ടേക്ക് ഓഫിന് തൊട്ടുമുമ്പ് ടോയ്‌ലറ്റിൽ കയറി; പൊടുന്നനെ അനുവാദമില്ലാതെ കോ-പൈലറ്റ് ചെയ്തത്; അപമാന ഭാരം കൊണ്ട് തലകുനിച്ചുവെന്ന് യുവതി; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച

Update: 2025-08-19 12:56 GMT

മുംബൈ: ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ഫസ്റ്റ് ഓഫീസറുടെ (സഹ പൈലറ്റ്) അതിക്രമം. ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിലെ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനിടെ അനുവാദമില്ലാതെ അകത്തേക്ക് കയറിയെന്നാണ് പരാതി. സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സ്വർണ്ണ വ്യാപാര സ്ഥാപനമായ സേഫ്ഗോൾഡിന്റെ സഹസ്ഥാപകയും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് പൂർവ്വ വിദ്യാർത്ഥിനിയുമായ റിയ ചാറ്റർജിയാണ് തനിക്ക് നേരിട്ട ദുരനുഭവം സാമൂഹിക മാധ്യമമായ ലിങ്ക്ഡ്ഇൻ വഴി പങ്കുവെച്ചത്.

ഓഗസ്റ്റ് എട്ടിന് രാത്രി വൈകിയുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യവേയാണ് സംഭവം. വിമാനത്തിലെ മുൻഭാഗത്തെ ടോയ്‌ലറ്റ് ഉപയോഗിക്കാൻ തുടങ്ങിയ റിയ, വാതിൽ അകത്തുനിന്നും പൂട്ടിയെങ്കിലും പുറത്തുനിന്നും ആരോ മുട്ടുന്നത് കേട്ടു. വീണ്ടും വാതിലിൽ മുട്ടി, പിന്നീട് വാതിൽ ബലമായി തുറന്ന് ഒരു പുരുഷ ജീവനക്കാരൻ അകത്തേക്ക് നോക്കിയതായി റിയ പറയുന്നു. "ഓ" എന്ന് മാത്രം പറഞ്ഞ് അയാൾ വാതിൽ അടച്ചെന്നും ഇത് തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചെന്നും അപമാനഭാരം കൊണ്ട് തലകുനിച്ച് പോയെന്നും റിയ കുറിച്ചു.

90 മിനിറ്റ് നീണ്ട വിമാനയാത്രയിൽ അസ്വസ്ഥത അനുഭവിച്ചതായും, സംഭവത്തെക്കുറിച്ച് മറ്റ് ജീവനക്കാർക്ക് പരാതി നൽകിയപ്പോൾ അവർ നിസ്സാരവൽക്കരിക്കുകയായിരുന്നെന്നും റിയ ആരോപിച്ചു. ജീവനക്കാർ സംഭവം അത്ര കാര്യമായി എടുക്കേണ്ടതില്ലെന്നും, ജീവനക്കാരൻ ഒന്നും കണ്ടിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും പറഞ്ഞതായി അവർ വെളിപ്പെടുത്തി. ക്യാപ്റ്റനെയും ഫസ്റ്റ് ഓഫീസറെയും കാണാൻ ആവശ്യപ്പെട്ടെങ്കിലും കോക്ക്പിറ്റിൽ പോയി കാണാനാണ് നിർദ്ദേശിച്ചതെന്നും ഇത് കൂടുതൽ ആശങ്കയുണ്ടാക്കിയെന്നും റിയ കൂട്ടിച്ചേർത്തു.

വിമാനം നിലത്തിറങ്ങിയ ശേഷം ഇൻഡിഗോയുടെ നേതൃത്വവുമായി ബന്ധപ്പെട്ടപ്പോൾ, സംഭവം അസൗകര്യമുണ്ടാക്കിയെന്നും ജീവനക്കാരൻ ഖേദം അറിയിച്ചെന്നും മാത്രമാണ് മറുപടി ലഭിച്ചതെന്നും റിയ അറിയിച്ചു. നഷ്ടപരിഹാരമായി വിമാന ടിക്കറ്റിന്റെ പണവും വൗച്ചറും വാഗ്ദാനം ചെയ്തെങ്കിലും താൻ അത് നിരസിച്ചെന്നും, ഇത് ഒരു വ്യക്തിപരമായ പ്രശ്നമായല്ല മറിച്ച് വിമാനത്തിലെ സുരക്ഷയുടെയും യാത്രക്കാരുടെ അവകാശങ്ങളുടെയും പ്രശ്നമായാണ് കാണുന്നതെന്നും അവർ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ ഉണ്ടാകണമെന്നും റിയ ആവശ്യപ്പെട്ടു.

Tags:    

Similar News