''ഇതൊരു കോഫീ ഷോപ്പല്ല, യെസ് എന്ന് പറയണം, ഇത് കോടതിയാണ്''; അഭിഭാഷകനെ ശാസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്

Update: 2024-09-30 14:02 GMT

ന്യൂഡല്‍ഹി: കോടതിയെ അഭിസംബോധന ചെയ്യുമ്പോള്‍ 'യാ' എന്ന വാക്ക് ഉപയോഗിച്ചതിന് അഭിഭാഷകനെ ശാസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. 'യാ' പ്രയോഗം തനിക്ക് അലര്‍ജിയുണ്ടാക്കുന്നതാണെന്നും ഇത് കോടതിമുറിയാണ് കഫേ അല്ലെന്നും ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു. കൂടാതെ കോടതി മുറിയിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും ഓർമ്മപ്പെടുത്തി.

മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് 2018-ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദത്തിനിടെയാണ് സംഭവം. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ചോദ്യത്തിന് ലഭിച്ച മറുപടിയാണ് ശകാരത്തിന് വഴിയൊരുക്കിയത്.

ഇതൊരു ആര്‍ട്ടിക്കിള്‍ 32 ഹര്‍ജിയാണോയെന്നും ഒരു ജഡ്ജിയെ പ്രതിയാക്കി നിങ്ങള്‍ക്കെങ്ങനെ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്യാനാകുമെന്നും ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് അഭിഭാഷകന്‍ 'യാ, യാ' എന്ന് പറഞ്ഞുകൊണ്ടാണ് മറുപടി തുടങ്ങിയത്.

ഇതോടെ ചീഫ് ജസ്റ്റിസ് ഇടപെടല്‍ നടത്തി. 'ഇതൊരു കോഫീ ഷോപ്പല്ല, എന്താണ് യാ, യാ. യെസ് എന്ന് പറയണം. ഇത് കോടതിയാണ്. ഈ യാ, യാ എനിക്ക് വളരെ അസ്വസ്ഥതയുണ്ടാക്കുന്നു. ഇത് അനുവദിക്കാനാകില്ല' ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

ഇത് ആദ്യമായല്ല ചീഫ് ജസ്റ്റിസ് കോടതി മുറിയിലെ മര്യാദകളെ കുറിച്ച് ഓർമപ്പെടുത്തുന്നത്. മാർച്ചിൽ, നീറ്റ്- യുജി ഹിയറിംഗിനിടെ മുതിർന്ന അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയെ ചൂടേറിയ വാക്കുതർക്കതൊനൊടുവിൽ കോടതി മുറിയിൽ നിന്നും പുറത്താക്കിയിരുന്നു.

Tags:    

Similar News