്ത് കണ്ടെത്തിയത്, കൈകളിലെ ഊര്‍ജം പന്തിലേക്ക് എത്തിക്കല്‍ എന്നിവയാണ് ആ അതിശയകരമായ ഇന്നിങ്സിന് പിന്നിലെ പാചകക്കുറിപ്പ്. അന്തിമഫലം: 38 പന്തില്‍ നിന്ന് 101 റണ്‍സ്, നന്നായി കളിച്ചു, സച്ചിന്‍ എക്‌സില്‍ കുറിച്ചു.

'അവന് 14 വയസായി, പക്ഷേ 30 വയസുകാരന്റെ മനസാണ്. വര്‍ഷങ്ങളായി പന്തെറിയുന്ന ബൗളര്‍മാരുടെ മുന്നില്‍ വൈഭവ് സൂര്യവംശി ആത്മവിശ്വാസത്തോടെ കാണപ്പെട്ടു' എന്നായിരുന്നു മഞ്ജരേക്കര്‍ പറഞ്ഞത്.35 പന്തില്‍ സെഞ്ച്വറി നേടിയ സൂര്യവംശി മുന്‍ രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്സ്മാന്‍ യൂസഫ് പത്താന്റെ ഏറ്റവും വേഗമേറിയ ഇന്ത്യന്‍ സെഞ്ച്വറി എന്ന റെക്കോര്‍ഡ് തകര്‍ത്തു. തന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കിയ താരത്തെ പ്രശംസിക്കാന്‍ യുസഫ് പത്താനും എത്തി.


 



'ഒരു ഇന്ത്യക്കാരന്റെ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന എന്റെ റെക്കോര്‍ഡ് തകര്‍ത്തതിന് വൈഭവ് സൂര്യവംശിക്ക് അഭിനന്ദനങ്ങള്‍! രാജസ്ഥാനായി കളിക്കുമ്പോള്‍ അത് സംഭവിക്കുന്നത് കാണുന്നത് അതിലും സവിശേഷമാണ്, യുവാക്കള്‍ക്കായി ഈ ഫ്രാഞ്ചൈസിയില്‍ ശരിക്കും മാന്ത്രികമായ എന്തോ ഒന്ന് ഉണ്ട്. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്, ചാംപ്യന്‍!' യൂസഫ് പത്താന്‍ കുറിച്ചു.

14 വയസ്സില്‍ നിങ്ങള്‍ എന്ത് ചെയ്യുകയായിരുന്നു, എന്ന ചോദ്യവുമായി ആണ് യുവരാജ് സിങ് എത്തിയത്. '14-ാം വയസ്സില്‍ നിങ്ങള്‍ എന്താണ് ചെയ്തത്? ഈ കുട്ടി ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരെ കണ്ണിമ ചിമ്മാതെ നേരിടുന്നു! വൈഭവ് സൂര്യവംശി - പേര് ഓര്‍ക്കുന്നുണ്ടോ! ഭയമില്ലാത്ത മനോഭാവത്തോടെ കളിക്കുന്നു. അടുത്ത തലമുറ തിളങ്ങുന്നത് കാണുന്നതില്‍ അഭിമാനിക്കുന്നു!' യുവരാജ് കുറിച്ചു.

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ക്രിസ് ശ്രീകാന്ത് സൂര്യവംശിയെ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്നാണ് വിളിച്ചത്.'14-ാം വയസ്സില്‍, മിക്ക കുട്ടികളും ഐസ്‌ക്രീം സ്വപ്നം കാണുന്നു, കഴിക്കുന്നു. ഐപിഎല്ലില്‍ വൈഭവ് സൂര്യവംശി അതിശയകരമായ 100 റണ്‍സ് നേടുന്നു! വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ആത്മസംയമനം, ക്ലാസ്, ധൈര്യം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടുത്ത സൂപ്പര്‍സ്റ്റാര്‍ ഇതാ,' ശ്രീകാന്ത് പറഞ്ഞു.'വൈഭവ് സൂര്യവംശി, അവിശ്വസനീയ പ്രതിഭയെന്നാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമി കുറിച്ചത്. 14 വയസ്സില്‍ സെഞ്ച്വറി നേടുന്നത് തികച്ചും അത്ഭുതമാണ്' മുന്‍ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജ് പറഞ്ഞു.

ഭാവിയില്‍ അദ്ദേഹം ക്രിക്കറ്റ് ഭരിക്കും. വൈഭവ് സൂര്യവംശി തന്റെ കഴിവ് തെളിയിക്കും എന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരവും ഐപിഎല്‍ ഇതിഹാസവുമായ സുരേഷ് റെയ്‌ന പറഞ്ഞത്.വേഗത്തിലുള്ള ഫുട്വര്‍ക്കും ലെഗ് സൈഡിന് മുകളിലൂടെയുള്ള ശക്തമായ റിസ്റ്റി ഹിറ്റിംഗും സൂര്യവംശിയുടെ ബാറ്റിംഗില്‍ യുവരാജ് സിംഗിന്റെയും ബ്രയാന്‍ ലാറയുടെയും ഛായകള്‍ പ്രകടമാക്കി എന്നാണ് വിലയിരുത്തല്‍.മാത്രമല്ല നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഇക്കാര്യത്തില്‍ ഒട്ടും മടി കാട്ടിയിട്ടില്ല.

ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തില്‍ തുടങ്ങി ഐപിഎലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ചറി വരെ നീളുന്ന റെക്കോര്‍ഡുകളുടെ പെരുമഴ പെയ്യിച്ചാണ് ഗുജറാത്തിനെതിരായ മത്സരത്തില്‍ വൈഭവ് ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയത്. ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ഈ പ്രതിഭയുടെ വിസ്മയക്കാഴ്ച്ചകള്‍ക്ക് കൂടിയാണ്.

Tags:    

Similar News