ഷൂട്ടിങ് കഴിഞ്ഞ് കുളിക്കാന്‍ നദിയില്‍ ഇറങ്ങി; നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ നര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി

Update: 2025-04-25 05:15 GMT

മറാഠി സിനിമയായ 'രാജാ ശിവാജി'യുടെ ചിത്രീകരണത്തിനിടെ കാണാതായ കൊറിയോഗ്രാഫി സംഘത്തിലെ അംഗമായ സൗരഭ് ശര്‍മ (26)യുടെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ കൃഷ്ണ-വെന്ന നദികളുടെ സംഗമസ്ഥലമായ സംഘം മഹൗലിയില്‍ നിന്നാണ് മൃതദേഹം വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്.

ചിത്രത്തിലെ ഗാനരംഗം പൂര്‍ത്തിയാക്കിയതിനെതുടര്‍ന്ന് സൗരഭ് കുളിക്കാനായി നദിയിലിറങ്ങിയപ്പോഴാണ് ദുരന്തം നടന്നത്. കൈ വൃത്തിയാക്കിയ ശേഷം സൗരഭ് നീന്താനായി പുഴയിലിറങ്ങി. തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ടുപോവുകയായിരുന്നു.

കഴിഞ്ഞ രണ്ടുദിവസമായി പോലീസും റെസ്‌ക്യു ടീമും ചേര്‍ന്ന് നടത്തിയ തിരച്ചിലിന് ശേഷമാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. വെളിച്ചം കുറഞ്ഞതിനെ തുടര്‍ന്ന് തിരച്ചില്‍ രാത്രിയില്‍ അവസാനിപ്പിക്കേണ്ടിവന്നിരുന്നു. ബുധനാഴ്ചയും തിരച്ചില്‍ തുടര്‍ന്നു. സംഭവത്തെ സംബന്ധിച്ച് സത്താറ പോലീസ് അപകടമരണം എന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചിത്രത്തില്‍ പ്രധാനവേഷം അവതരിപ്പിക്കുന്നതും നിര്‍മാണത്തില്‍ സജീവമായി പങ്കെടുക്കുന്നതും പ്രശസ്തനായ നടന്‍ റിതേഷ് ദേശ്മുഖാണ്. അപകടം സിനിമാ സംഘത്തെയും ആരാധകരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Tags:    

Similar News