ബംഗളൂരുവില്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു; ഹൈദര്‍ അലിയെ അജ്ഞാതസംഘം ആക്രമിച്ചു കൊലപ്പെടുത്തിയത് ഞായറാഴ്ച്ച പുലര്‍ച്ചെ
ബംഗളൂരുവില്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു
ബംഗളൂരു: ബംഗളുരു നഗരത്തില്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു. ഹൈദര്‍ അലിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായത്. ബൈക്കില്‍ വീട്ടിലേക്ക് തിരിച്ച് വരുന്നതിനിടെയാണ് ഹൈദര്‍ അലിയെ അജ്ഞാതസംഘം ആക്രമിച്ചത്. തുടര്‍ന്ന് അക്രമിസംഘം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി അലിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തുടര്‍ന്ന് അലിയുടെ അനുയായികള്‍ ആയുധങ്ങളുമായി ആശുപത്രിയിലേക്ക് എത്തുകയും ഗേറ്റ് തകര്‍ക്കുകയും ചെയ്തു. പിന്നീട് അശോക് നഗര്‍ പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
അലിയുടെ മരണത്തില്‍ കേസെടുത്ത പൊലീസ് പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിന് വേണ്ടി പ്രത്യേക സംഘത്തേയും പൊലീസ് നിയോഗിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എ എന്‍ ഹാരിസിന്റെ അടുത്ത അനുയായി ആണ് അലി. അദ്ദേഹത്തിന് വേണ്ടി ഹൈദര്‍ അലി തെരഞ്ഞെുപ്പ് പ്രചാരണം നടത്തിയിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായതെന്ന് സെന്‍ട്രല്‍ ഡിവിഷന്‍ ഡി.സി.പി എച്ച്.ടി ശേഖര്‍ പറഞ്ഞു. അലിയുടെ വാഹനം കാര്‍ ഉപയോഗിച്ച് അക്രമികള്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് ക്രൂരമായ കൊലപാതകം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.