സമൂഹ മാധ്യമങ്ങളിലൂടെ ഭീകര സംഘടനയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചു; വ്യാജ കറൻസി റാക്കറ്റ് നടത്തി; ഗുജറാത്തിൽ അൽ–ഖായിദയുമായി ബന്ധമുള്ള നാലുപേര് ഭീകരവിരുദ്ധ സ്ക്വാഡിന്റെ പിടിയിൽ

Update: 2025-07-23 15:27 GMT

ന്യൂഡൽഹി: ഗുജറാത്തിൽ അൽ–ഖായിദയുമായി ബന്ധമുള്ള നാലുപേരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഫായിഖ്, മുഹമ്മദ് ഫർദീൻ, സെഫുള്ള ഖുറേഷി, സീഷാൻ അലി എന്നിവരെയാണ്(എടിഎസ്) അറസ്റ്റ് ചെയ്തത്. വ്യാജ കറൻസി റാക്കറ്റ് നടത്തുകയും ഭീകര സംഘടനയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയും ചെയ്തതിനായിരുന്നു അറസ്റ്റ്.

ഭീകരസംഘടനയായ അൽ-ഖായിദയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളും സംശയാസ്പദമായ ആപ്പുകളും ഇവർ ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയതായി എടിഎസ് അറിയിച്ചു. ആശയവിനിമയത്തിന്റെ തെളിവ് നശിപ്പിക്കാൻ ഇവർ ഓട്ടോ-ഡിലീറ്റ് ആപ്പ് ഉപയോഗിച്ചുവെന്നും പ്രതികളെ ചോദ്യം ചെയ്തുവരുകയാണെന്നും എടിഎസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ജൂൺ 10ന് അൽ–ഖായിദ ആശയങ്ങൾ പ്രചരിപ്പിക്കുന്ന അഞ്ച് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളെക്കുറിച്ച് ഡെപ്യൂട്ടി എസ്പി ഹർഷ് ഉപാധ്യായയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. ഈ അക്കൗണ്ടുകൾ രാജ്യത്തിനും ജനാധിപത്യത്തിനും എതിരായ മതപരമായ അടിസ്ഥാനത്തിലുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഉപയോഗിച്ചിരുന്നതായാണ് ഡെപ്യൂട്ടി എസ്പി ഹർഷ് ഉപാധ്യായ പറഞ്ഞത്.

ഇവരുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തുന്നതിനുമായി ഒരു സാങ്കേതിക സംഘത്തെ രൂപീകരിച്ചു. അറസ്റ്റിലായ നാലുപേരും ഇതിൽ ഉൾപ്പെട്ടതായി കണ്ടെത്തിയതായും നിരീക്ഷണത്തിൽ നിന്നും ഇവരുടെ നീക്കങ്ങൾ സംശയാസ്പദമായിരുന്നതായ് കണ്ടെത്തിയതായും ഹർഷ് ഉപാധ്യായ വ്യക്തമാക്കുന്നു. 

Tags:    

Similar News