യാത്രയ്ക്കിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ജനാല ഇളകിമാറി; പരിഭ്രാന്തരായി യാത്രക്കാര്‍: സുരക്ഷയെ ബാധിച്ചിട്ടില്ലെന്ന് കമ്പനി
യാത്രയ്ക്കിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ജനാല ഇളകിമാറി; പരിഭ്രാന്തരായി യാത്രക്കാര്‍
മുംബൈ: യാത്രയ്ക്കിടെ വിമാനത്തിന്റെ ജനാല ഇളകിമാറി. ചൊവ്വാഴ്ച ഗോവയില്‍നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന സ്‌പൈസ്‌ജെറ്റിന്റെ എസ്ജി1080 വിമാനത്തിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ജനാലയുടെ ഫ്രെയിം ഇളകിയതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. എന്നാല്‍ യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും മുംബൈയില്‍ എത്തിയ ഉടന്‍ പ്രശ്‌നം പരിഹരിച്ചെന്നും സ്‌പൈസ്‌ജെറ്റ് അറിയിച്ചു.
'സ്‌പൈസ്‌ജെറ്റിന്റെ ക്യു400 വിമാനങ്ങളില്‍ ഒന്നിന്റെ കോസ്‌മെറ്റിക് ജനാല അയഞ്ഞ് ഇളകിയ സംഭവമുണ്ടായിട്ടുണ്ട്. തണലിനായി ജനാലയില്‍ ഘടിപ്പിച്ചിട്ടുള്ള ഫ്രെയിം മാത്രമാണ് ഇതെന്നതിനാല്‍ വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല'സ്‌പൈസ്‌ജെറ്റ് പ്രസ്താവനയില്‍ പറഞ്ഞു.