മാതാപിതാക്കള്‍ പ്രണയം എതിര്‍ത്തു; പൊലീസ് സ്റ്റേഷനില്‍ എസ്.ഐയുടെ കാര്‍മികത്വത്തില്‍ കമിതാക്കള്‍ക്ക് മംഗല്യം

പൊലീസ് സ്റ്റേഷനില്‍ എസ്.ഐയുടെ കാര്‍മികത്വത്തില്‍ കമിതാക്കള്‍ക്ക് മംഗല്യം

Update: 2025-04-06 05:21 GMT

മംഗളൂരു: പോലീസ് സ്‌റ്റേഷനില്‍ കമിതാക്കള്‍ക്ക് വിവാഹം. കര്‍ണാടകയിലെ ചിക്കബെല്ലാപൂര്‍ ജില്ലയിലെ ഷിഡ്‌ലഘട്ട നഗരത്തിലാണ് സംഭവം. മാതാപിതാക്കള്‍ വിവാഹത്തിന് എതിരു നിന്നതോടെയാണ് ഇവര്‍ പോലീസ് സഹായത്തില്‍ വിവാഹിതരായത്. ഷിഡ്‌ലഘട്ട താലൂക്കിലെ ദൊഡ്ഡദാസേനഹള്ളി ഗ്രാമത്തില്‍ നിന്നുള്ള കാര്‍ത്തിക്കും ഷിഡ്‌ലഘട്ട നഗരത്തിലെ അങ്കിതയും കഴിഞ്ഞ ആറ് വര്‍ഷമായി പരസ്പരം പ്രണയത്തിലായിരുന്നു.

എന്നാല്‍ അങ്കിതയുടെ മാതാപിതാക്കള്‍ മറ്റൊരു യുവാവുമായി മകളുടെ വിവാഹം തീരുമാനിച്ചു. ഇക്കാര്യം അങ്കിത കാര്‍ത്തിക്കിനോട് പറഞ്ഞു. രണ്ട് വര്‍ഷം കഴിയാതെ താന്‍ വിവാഹത്തിന് സന്നദ്ധനല്ലെന്നായിരുന്നു കാര്‍ത്തിക്കിന്റെ മറുപടി. തുടര്‍ന്ന് അങ്കിത ഷിഡ്‌ലഘട്ട സിറ്റി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പൊലീസ് യുവാവിന്റെയും യുവതിയുടെയും മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. യുവതിയുടെ അമ്മയും സഹോദര ഭാര്യയും വിവാഹത്തിന് സമ്മതം നല്‍കി. എന്നാല്‍ പിതാവും യുവാവിന്റെ മാതാപിതാക്കളും സമ്മതിച്ചില്ല. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ മഞ്ഞളും കുങ്കുമവും പുരട്ടി താലി കെട്ടി. പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വേണുഗോപാല്‍ പിതാവിന്റെ സ്ഥാനത്ത് നിന്ന് നവദമ്പതികളെ അനുഗ്രഹിച്ചു.

Tags:    

Similar News