കാണാനില്ലെന്ന് പരാതി; അന്വേഷണത്തില്‍ അന്‍പതുകാരനെ കൊന്ന് വെട്ടിനുറുക്കി പെട്ടിയിലാക്കിയ നിലയില്‍; മൃതദേഹം കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടിലെ പെട്ടിക്കുള്ളില്‍ നിന്നും

അന്‍പതുകാരനെ കൊന്ന് വെട്ടിനുറുക്കി പെട്ടിയിലാക്കിയ നിലയില്‍

Update: 2025-09-23 00:23 GMT

ലക്‌നൗ: കാണാതായെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 50 വയസ്സുകാരന്റെ മൃതദേഹം അയല്‍വാസിയുടെ വീട്ടിലെ പെട്ടിയില്‍ നിന്ന് കണ്ടെത്തി. ജുജാര്‍ സിങ് എന്നയാളുടെ മൃതദേഹമാണ് കഷണങ്ങളാക്കി മുറിച്ച നിലയില്‍ അയല്‍വാസിയുടെ വീട്ടിലെ പെട്ടിക്കുള്ളില്‍ നിന്നും കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ എറ്റ ജില്ലയിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരം മുതല്‍ ജുജാര്‍ സിങ്ങിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് കുടുംബം പോലിസില്‍ പരാതി നല്‍കി. ഇതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജുജാര്‍ സിങ്ങിന്റെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ അയല്‍വാസിയായ ഇന്ദ്രപാല്‍ സിങ്ങിന്റെ വീടാണ് ലൊക്കേഷന്‍ കാണിച്ചത്. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധനയ്ക്ക് എത്തി. വീട്ടിലും പരിസരത്തുമായി പരിശോധന നടത്തവെ വീടിനുള്ളില്‍ ഒളിപ്പിച്ച വലിയ പെട്ടിയില്‍ നിന്ന് ജുജാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതേത്തുടന്ന് ഇന്ദ്രപാല്‍ സിങ്ങിന്റെ കുടുംബം ഓടി രക്ഷപ്പെട്ടുവെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

സംഭവം പ്രദേശത്താകെ പരിഭ്രാന്തി സൃഷ്ടിക്കുകയും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും കൊലപാതകത്തിനു പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    

Similar News