വർഷങ്ങൾ പഴക്കമുള്ള കിണർ വൃത്തിയാക്കാനിറങ്ങി; വിഷവാതകം ശ്വസിച്ച് 8 പേർക്ക് ദാരുണാന്ത്യം; മൂന്ന് പേർ രക്ഷിക്കാനിറങ്ങിയവർ; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി; ധനസഹായവും പ്രഖ്യാപിച്ചു

Update: 2025-04-04 04:39 GMT

ഭോപ്പാൽ: വർഷങ്ങൾ പഴക്കമുള്ള കിണർ വൃത്തിയാക്കാൻ വേണ്ടി ഇറങ്ങിയ എട്ട് പേർ വിഷവാതകം ശ്വസിച്ച് മരിച്ചതായി വിവരങ്ങൾ. മധ്യപ്രദേശിലെ കൊണ്ടാവത്ത് ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗംഗോർ ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിഗ്രഹ നിമജ്ജനത്തിനായി ഗ്രാമവാസികൾ ചേർന്ന് കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം നടന്നത്.

ഏകദേശം 150 വർഷം പഴക്കമുള്ള ഒരു സ്വകാര്യ വ്യക്തിയുടെ കിണറിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനായി ഗ്രാമവാസികൾ ഇറങ്ങിയപ്പോഴാണ് അപകടം നടന്നത്. ഇവർ ശ്വസിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയവരാണ് മരിച്ച ബാക്കി മൂന്ന് പേർ.

ജില്ലാ ഭരണകൂടം, പോലീസ്, എസ്ഡിആർഎഫ് ടീമുകൾ എന്നിവരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ട് മൃതദേഹങ്ങളും കിണറ്റിൽ നിന്ന് കണ്ടെടുത്തു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അനുശോചനം രേഖപ്പെടുത്തി.

മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. അപകടത്തിന് പിന്നാലെ കിണർ അടച്ചുപൂട്ടി. കിണറിലെ വിഷവാതകം ശ്വാസംമുട്ടലിനും മുങ്ങിമരണത്തിനും കാരണമായെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

Tags:    

Similar News