മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; ജമ്മു കശ്മീരിലെ പ്രധാന റോഡുകള്‍ അടച്ചു; കുടുങ്ങി കിടക്കുന്നത് നൂറുകണക്കിന് വാഹനങ്ങള്‍
ശ്രീനഗര്‍: പ്രധാന റോഡുകളില്‍ വന്‍തോതിലുള്ള മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും മൂലം ജമ്മു കശ്മീരില്‍ ഗതാഗതം തടസ്സപ്പെട്ടു. ഒരാഴ്ചയായി അടച്ചിട്ട ശേഷം ഞായറാഴ്ച ഭാഗികമായി തുറന്ന ഹൈവേയില്‍ ട്രക്കുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളും കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ മണ്ണിടിച്ചിലിലും മേഘവിസ്‌ഫോടനത്തിലും കശ്മീരില്‍ 170ലധികം പേര്‍ മരിച്ചു. കനത്ത മഴയെ നിരവധിയാളുകളാണ് കുടുങ്ങി കിടക്കുന്നത്. രജൗരിയില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. ശ്രീനഗര്‍-ജമ്മു ദേശീയ പാത ഉള്‍പ്പെടെയുള്ള പ്രധാന റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജമ്മു കശ്മീരിലെ മിക്ക ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ഇത് പല സ്ഥലങ്ങളിലും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. തുടര്‍ച്ചയായ മഴയെത്തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേര്‍ന്നു. സംവിധാനങ്ങള്‍ പുനസ്ഥാപിക്കാനായി ശ്രമം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
വെള്ളത്തിനടിയിലായ പ്രദേശങ്ങളില്‍ നിന്ന് നിരവധി പേരെ ഒഴിപ്പിക്കുകയാണ്. ജമ്മു കശ്മീര്‍ പൊലീസ്, എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, സൈന്യം എന്നിവരുടെ നേതൃത്വത്തിലാണ് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. നദികള്‍ കവിഞ്ഞൊഴുകിയും, മലയിടിഞ്ഞ് ഉരുള്‍പൊട്ടിയുമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായത്. മേഖലയിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയും അപകട നിലയിലെത്തുകയും ചെയ്തിട്ടുണ്ട്.