അജ്ഞാതരായ മൂന്നുപേർ കോടതിക്കുള്ളിലെത്തി; പിന്നാലെ വെടിവെയ്പ്പ്; മൂന്ന് പ്രാവശ്യം വെടിയുതിര്‍ത്തു; പൊട്ടിത്തെറി ശബ്ദത്തിൽ ആളുകൾ കുതറിയോടി; അന്വേഷണം തുടങ്ങി
അംബാല: ഹരിയാനയിലെ അംബാലയിൽ കോടതിക്കുള്ളില്‍ വ്യാപക വെടിവെപ്പ്. എസ്.യു.വിയിൽ എത്തിയ അജ്ഞാതരായ മൂന്നുപേരാണ് അംബാല സിറ്റി കോടതി കോംപ്ലക്‌സിൽ എത്തി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തത്. വെടിവെപ്പിന് ശേഷം അക്രമികൾ അവിടെ നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു. ക്രിമിനല്‍ കേസില്‍ കോടതിയില്‍ ഹാജരാകാൻ എത്തിയ യുവാവിനുനേരെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
സ്ഥലത്തുനിന്ന് ഒഴിഞ്ഞ മൂന്ന് കാട്രിഡ്ജുകള്‍ പോലീസ് കണ്ടെടുത്തു. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുകയാണ്. പ്രതികള്‍ക്കായി ഊര്‍ജ്ജിതമായ തിരച്ചില്‍ നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
കറുത്ത നിറമുള്ള കാറിൽ എത്തിയ മൂന്നുപേരാണ് അക്രമികള്‍ എന്ന് ദൃക്‌സാക്ഷി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.