വിവാഹാഭ്യർത്ഥന നിരസിച്ചതിൽ വിരോധം; യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി കുത്തികൊലപ്പെടുത്തി; പിന്നാലെ 25കാരൻ ജീവനൊടുക്കി
മംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് അയൽവാസിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ഉഡുപ്പി ബ്രഹ്മാവർ കൊക്കർണെ പൂജാരിബെട്ടുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 24 വയസ്സുള്ള രക്ഷിതയാണ് കൊല്ലപ്പെട്ടത്. 25 വയസ്സുള്ള കാർത്തിക് എന്ന യുവാവിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് കാർത്തിക് രക്ഷിതയെ വഴിയിൽ തടഞ്ഞു നിർത്തി കത്തി ഉപയോഗിച്ച് പലതവണ കുത്തി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ രക്ഷിതയെ മണിപ്പാൽ കെ.എം.സി.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തിന് ശേഷം ഒളിവിൽ പോയ കാർത്തിക്കിനെ രാത്രി എട്ടോടെ സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. രക്ഷിതയുടെ കുടുംബം ഈ ബന്ധത്തെ എതിർത്തിരുന്നുവെന്നും ഇത് ഇരുവരും തമ്മിലുള്ള സംഘർഷങ്ങൾക്ക് കാരണമായെന്നും പോലീസ് സൂചിപ്പിച്ചു. ഉഡുപ്പി ജില്ലാ പോലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ സംഭവസ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.