2023-24 വര്‍ഷത്തില്‍ അമേരിക്കയിലെത്തിയത് 3,31,602 വിദ്യാര്‍ഥികള്‍; യുഎസിലെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ
2023-24 വര്‍ഷത്തില്‍ അമേരിക്കയിലെത്തിയത് 3,31,602 വിദ്യാര്‍ഥികള്‍;
ചെന്നൈ: യു.എസില്‍ ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം ഉയരുന്നു. 2023-24 വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് 3,31,602 വിദ്യാര്‍ഥികളാണ് യു.എസില്‍ പഠിക്കാനെത്തിയത്. ഇതോടെ യുഎസിലെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്നിരിക്കുയാണ് ഇന്ത്യ. മുന്‍വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന ചൈനയില്‍നിന്ന് 2,77,398 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എത്തിയത്. അതേസമയം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുതിച്ചുയര്‍ന്നു.
2009-നുശേഷം ഇതാദ്യമായാണ് യു.എസിലെ വിദേശവിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമതെത്തുന്നത്. യു.എസിലെ വിദേശ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന ഓപ്പണ്‍ ഡോഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം 2022-23 വര്‍ഷം ഇന്ത്യന്‍വിദ്യാര്‍ഥികളുടെ എണ്ണം 2,68,923 ആയിരുന്നു. ഇപ്പോള്‍ 23 ശതമാനം വര്‍ധനയുണ്ടെന്ന് രേഖപ്പെടുത്തുകയായിരുന്നു. ഇതേസമയം, ചൈനയില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ നാല് ശതമാനത്തിന്റെ കുറവുണ്ടായി.
2022-23 വര്‍ഷം 2,89,526 ചൈനീസ് വിദ്യാര്‍ഥികള്‍ യു.എസില്‍ പഠിക്കാനെത്തിയ സ്ഥാനത്ത് 2,77,398 ആയി കുറയുകയായിരുന്നു. യു.എസിലെ ആകെ വിദേശ വിദ്യാര്‍ഥികളില്‍ (11.27 ലക്ഷം) 29 ശതമാനത്തിലേറെ ഇന്ത്യക്കാരാണ്. ഇന്ത്യന്‍വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ പഠിക്കുന്നത് ബിരുദാനന്തര ബിരുദ കോഴ്സുകളിലാണ്. 1.97 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇവിടെ വിവിധ മാസ്റ്റേഴ്സ് ബിരുദത്തിന് പഠിക്കുന്നത്. മുന്‍വര്‍ഷത്തെക്കാള്‍ 19 ശതമാനം വര്‍ധന ഇവരുടെ എണ്ണത്തിലുണ്ടായി.
നൈപുണിവികസനത്തിനുള്ള ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ് (ഒ.പി.ടി.) കോഴ്സുകളില്‍ 97000-ലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നു. മുന്‍വര്‍ഷത്തെക്കാള്‍ 41 ശതമാനം അധികമാണിത്. ബിരുദവിദ്യാര്‍ഥികളുടെ എണ്ണം 13 ശതമാനം വര്‍ധിച്ച് 36,000 ആയി. ഇന്ത്യയില്‍ പഠിക്കുന്ന യു.എസ്. വിദ്യാര്‍ഥികളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ 300-ല്‍നിന്ന് 1,300 ആയി വര്‍ധിക്കുകയായിരുന്നു.