നാഗാലാൻഡിൽ ഗ്രാമീണർ കൊലപ്പെട്ട സംഭവം; മേജർ ഉൾപ്പെടെ 30 സൈനികർക്കെതിരായ നടപടി അവസാനിപ്പിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: 2021 ഡിസംബറിൽ നാഗാലാൻഡിലെ മോൺ ജില്ലയിൽ നടന്ന കലാപ വിരുദ്ധ ഓപ്പറേഷനിൽ 13 ആദിവാസികളെ കൊലപ്പെടുത്തിയ സൈനിക ഉദ്യോഗസ്ഥർക്കെർക്ക് ആശ്വാസ നടപടിയുമായി സുപ്രീം കോടതി. തീവ്രവാദികളെന്നുധരിച്ചായിരുന്നു നാഗാലാൻഡിൽ ഗ്രാമീണരെ കൊലപ്പെടുത്തിയത്. സംഭവത്തിലും തുടർന്നുണ്ടായ സംഘർഷത്തിലും ഒരു മേജർ ഉൾപ്പെടെ 30 സൈനികർ പ്രതിചേർക്കപ്പെട്ടിരുന്നു. ഇവർക്കെതിരായ ക്രിമിനൽ നടപടികൾ അവസാനിപ്പിച്ചതായാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.
മൂന്ന് ഉദ്യോഗസ്ഥരുടെ ഭാര്യമാരായ റബീന ഘാലെ, തുളസി ദേവി, അഞ്ജലി എന്നിവർ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഉത്തരവ്. സായുധ സേനയുടെ പ്രത്യേക അധികാരത്തിലെ സെക്ഷൻ 6 ലംഘിച്ച് ക്രിമിനൽ നടപടികൾ ആരംഭിക്കാനുള്ള നാഗാലാൻഡ് സർക്കാരിൻ്റെ അധികാരത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലായിരുന്നു ഒരു മേജർ ഉൾപ്പെടെ 30 സൈനികർക്ക് ആശ്വാസമായി സുപ്രീം കോടതി വിധി വന്നത്.
ജസ്റ്റിസുമാരായ വിക്രംനാഥ്, പി.ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. നേരത്തെ, നാഗാലാൻഡ് സർക്കാർ സൈനികർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിരുന്നു. എന്നാൽ, അഫ്സ്പ നിയമത്തിന്റെ ചില വകുപ്പുകൾ ചൂണ്ടിക്കാട്ടി 2023 ഫെബ്രുവരിയിൽ കേന്ദ്രം പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകിയിരുന്നില്ല.
കുറ്റം ചുമത്തപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾക്ക് അനുസൃതമായി നടപടികൾ അവസാനിപ്പിച്ചതായും, സായുധ സേനയുടെ പ്രത്യേക അധികാരത്തിലെ സെക്ഷൻ 6 നിയമത്തിന് കീഴിലുള്ള ഏതെങ്കിലും അധികാരം വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചാർജ് ചെയ്യപ്പെട്ട എഫ്ഐആറുകളെ അടിസ്ഥാനമാക്കിയുള്ള നടപടികളും ഇനി തുടരാനാവില്ലെന്നും കോടതിയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
കൂടാതെ പ്രതിചേർക്കപ്പെട്ട സൈനികരെ ഡിപ്പാർട്ട്മെന്റ് തലത്തിൽ അച്ചടക്ക നടപടിക്ക് നിർദേശിക്കണമെന്ന നാഗാലാൻഡ് സർക്കാറിന്റെ ആവശ്യവും സുപ്രീംകോടതി തള്ളി. കേസിൽ ഉൾപ്പെടെയുള്ള 30 സൈനികരും കേസിൽനിന്ന് പൂർണ കുറ്റമുക്തരായി.
2021 ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. കിഴക്കൻ നാഗാലാൻഡിലെ ഒട്ടിങ് ഗ്രാമത്തിൽ റോന്തു ചുറ്റുകയായിരുന്ന സൈനികർ, തീവ്രവാദികൾ സഞ്ചരിക്കുന്ന വാഹനമെന്ന് കരുതി ഒരു പിക്കപ് വാനിനുനേരെ വെടിയുതിർക്കുകയായിരുന്നു. കലാപകാരികളെന്ന് തെറ്റിദ്ധരിച്ച് സൈന്യം നടത്തിയ വെടിവെയ്‌പ്പിൽ ഏഴു കൽക്കരി ഖനി തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.
മരിച്ചവർ തീവ്രവാദികളാണെന്ന് ആരോപിച്ച് ഗ്രാമവാസികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. സംഘർഷത്തിൽ ഒരു പാരാട്രൂപ്പർ കൊല്ലപ്പെട്ടു. തുടർന്ന് സൈന്യം നടത്തിയ തിരിച്ചടിയിൽ ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടു.
ഗ്രാമീണരുടെ പ്രതിഷേധം കനത്തതോടെ 2022 ജൂണിൽ നാഗാലാൻഡ് പൊലീസ് വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ജവാൻ്റെ കൊലപാതകത്തിൽ സൈന്യവും കൗണ്ടർ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
പ്രതിചേർക്കപ്പെട്ട സൈനികരിൽ 21 പേർ സംഘർഷ മേഖലയിൽ പാലിക്കേണ്ട പ്രോട്ടോകോൾ ലംഘിച്ചതായി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നു. സെക്ഷൻ 302 (കൊലപാതകം), സെക്ഷൻ 307 (കൊലപാതകശ്രമം) എന്നീ വകുപ്പുകൾ പ്രകാരം ഇന്ത്യൻ ശിക്ഷാനിയമത്തിന് കീഴിലുള്ള കുറ്റകൃത്യങ്ങൾക്കാണ് 30 സൈനികർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ നാഗാലാൻഡ് പോലീസിലെ റേഞ്ച് ഇൻസ്‌പെക്ടർ ജനറലിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ശിപാർശ ചെയ്‌തത്. കൂടാതെ സെക്ഷൻ 201 (തെളിവ് നശിപ്പിക്കൽ), സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകളും ഉദ്യോഗസ്ഥർക്കെതിരെ ചാർജ് ചെയ്ത അച്ചടക്ക നടപടികൾ ആരംഭിക്കാൻ ശുപാർശ ചെയ്തിരുന്നു.
സൈനികർക്ക് ആശ്വാസമായി വിധി വന്നുവെങ്കിലും നിരപരാധികളുമായ നാഗാ ഗോത്രവർഗ്ഗക്കാർക്കെതിരായ പ്രകോപനമില്ലാതെ നടന്ന ദാരുണമായ സംഭവത്തിൽ നീതി നിഷേധമാണ് നടന്നതെന്നും വിമർശനങ്ങൾ ഉയർന്ന് വരുന്നുണ്ട്.