ബെല്ലാരിയില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ബെല്ലാരിയില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Update: 2026-01-02 08:03 GMT

ബംഗളൂരു: കര്‍ണാടകത്തിലെ ബെല്ലാരിയില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാജശേഖറാണ് വെടിയേറ്റു മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വാത്മീകി ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ബാനര്‍ കെട്ടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്.

കോണ്‍ഗ്രസ് എംഎല്‍എ നര ഭാരത് റെഡ്ഡിയുടെയും ബിജെപി എംഎല്‍എ ഗാലി ജനാര്‍ദ്ദന റെഡ്ഡിയുടെയും അനുയായികള്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ജനാര്‍ദ്ദന റെഡ്ഡിയുടെ വസതിക്ക് മുന്നില്‍ ഭാരത് റെഡ്ഡിയുടെ അനുയായികള്‍ ബാനര്‍ സ്ഥാപിച്ചതിനെ ബിജെപി പ്രവര്‍ത്തകര്‍ എതിര്‍ത്തതാണ് പ്രകോപനത്തിന് കാരണം.

വാക്കുതര്‍ക്കം സംഘര്‍ഷമായതോടെ ഇരുവിഭാഗവും പരസ്പരം കല്ലേറു നടത്തി. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെയും ആക്രമണമുണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടയില്‍ ഒരാള്‍ തോക്കുമായി നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, ഭാരത് റെഡ്ഡിയും പിതാവ് സൂര്യനാരായണ റെഡ്ഡിയും ചേര്‍ന്ന് തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ബാനര്‍ വിവാദം ഇതിനായി സൃഷ്ടിച്ചതാണെന്നും ജനാര്‍ദ്ദന റെഡ്ഡി ആരോപിച്ചു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വെടിയുണ്ടകള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവില്‍ ഇരുവിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News