യൂട്യൂബ് വീഡിയോസിൽ നിന്നും കള്ളനോട്ട് അടിക്കാൻ പഠിച്ചു; സ്റ്റാമ്പ് പേപ്പറിൽ യുവാക്കൾ നിർമിച്ചത് 30,000 രൂപയുടെ വ്യാജ നോട്ടുകൾ; രണ്ട് പേർ പിടിയിൽ
ലഖ്നൗ: കള്ളനോട്ട് അടിച്ച് പ്രചരിപ്പിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ സോൻഭദ്ര ജില്ലയിലാണ് സംഭവം. 30,000 രൂപയുടെ കള്ളനോട്ട് നിർമ്മിച്ച പ്രതികൾ ഈ വ്യാജ നോട്ടുകൾ പ്രചരിപ്പിക്കുകയായിരുന്നു. സതീഷ് റായി, പ്രമോദ് മിശ്ര എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 500 രൂപയുടെ വ്യാജ നോട്ടുകളാണ് പ്രതികൾ അച്ചടിച്ചത്. പിടിയിലായവരിൽ നിന്നും 500 രൂപയുടെ 20 കള്ളനോട്ടുകളും പോലീസ് പിടിച്ചെടുത്തു.
മിർസാപൂരിൽ നിന്ന് വാങ്ങിയ 10 രൂപയുടെ സ്റ്റാമ്പ് പേപ്പറിലായിരുന്നു നോട്ടുകൾ അച്ചടിച്ചത്. സ്റ്റാമ്പ് പേപ്പറുകളിൽ കമ്പ്യൂട്ടര്‍ പ്രിന്റ് ചെയ്താണ് പ്രതികൾ 500 രൂപയുടെ നോട്ടുകൾ നിർമിച്ചത്. എല്ലാ നോട്ടുകൾക്കും ഒരേ സീരിയൽ നമ്പറായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സോൻഭദ്രയിലെ രാംഗഡ് മാർക്കറ്റിൽ 10,000 രൂപയുടെ വ്യാജ കറൻസി ചെലവഴിക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്.
പ്രതികൾ നിർമിച്ച നോട്ടുകൾ വ്യാജമാണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. കറൻസിയെ കുറിച്ച് കൃത്യമായി ധാരണയില്ലാത്തവര്‍ക്ക് അവ യഥാർത്ഥമല്ലെന്ന് തിരിച്ചറിയാൻ കഴിയില്ലെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് കാലു സിംഗ് പറഞ്ഞു. യുട്യൂബ് സഹായത്തോടെയാണ് നോട്ടുകൾ പ്രിന്റ് ചെയ്യുന്നതെങ്ങനെയെന്ന് പ്രതികൾ മനസ്സിലാക്കിയത്.
പ്രതികളിൽ നിന്ന് വ്യാജ നോട്ടുകൾ കൂടാതെ ഒരു ആൾട്ടോ കാർ, നോട്ട് അച്ചടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ലാപ്ടോപ്പ്, പ്രിന്റര്‍, 27 സ്റ്റാമ്പ് പേപ്പറുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. പ്രതികളെ ചോദ്യം,ചെയ്തു വരികയാണ്.