കശ്മീര്‍ അതിര്‍ത്തിയില്‍ മഞ്ഞില്‍ കാണാതായ സൈനികരുടെ മൃതദേഹം കണ്ടെത്തി; അന്ത്യം സംഭവിച്ചത് കൊടും തണുപ്പ് കാരണം ഹൈപ്പോതെര്‍മിയ ബാധിച്ചാവാമെന്ന് നിഗമനം

കശ്മീര്‍ അതിര്‍ത്തിയില്‍ മഞ്ഞില്‍ കാണാതായ സൈനികരുടെ മൃതദേഹം കണ്ടെത്തി

Update: 2025-10-11 10:47 GMT

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ കൊക്കര്‍നാഗ് വനത്തില്‍ തിങ്കളാഴ്ച മുതല്‍ കാണാതായ രണ്ട് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒരാളുടെ മൃതദേഹം വ്യാഴാഴ്ചയും രണ്ടാമത്തേത് ഒരു ദിവസത്തിന് ശേഷവുമാണ് കണ്ടെത്തിയത്. 5 പാരാ എസ്എഫ് യൂണിറ്റിലെ രണ്ട് എലൈറ്റ് പാരാട്രൂപ്പര്‍മാരെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്.

ലാന്‍സ് ഹവില്‍ദാര്‍ പലാഷ് ഘോഷ്, ലാന്‍സ് നായിക് സുജയ് ഘോഷ് എന്നിവരാണ് തണുപ്പില്‍ മരിച്ചത്. ഇവര്‍ മരിച്ചത് കൊടും തണുപ്പ് കാരണമാകാമന്നാണ് നിഗമനം. കൊടും തണുപ്പുള്ള ചെങ്കുത്തായ വനപ്രദേശമാണ്. ഇത്രയും കനത്ത മഞ്ഞുവീഴ്ച സുരക്ഷാ സേന പ്രതീക്ഷിച്ചിരുന്നില്ല എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തു. തിങ്കളാഴ്ച മുതല്‍ പ്രദേശത്തെ താപനില 10 ഡിഗ്രി കുറഞ്ഞു, പല ഭാഗങ്ങളും നിരവധി അടി മഞ്ഞിനടിയില്‍ കിടക്കുന്നു.

സൈന്യത്തിന് കോമ്പിംഗ് ഓപ്പറേഷനില്‍ ഏര്‍പ്പെട്ടിരുന്ന എലൈറ്റ് പാരാ കമാന്‍ഡോകളുമായുള്ള ഇരുവരുടെ ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. കൊക്കര്‍നാഗിലെ ഗഡോളിലെ ഇടതൂര്‍ന്ന വനഭാഗത്താണ് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവരുടെ ബാക്ക്പാക്കുകളും സര്‍വീസ് ആയുധങ്ങളും സമീപത്ത് നിന്ന് കണ്ടെത്തി.

''ഒക്ടോബര്‍ 6/7 ന്റെ ഇടയിലുള്ള രാത്രിയില്‍, കിഷ്ത്വാര്‍ റേഞ്ചിലെ ഒരു ഓപ്പറേഷന്‍ ടീം, ദക്ഷിണ കശ്മീരിലെ പര്‍വതനിരകളില്‍ ഒരു കടുത്ത മഞ്ഞുവീഴ്ചയും വൈറ്റ് ഔട്ട് സാഹചര്യങ്ങളും നേരിട്ടു. അതിനുശേഷം, രണ്ട് സൈനികര്‍ക്ക് ആശയവിനിമയം നഷ്ടപ്പെട്ടു,'' ശ്രീനഗറിലെ ആര്‍മിയുടെ 15 കോര്‍പ്‌സ് തല്‍ എഴുതി.

Tags:    

Similar News