ഇന്ത്യ- പാക് ഡിജിഎംഒമാര്‍ ഹോട്ട്‌ലൈനില്‍ സംസാരിച്ചു; വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണ; ചര്‍ച്ച തുടരും; ഡ്രോണ്‍, ഷെല്ലാക്രമണങ്ങള്‍ നിലച്ചതോടെ അതിര്‍ത്തി ശാന്തം

ഇന്ത്യ- പാക് ഡിജിഎംഒമാര്‍ ഹോട്ട്‌ലൈനില്‍ സംസാരിച്ചു

Update: 2025-05-12 14:03 GMT

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലുമായി മുന്നോട്ടുപോകാന്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച തുടരും. ഇരു സേനകളുടെയും മിലിറ്ററി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ തലത്തില്‍( ഡിജിസിഎ) ചര്‍ച്ച നടത്തി. ഇന്ന് വൈകിട്ടോടെ ആരംഭിച്ച ചര്‍ച്ച 30 മിനിറ്റോളമാണ് നീണ്ടു നിന്നത്.

ഇന്ന് വൈകിട്ട് ഹോട്ട്ലൈന്‍ വഴിയാണ് ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാര്‍ ചര്‍ച്ച നടത്തിയത്. സൈനിക തലത്തിലല്ലാതെ മറ്റു ചര്‍ച്ചകള്‍ക്കില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. സിന്ധു നദീജല കരാര്‍ മരവിപ്പിക്കലില്‍ മാറ്റമുണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

കഴിഞ്ഞ രാത്രി ഡ്രോണ്‍ ആക്രമണവും, ഷെല്ലാക്രമണവും അടക്കം വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച അതിര്‍ത്തില്‍ ഉടനീളം സമാധാനപരമായ ദിവസമായിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി 8 മണിക്കാണ് അഭിസംബോധന ചെയ്യുന്നത്. ഓപ്പറേഷന്‍ സിന്ദൂിനും, പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തലിനും ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി പൊതുപ്രസ്താവന നടത്തുന്നത്. രണ്ടുദിവസം മുമ്പാണ് കരയിലും, കടലിലും, ആകാശത്തിലുമുള്ള എല്ലാ സൈനിക നടപടിയും നിര്‍ത്തി വയ്ക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ധാരണയായത്.

തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, സേനാ മേധാവികള്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഐബി, റോ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Tags:    

Similar News