വിശന്നുവലഞ്ഞ് ഹോട്ടലിലെത്തി; ഓടിച്ചു വിടുന്നതിന് പകരം ജീവനക്കാർ ആഹാരം നൽകി; ശാന്തനായി കസേരയിലിരുന്ന് മേശപ്പുറത്ത് വിളമ്പിയ ആഹാരം കഴിച്ച് കുരങ്ങൻ; കയ്യടിച്ച് സോഷ്യൽ മീഡിയ; വീഡിയോ കാണാം
ബെംഗളൂരു: വിശന്നുവലഞ്ഞെത്തിയ കുരങ്ങന് മേശയിൽ ഭക്ഷണം വിളമ്പി കർണാടകയിലെ ഹോട്ടൽ ജീവനക്കാർ. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. Pet Adoption Bangalore എന്ന അക്കൗണ്ടിൽ നിന്നാണ് കൗതുകമുണർത്തുന്ന ഈ വീഡിയോ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. ഈ ദിവസത്തിലെ ഏറ്റവും ക്യൂട്ടായിട്ടുള്ള അതിഥി എന്നും പറഞ്ഞാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കർണാടകയിലെ തിരക്കുള്ള ഒരു റെസ്റ്റോറന്റാണ് വീഡിയോയിൽ കാണുന്നത്.
വിശന്നുവലഞ്ഞ ഒരു കുരങ്ങൻ ഹോട്ടലിലെത്തി. എന്നാൽ സാധാരണ നിലയിൽ നിന്നും വ്യത്യസ്തമായിരുന്നു അവിടെ സംഭവിച്ചത്. ഹോട്ടലിലെ ദയയുള്ള ജോലിക്കാർ അവനെ ഓടിക്കുന്നതിന് പകരം അവന് സ്നേഹത്തോടെ ഭക്ഷണം നൽകി. ആ കുരങ്ങൻ ശാന്തനായി അവർ നൽകിയ ഭക്ഷണം ആസ്വദിച്ച് കഴിച്ചു. കുസൃതിയോ ബഹളമോ ഒന്നുമുണ്ടായില്ല, ആ കുഞ്ഞുകണ്ണുകളിൽ വെറും നന്ദി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും പോസ്റ്റിൽ കാണാം. ഹോട്ടൽ ജീവനക്കാർക്ക് സന്തോഷമായിരുന്നു, ദയ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടുത്തുന്നില്ല എന്നും കാപ്ഷനിൽ കാണാം.
വീഡിയോയിൽ വളരെ ശാന്തനായിരുന്നു കൊണ്ട് ഒരു ബഹളവും ഉണ്ടാക്കാതെ കുരങ്ങൻ ഭക്ഷണം കഴിക്കുന്നതാണ് കാണുന്നത്. കുരങ്ങനെയും ആരും ശല്ല്യപ്പെടുത്താനെത്തിയില്ല. സാധാരണഗതിയിൽ ഹോട്ടലിൽ കഴിക്കാനെത്തുന്നവരെ പോലെ കസരേയിൽ ഇരുന്ന് ടേബിളിൽ ഭക്ഷണം വച്ചാണ് കഴിക്കുന്നത്. ചുറ്റുമുള്ളവരെല്ലാം സ്നേഹത്തോടെ അവനെ നോക്കി പുഞ്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
ഒരുപാടുപേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഹോട്ടലുടമയുടെയും ഹോട്ടലിലെ ജീവനക്കാരുടെയും ദയയെ പലരും കമന്റുകളിൽ അഭിനന്ദിച്ചിരിക്കുന്നതും കാണാം. 'അതിശയകരം! കടയുടമയെ ദൈവം അനുഗ്രഹിക്കട്ടെ. ദയ സൗജന്യമാണ്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'വളരെ നല്ലത്. സഹവർത്തിത്വം' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.